ബുര്‍ജ് ഖലീഫയില്‍ നിന്ന് ലോകം കാണാനുള്ള ഇളവ് ദുബായ് മെട്രോ യാത്രക്കാര്‍ക്ക് മാത്രം!
ഇനി വെറും 65 ദിര്‍ഹം മതി ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറി നിന്ന് ലോകം കാണാന്‍. നിങ്ങള്‍ ഒരു ദുബായ് മെട്രോ യാത്രക്കാരനാണെങ്കിലേ ഈ ഇളവ് ഉണ്ടാവുകയുള്ളൂ. ബുര്‍ജ്ജ് ഖലീഫ ഉടമകളായ എമാര്‍ പ്രോപ്പര്‍ട്ടീസും ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്നാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
ബുര്‍ജ്ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ കയറാന്‍ എല്ലാ ദുബായ് പൗരന്മാര്‍ക്കും അവസരം നല്‍കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. എമിറേറ്റ്‌സ് തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് നേരത്തെ 125 ദിര്‍ഹമായിരുന്നു ഇതിനുള്ള ചാര്‍ജ്ജ്.
ഇളവിനുള്ള കൂപ്പണുകള്‍ ദുബായ് മെട്രോയുടെ 47 സ്‌റ്റേഷനുകളിലും ലഭ്യമാകും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇളവ് ലഭിക്കും. 124, 125 ലെവലുകള്‍ സന്ദര്‍ശിക്കാനും നഗരവും അതിനപ്പുറപ്പുവുമുള്ള കാഴ്ചകള്‍ കാണാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ടാകും.
ദുബായ് മെട്രോയില്‍ നിന്നും ലഭിക്കുന്ന കൂപ്പണുകള്‍ ദുബായ് മാളിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന അറ്റ് ദ ടോപ്പ്, ബുര്‍ജ് ഖലീഫ കൗണ്ടറുകളില്‍ കാണിക്കണം. അവിടെയും എമിറേറ്റ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിക്കേണ്ടി വരും.
പതിനായിരക്കണക്കിന് വരുന്ന ദുബായ് മെട്രോ യാത്രക്കാര്‍ക്കും ദുബായ് മെട്രോയിലൂടെ ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കാനുള്ള അവസരം ലഭിക്കുന്ന പൊതുജനങ്ങള്‍ക്കും പദ്ധതി പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
അറ്റ് ദ ടോപ്പ് ബുര്‍ജ് ഖലീഫയുടെ 125-ാം ലെവല്‍ അറബ് കലകളുടെയും സംസ്‌കാരത്തിന്റെയും പ്രദര്‍ശനവേദിയാണ്. ഇവിടെ നിന്നുകൊണ്ട് നഗരത്തെ 360 ഡിഗ്രി കോണില്‍ വീക്ഷിക്കാനാവും.
https://www.facebook.com/Malayalivartha