സെന്റ് ഹെലെന ദ്വീപില്‍ ഇപ്പോഴും ജൊനഥന്‍ തന്നെ താരം!
ബ്രിട്ടണിലെ ഒരു ഒറ്റപ്പെട്ട ദ്വീപാണ് സെന്റ് ഹെലെന. വളരെ ചെറിയ ഈ ദ്വീപിലേക്ക് എത്തുന്ന ആളുകളുടെ ബാഹുല്യം നിമിത്തം ഇവിടേക്ക് എത്താന്‍ തൊട്ടടുത്തുള്ള മറ്റൊരു ദ്വീപില്‍ ഒരു വിമാനത്താവളംപോലും ഈയിടെ തുടങ്ങിയിരുന്നു. അതും ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഒത്ത നടുവില്‍. എന്താണ് ആളുകള്‍ ഈ ചെറിയ ദ്വീപിലേക്ക് ഒഴുകി എത്തുന്നതെന്നല്ലേ...?
ഇവിടെ സുഖവാസം നടത്തുന്ന ഒരു വിഐപിയെ കാണാനാണ് ഈ ആളുകളൊക്കെ എത്തുന്നത്. ജൊനഥന്‍ എന്ന ഭീമന്‍ ആമയാണ് ഈ വിഐപി. ഈ വിഐപിയെ കാണുമ്പോള്‍ ഇവിടെയെത്തുന്നവരെല്ലാം എഴുന്നേറ്റുനിന്ന് ബഹുമാനിക്കണം. കാരണം പ്രായംകൊണ്ട് ഇവിടെയെത്തുന്ന ഏവരുടെയും കാരണവരാണ് ഈ ആമ.
185 വയസ് പ്രായമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ജൊനഥന്‍ആമ കരയിലെ ഏറ്റവും പ്രായമുള്ള ജീവിയാണ്. കാരറ്റും, കാബേജും, വെള്ളരിയും ആപ്പിളുമൊക്കെ തിന്ന് ദ്വീപിലൂടെ സ്ലോ മോഷനില്‍ നടക്കുന്ന ജൊനഥന്‍ ഒരു കാഴ്ച തന്നെയാണ്. ദ്വീപിലെ അഞ്ച് പെനി നാണയത്തിലും, സ്റ്റാമ്പിലുമൊക്കെ ജൊനഥന്‍ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എടുക്കപ്പെട്ടതെന്ന് കരുതുന്ന യുദ്ധത്തടവുകാരുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ ജൊനഥനുണ്ടായിരുന്നു.
ഈ ദ്വീപിലെ ഏറ്റവും പ്രശസ്തനായ ഈ അന്തേവാസിക്ക് സ്വന്തമായി പാചകക്കാരനും ഡോക്ടറുമൊക്കെയുണ്ട്.
ജൊനഥന്‍ എങ്ങനെ സെന്റ് ഹെലെനയില്‍ എത്തിയെന്നോ ഏതു വര്‍ഷം എത്തിയെന്നോ എന്നതിനെ സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ ഒരു ഉത്തരം ഇല്ല. എന്നാല്‍ നെപ്പോളിയന്റെ മരണശേഷമാണ് ജൊനഥന്‍ ഇവിടെ എത്തിയതെന്നാണ് പൊതുവെയുള്ള ധാരണ.
ചെറുപ്പത്തില്‍ മഹാ കുറുമ്പനായിരുന്നു ജൊനഥന്‍. എന്നാല്‍ ഇപ്പോള്‍ പ്രായാധിക്യം കാരണം കാഴ്ചശക്തിയും മണം തിരിച്ചറിയാനുള്ള ശക്തിയും നഷ്ടപ്പെട്ടിരിക്കുകയാണ്. സാധാരണ ആമകളുടെ ആയുര്‍ദൈര്‍ഘ്യം 150 വയസാണ്. സെന്റ് ഹെലെനയിലെ സുഖാന്തരീക്ഷമാണ് ജൊനഥന്റെ ആയുസ് വര്‍ധിപ്പിക്കുന്നതെന്നാണ് ഡോക്ടര്‍ പറയുന്നത്.
ഈ പ്രായത്തിലും പെണ്‍ആമകളോട് കൂട്ടുകൂടാനാണത്രേ ജൊനഥന് ഇഷ്ടം. വെറും 49 വയസുള്ള എമ്മ എന്ന ആമയാണ് ജൊനഥന്റെ ഇപ്പോഴത്തെ ഗേള്‍ഫ്രണ്ട്.
https://www.facebook.com/Malayalivartha