എഴുത്തിനോടും അതിലേറെ പേനകളോടുള്ള പ്രണയവുമായി സമീര്‍
ഏതൊരു പേന കണ്ടാലും അതിനെയൊന്ന് പ്രണയിക്കാന്‍ നോക്കും മുക്കത്തുകാരന്‍ സമീര്‍. പ്രണയം തുടങ്ങിയാല്‍ പിന്നെ അതിനെ സ്വന്തമാക്കാനുള്ള പ്രയത് നത്തിലാവും. അങ്ങനെ പേനകളെ പ്രണയിച്ച് സമീറിന്റെ വീട്ടിലിപ്പോള്‍ പേനകള്‍ക്കിരിക്കാന്‍ സ്ഥലമില്ലാതായി. തന്റെ കുറവുകള്‍ക്കിടയിലും സമീര്‍ അത്രമേല്‍ സ്‌നേഹിക്കുന്നുണ്ട് പേനകളെയും എഴുത്തിനെയും പുസ്തകങ്ങളെയും!
എഴുത്തിനോട് തോന്നിയ പ്രേമം വാക്കുകളില്‍ തീര്‍ക്കാനാകാതെ വിഷമിച്ച ഈ കലാകരന്‍ പേനകള്‍ കൊണ്ട് തീര്‍ത്തത് എഴുത്തിന്റെ ഒരു ചരിത്രം തന്നെയായിരുന്നു. മനസില്‍ തോന്നിത്തുടങ്ങിയ തൂലിക പ്രേമത്തില്‍ സമീര്‍ മുക്കം കോര്‍ത്തിണക്കിയത് 50000 ലധികം പേനകള്‍.
തിരൂര്‍ മലയാള സര്‍വ്വകലാശാലയില്‍ ഭിന്നശേഷിക്കാരുടെ ദ്വിദിന ക്യാമ്പ് 'വരം 2017 ' ന്റെ ഭാഗമായി സംഘടിപ്പിച്ച എക്‌സിബിഷനിലാണ് പേനകളുടെ ശേഖരവുമായി സമീര്‍ എത്തിയത്.
ഇടതുകാലിന് ശേഷിക്കുറവുള്ള അദ്ദേഹത്തിന് ഒട്ടേറേ സ്വപ്നങ്ങളുണ്ടായിരുന്നു. മുക്കത്ത് സ്ഥിരതാമസക്കാരനാണെങ്കിലും പരപ്പനങ്ങാടിയാണ് സ്വദേശം. സമീറിന് വായന ഒരുപാടിഷ്ടമാണ്. നാട്ടില്‍ ഒരുകുഞ്ഞ് ലൈബ്രറിയുണ്ട്. ഒരുപാടെഴുതണമെന്നുണ്ട.് ചെറുകഥകളൊക്കെ എഴുതാറുമുണ്ട്.
എഴുത്തെന്നുവെച്ചാല്‍ ജീവനാണ്. എഴുത്തുകാരോടെന്നാല്‍ അതിനേക്കാളേറെ ആരാധനയും. ആ സ്‌നേഹം സമീര്‍ പ്രകടിപ്പിച്ചത് എഴുത്തുകാരുടെ പേനകള്‍ സ്വന്തമാക്കിയായിരുന്നു. എം.ടി, പി.കെ. ഗോപി, സാറാജോസഫ്, സി.രാധാകൃഷണന്‍, സുഭാഷ് ചന്ദ്രന്‍ തുടങ്ങി നൂറുകണക്കിന് എഴുത്തുകാരുടെ പേനകളാണ് അങ്ങനെ സമീര്‍ സ്വന്തമാക്കിയത്
ആ ശേഖരം ഇവിടെയും തീര്‍ന്നില്ല. ആരുവന്നാലും അവരില്‍ നിന്ന് ഒരു പേന വാങ്ങി സൂക്ഷിക്കുന്നതും ശീലമാക്കി. ഇപ്പോള്‍ വീട്ടില്‍ പേനകള്‍ക്കിരിക്കാന്‍ പോലും ഇടമില്ലാതായിരിക്കുകയാണ്. പേനകളെ കൗതുകമുള്ള രീതിയില്‍ അലങ്കരിക്കുന്നതും സമീറിന് ഇഷ്ടമാണ്.
പേനകളില്‍ ഒരു ചരിത്രത്തിന്റെ കഥകൂടിയാണ് സമീറിന് പറയാനുള്ളത്. മനുഷ്യന്റെ ആദ്യ എഴുത്തുപകരണമെന്ന് പറയാവുന്ന മരവൂരി അഥവ മരയൂരി മുതല്‍ ലേറ്റസ്റ്റ് പേനകള്‍ വരെയുണ്ട് സമീറിന്റെ കൈയ്യില്‍.
കോലെഴുത്ത്, പിഞ്ഞാണെഴുത്ത് പേന, മുള്ളന്‍പന്നിയുടെ മുള്ളുകള്‍ കൊണ്ടുള്ള പേനകള്‍,ലോഹപ്പേനകള്‍, മരപ്പേനകള്‍, മഷിപ്പേന, സ്‌റ്റെന്‍ ്‌സില്‍ പേന എന്നിങ്ങനെ നീളും ആ ശേഖരം. ഓരോ കാലഘട്ടത്തിലും ഉപയോഗിച്ചിരുന്ന പേനകള്‍ പലയിടത്തു നിന്നും വാങ്ങിസൂക്ഷിച്ചിട്ടുണ്ട് ഇദ്ദേഹം. അവയെല്ലാം കാണിക്കുമ്പോള്‍ എഴുത്തിന്റെ ചരിത്രവും ഒപ്പം ഒരു കാലഘട്ടത്തെയും പരിചയപ്പെടുത്തുന്നു.
കേവലം എഴുത്തുകാരില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ പേന പ്രേമം. ഉപയോഗം കഴിഞ്ഞ് ആളുകള്‍ ഉപേക്ഷിച്ച പേനകള്‍ എടുത്തുസൂക്ഷിക്കുന്നതും പതിവാക്കി. സ്‌കൂളുകളില്‍ നിന്ന് കുട്ടികള്‍ കളയുന്ന പേനകള്‍ അധികൃരോട് പറഞ്ഞ് പോയി വാങ്ങിവെക്കാറുമുണ്ട്. പേന പ്രേമത്തിന്റെ കഥയറിഞ്ഞ് പലരും ഇദ്ദേഹത്തിന് പേന സമ്മാനിക്കാന്‍ വരാറുണ്ട്. വ്യത്യസ്തമായ പേനകള്‍ ഇനിയും കണ്ടത്താനുള്ള ശ്രമത്തിലാണ് സമീര്‍.
https://www.facebook.com/Malayalivartha