ലോറന്‍സ് ഇനി ചീഫ് മൗസര്‍!
അബ്ഡൗണിലെ ലോറന്‍സ് കുറച്ചു ദിവസങ്ങളായി ടോം ആന്‍ഡ് ജെറി കണ്ട് ചില മാരകതന്ത്രങ്ങളൊക്കെ പഠിച്ചുകൊണ്ടിരിക്കുകയാണ്! കിട്ടിയിരിക്കുന്ന പദവി അത്ര ചെറുതല്ലല്ലോ. ആരാണീ ലോറന്‍സ് എന്നാണോ? ജോര്‍ദാനിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി അംബാസഡര്‍ ലോറാ ഡോബന്‍ ദത്തെടുത്ത പൂച്ചയാണ്.
കിട്ടിയിരിക്കുന്ന പദവിയോ? ഏതു പൂച്ചയും കൊതിച്ചു പോകുന്ന, ബ്രിട്ടീഷ് എംബസിയിലെ 'ചീഫ് മൗസര്‍' പദവിയും (എലിപിടിത്തം)! എന്തുതന്നെയായാലും കിട്ടിയിരിക്കുന്നത് മിലിട്ടറി പദവിയാണ്. ഇതിനോടകം ട്വിറ്ററിലും ലോറന്‍സ് താരമായിക്കഴിഞ്ഞതിനാല്‍, പിടിക്കേണ്ട മൗസുകളുടെ കൂട്ടത്തില്‍ കമ്പ്യൂട്ടറിന്റെ മൗസും ഉള്‍പ്പെടും!
എലിവേല കഴിഞ്ഞു ബാക്കിവരുന്ന സമയത്ത് ട്വിറ്ററിലെ തന്റെ 57,000 ഫോളോവേഴ്‌സിനു മുന്നിലും ലോറന്‍സിന് എത്തിയേ പറ്റൂ. ഈയിടെയായി തടിയാ വിളി കുറച്ചു കേള്‍ക്കുന്നുമുണ്ട്. പദവി ഏറ്റെങ്കിലും ബ്രിട്ടീഷ് എംബസിയില്‍ ശത്രുക്കളുടെ കുറവുമൂലം മേലനങ്ങാന്‍ അവസരം കിട്ടുന്നില്ലത്രേ.
ഒന്നാം ലോകമഹായുദ്ധകാലത്ത് അറബ് രാജ്യങ്ങളെ തുണച്ച് ഒട്ടോമന്‍ ചക്രവര്‍ത്തിയോടു യുദ്ധം ചെയ്ത ബ്രിട്ടീഷ് മിലിട്ടറി ഓഫീസര്‍ ടി.ഇ. ലോറന്‍സിന്റെ ഓര്‍മയ്ക്കായാണ് ചീഫ് മൗസര്‍ക്ക് ലോറന്‍സ് എന്നു പേരിട്ടത്. നാട്ടിലുള്ള സകലമാന പൂച്ചകളുടെയും 'മുറുമുറുപ്പ്', അസൂയാദികള്‍ ശ്രദ്ധിക്കാതെ ലോറന്‍സ് വിലസുകയാണ്.
https://www.facebook.com/Malayalivartha