നിറങ്ങള്‍ക്ക് മണമുണ്ടെന്നറിയാമോ...? ദീപ്തി പറഞ്ഞുതരും!
നീല, പച്ച, മഞ്ഞ, വയലറ്റ്, ഇന്‍ഡിഗോ, പിങ്ക് തുടങ്ങിയ വിവിധ നിറങ്ങള്‍ കാണുവാന്‍ നല്ല ഭംഗിയാണ്. ഭംഗിയോടെ അടുക്കിവച്ചിരിക്കുന്ന വിവിധ നിറങ്ങളിലുള്ള വസ്തുക്കളില്‍ നിന്ന് കണ്ണെടുക്കാനേ തോന്നില്ല അല്ലേ? ഇങ്ങനെ നിറങ്ങളെ സ്‌നേഹിക്കുന്ന നിങ്ങള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഈ നിറങ്ങളുടെ മണം എന്തായിരിക്കുമെന്ന്? ഈ നിറങ്ങള്‍ക്കെല്ലാം എന്താകും രുചി ? ഇതെന്തു വട്ടാ എന്നു ചിന്തിക്കാന്‍ വരട്ടെ... ഇതിനെല്ലാമുള്ള ഉത്തരം ദീപ്തി റെഗ്മി എന്ന നേപ്പാളി പെണ്‍കുട്ടിയുടെ കൈയിലുണ്ട്.
നേപ്പാളിലെ പതിനൊന്നുകാരിയായ ഈ പെണ്‍കുട്ടിക്ക് നിറങ്ങളുടെ എല്ലാം ഗന്ധം അറിയാന്‍ സാധിക്കും. ഔദ്യോഗികമായി നിര്‍ണയിക്കപ്പെട്ടിട്ടില്ലെങ്കിലും സിനസ്തീഷ്യ (synaesthesia)) എന്ന അപൂര്‍വാവസ്ഥ ബാധിച്ചതിനാലാണ് ഇതു സാധ്യമാകുന്നത്.
ഇന്ദ്രിയങ്ങള്‍ക്ക് ഗന്ധമറിയാനും രുചി നോക്കാനും എന്തിനേറെ നിറങ്ങളെ കേള്‍ക്കാനും കഴിയുന്ന അവസ്ഥയാണിത്. ഉയര്‍ന്ന ഇന്ദ്രീയാവബോധം ഉള്ളവര്‍ക്കാണ് ഇത് സാധ്യമാകുന്നതെന്ന് ഡെയിലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കണ്ണുമൂടിക്കെട്ടിയ ശേഷം മണത്തു നോക്കി ഓരോ നിറങ്ങളെയും പെണ്‍കുട്ടി തിരിച്ചറിയുന്നു. ദിനപത്രത്തിലെ താളുകളിലെ നിറങ്ങളെപ്പോലും തിരിച്ചറിയാന്‍ ദീപ്തിക്ക് സാധിക്കുന്നു. ഈശ്വരന്റെ വരദാനമാണ് തന്റെ ഈ കഴിവ് എന്ന് ഇവള്‍ വിശ്വസിക്കുന്നു. കാഴ്ചയില്ലാത്ത ആളുകളെ സഹായിക്കാന്‍ തന്റെ ഈ കഴിവ് പ്രയോജനപ്പെടുത്തണം എന്നാണ് ദീപ്തി ആഗ്രഹിക്കുന്നത്.
ഇംഗ്ലണ്ടിലെ മഞ്ചസ്റ്ററില്‍ നിന്നുള്ള ജെയിംസ് വാന്നര്‍ടണിനും വിചിത്രമായ ഒരു കഴിവുള്ളതായി റിപ്പോര്‍ട്ടുണ്ട്. ശബ്ദങ്ങളുടെ ഗന്ധം അറിയാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.
ഈ അവസ്ഥ ജയിംസിന് മറ്റുള്ളവരുമായുള്ള ബന്ധത്തെയും ബാധിച്ചു. ഇത് എങ്ങനെയെന്നല്ലെ? ഒരു പേരു കേള്‍ക്കുമ്പോഴെ ചീത്ത രുചി അദ്ദേഹത്തിന്റെ നാവിലറിയും. പിന്നീട് ഈ ആളുടെ അടുത്തു പോകാന്‍ ജയിംസിനു സാധിക്കില്ല.
https://www.facebook.com/Malayalivartha