'തുമ്പന്' പരിക്കേറ്റപ്പോള്‍ സാന്ത്വനമായത് വെറ്ററിനറി കേന്ദ്രത്തിലെ ചികിത്സ
അത്യാഹിത വിഭാഗത്തിലേക്ക് വരാന്‍ തുമ്പന് ആദ്യം മടിയായിരുന്നു. ജീവനക്കാര്‍ പഠിച്ചപണി പതിനെട്ടും നോക്കി. ഒടുവില്‍ സ്വാമിനി കൃപയുടെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധത്തിന് അവന്‍ കീഴടങ്ങി. ആ കൈകളില്‍ കയറി വരുമ്പോഴേക്കും തുമ്പനായി ഓപ്പറേഷന്‍ തിയേറ്റര്‍ സജ്ജമാക്കിക്കഴിഞ്ഞിരുന്നു ഡോക്ടര്‍മാര്‍.
തുമ്പന്‍ മാതാ അമൃതാനന്ദമയി മഠത്തിലെ വളര്‍ത്തുനായയാണ്. മഠത്തിന്റെ മുറ്റത്തുനിന്ന തുമ്പനെ പുറത്തുനിന്നെത്തിയ രണ്ടു തെരുവുനായ്ക്കള്‍ ആക്രമിച്ചു. സ്വാമിനി കൃപ ഓടിയെത്തിയപ്പോഴേക്കും തുമ്പനെ മുറവേല്‍പ്പിച്ച് തെരുവുനായ്ക്കള്‍ മറഞ്ഞു. തുടയ്ക്കുമുകളിലും നെഞ്ചിലും സാരമായി പരിക്കേറ്റ് ചോരവാര്‍ന്ന തുമ്പനെ ആംബുലന്‍സില്‍ അപ്പോള്‍ത്തന്നെ ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ചു.
സീനിയര്‍ വെറ്ററിനറി സര്‍ജന്മാരായ ഡോ. ഡി.ഷൈന്‍കുമാര്‍, ഡോ. ബി.അജിത് ബാബു എന്നിവരുടെ നേതൃത്വത്തില്‍ തുമ്പന് രക്തസ്രാവം നിലയ്ക്കാനുള്ള മരുന്നുകള്‍ നല്‍കി. രക്തക്കുഴലുകള്‍ പൊട്ടിയ ഇടങ്ങളില്‍ ചെറുതുന്നലും വേണ്ടിവന്നു. മുറിവുകള്‍ കഴുകി ലേപനങ്ങള്‍ പുരട്ടി. മയക്കാന്‍ മരുന്നുകള്‍ നല്‍കിയശേഷമായിരുന്നു ചികിത്സ. അരമണിക്കൂറിനുള്ളില്‍ മയക്കംവിട്ടുണര്‍ന്ന തുമ്പന്‍ തിയേറ്റര്‍ കണ്ട് പകച്ചു. കൃപയുടെ കൈകളില്‍ ചാടികയറി മഠത്തിന്റെ വണ്ടിയിലേക്ക് കയറി.
നേരത്തെയും തുമ്പന് ഇതുപോലെ അപകടങ്ങള്‍ പറ്റിയിട്ടുണ്ട്. മഠത്തിലെ ആനയായ ലക്ഷ്മി തുമ്പനെ തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞിട്ടുണ്ട്. വലിയ പരിക്കൊന്നുമില്ലാതെ തുമ്പന്‍ അന്ന് രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha