നാട്ടിലെത്തിയ കാട്ടാനക്കൂട്ടത്തിലെ കിണറ്റില്‍ വീണ കുട്ടിക്കൊമ്പനെ രക്ഷിച്ച നാട്ടുകാര്‍ക്ക് തുമ്പിക്കൈ പൊക്കി നന്ദി പറഞ്ഞ് തള്ളയാന!
നാട്ടിലെത്തിയ കാട്ടാനക്കൂട്ടത്തിലെ ഒരു കുട്ടിക്കൊമ്പന്‍ കിണറ്റില്‍ വീണു. അപകടത്തില്‍പെട്ട കുട്ടിക്കു കാവല്‍നിന്നതു പത്ത് ആനകള്‍. ഒടുവില്‍, ''മകനെ'' രക്ഷിച്ച നാട്ടുകാര്‍ക്കും വനപാലകര്‍ക്കും തുമ്പിക്കൈ ഉയര്‍ത്തി തള്ളയാനയുടെ വക അഭിവാദ്യം!
ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് ഉരുളന്‍തണ്ണി ഒന്നാംപാറയില്‍ കിളിരൂര്‍ ജോമോന്റെ പറമ്പിലെ മൂന്നടി താഴ്ചയുള്ള കിണറ്റില്‍ ആനക്കുട്ടി വീണത്. തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ആട്ടിക്കളം പ്ലാന്റേഷനില്‍നിന്നാണ് ആനക്കൂട്ടമെത്തിയത്. കുട്ടിക്കൊമ്പന്‍ കിണറ്റില്‍ വീണതോടെ ആനക്കൂട്ടം തൊട്ടടുത്ത പ്ലാന്റേഷനില്‍ നിലയുറപ്പിച്ചു.
വാച്ചര്‍മാരായ ജയനും സുനിയും വിവരമറിയിച്ചതിനേത്തുടര്‍ന്ന് ഇന്നലെ രാവിലെ മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ വനപാലകരും പോലീസും നാട്ടുകാരും ചേര്‍ന്ന് കുട്ടിക്കൊമ്പനെ കരയ്ക്കു കയറ്റിവിട്ടു. കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ ആനക്കൂട്ടം തോടു നീന്തിയെത്തിയതു കൗതുകക്കാഴ്ചയായി.
ആനകള്‍ തോടു നീന്തി പാഞ്ഞടുത്തതു കൂടിനിന്നവരെ പരിഭ്രാന്തരാക്കി. മടക്കയാത്രയ്ക്കിടെയാണു തള്ളയാന തിരിഞ്ഞുനിന്ന് തുമ്പിക്കൈയുയര്‍ത്തി, നന്ദിപ്രകടനമെന്നോണം ആള്‍ക്കൂട്ടത്തെ അഭിവാദ്യം ചെയ്തത്. പൊക്കം കുറഞ്ഞ തെങ്ങില്‍നിന്നു കരിക്കും ഓലയും പറിച്ച് കുഞ്ഞിനു കൊടുക്കാനും തള്ളയാന മറന്നില്ല.
ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ്. രാജന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.പി. റോയി, എസ്.എഫ്.ഒ: ടോം ഫ്രാന്‍സിസ്, ബി.എഫ്.ഒ: ജോബിന്‍ ജോണ്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ബിനേഷ്, സിജു, എ.എ. തോമസ്, എം.എം. ചാക്കോച്ചന്‍, ജയന്‍, സുനി, ബേബി, എസ്.ഐ: ബിജുകുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha