ഇന്ത്യയില്‍ നായ്ക്കള്‍ക്ക് വേണ്ടിയും ഇനി ലക്ഷ്വറി ഹോട്ടല്‍!
നായ്ക്കള്‍ക്കായുള്ള ആദ്യ ലക്ഷ്വറി ഹോട്ടല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗുഡ്ഗാവിലാണ് ഉടമകള്‍ക്ക് തങ്ങളുടെ വളര്ത്തുനായ്ക്കളെ സംരക്ഷിക്കാനാവുന്ന ഹോട്ടല്‍ തുടങ്ങിയത്. നായ്ക്കള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.
നായ്ക്കള്‍ക്കായി ദക്ഷിണേഷ്യയിലെ ആദ്യ ലക്ഷ്വറി ഹോട്ടല്‍ എന്ന ഖ്യാതിയുമായി പ്രവര്ത്തനമാരംഭിച്ച ഇവിടെ ഒരു ദിവസത്തെ സംരക്ഷണത്തിന് 70 ഡോളറാണ് (4,500 രൂപ) നല്‍കേണ്ടത്. ശ്വാനന്മാര്‍ക്ക് വെല്‍വെറ്റ് ബെഡുകള്‍, സ്പാ പരിചരണം, 24 മണിക്കൂറും വെറ്ററിനറി ഡോക്ടറുടെ ശ്രദ്ധ എന്നിവയുണ്ട്.
ബെല്‍ജിയത്തില്‍ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്ത ആല്‍ക്കഹോളില്ലാത്ത ബിയറും ശ്വാനവീരന്മാര്‍ക്ക് ലഭിക്കും. ഇതുകൂടാതെ നായ്ക്കള്‍ക്കായി നീന്തല്‍ക്കുളം, എണ്ണ ഉപയോഗിച്ച് ആയുര്‍വേദ തിരുമ്മുചികിത്സ തുടങ്ങിയവയുമുണ്ട്.
നല്ലൊരു നായപ്രേമിയായ ഉടമ ഒരിക്കലും തന്റെ നായയെ ഒരു സാധാരണ ഹോസ്റ്റല്‍ സംവിധാനമുള്ളിടത്ത് കൊണ്ടുപോയി പാര്‍പ്പിക്കാന്‍ ഇഷ്ടപ്പെടില്ല.
അതുകൊണ്ടുതന്നെയാണ് ഇന്ത്യയില്‍ ഇത്തരത്തിലൊരു സ്ഥാപനം തുടങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പെറ്റ് ഹോട്ടല്‍ ഉടമയും സിഇഒയുമായ ദീപക് ചൗള പറയുന്നു.
ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന മൃഗസ്‌നേഹികളുടെ എണ്ണമാണ് ഇത്തരത്തിലൊരു തീരുമാനത്തിനു പിന്നില്‍.
2002-ലെ കണക്കനുസരിച്ച് 20 ലക്ഷം നായ്ക്കളായിരുന്നു വീടുകളില്‍ വളര്‍ത്തിയിരുന്നതെങ്കില്‍ 2016-ല്‍ അത് 1.5 കോടിയായി ഉയര്‍ന്നിട്ടുണ്ട്. 2021 ആകുമ്പോഴേക്കും ഇത് 2.6 കോടിയായി ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha