തന്റെ ചെരിപ്പ്തിന്നതിന് അയല്‍ക്കാരന്‍ കോലയുടെ പാദം വെട്ടിമാറ്റി; പക്ഷേ കാലുകളില്ലെങ്കിലും ഇപ്പോള്‍ കോല ഓടും..!
ശാരീരിക വൈകല്യത്തെ സ്വന്തം മനക്കരുത്തുകൊണ്ട് തോല്‍പ്പിച്ച ചില അസാധാരണ വ്യക്തിത്വങ്ങളെക്കുറിച്ച് വായിച്ചും നേരിട്ടു കണ്ടും പലപ്പോഴായി അറിഞ്ഞിട്ടുള്ളവരാണ് നമ്മള്‍. എന്നാല്‍ സമാനമായ സംഭവം മൃഗങ്ങളുടെ ഇടയിലും നടക്കാറുണ്ടെന്നുള്ളതിനു തെളിവാകുകയാണ് തായ്‌ലന്‍ഡിലെ ഫുക്കറ്റിലുള്ള ഒരു തെരുവു നായയുടെ ജീവിതം. കാരണം 'കോല' എന്നു പേരുള്ള ഈ നായയ്ക്ക് മുന്‍വശത്തെ കാല്‍പാദങ്ങള്‍ ഇല്ല. ഒരു വര്‍ഷം മുമ്പ് തന്റെ ചെരിപ്പില്‍ നക്കിയെന്ന കാരണത്താല്‍ ഒരാള്‍ കത്തി ഉപയോഗിച്ച് വെട്ടിയപ്പോള്‍ നഷ്ടമായതാണ് കോലയ്ക്ക് തന്റെ മുന്‍കാല്‍പാദങ്ങള്‍.
കോലയുടെ ദുരവസ്ഥ കണ്ടെത്തിയ ജോണ്‍ ഡല്ലേയ് എന്നയാള്‍ ഉടന്‍ തന്നെ മികച്ച ചികിത്സ കോലയ്ക്ക് ലഭ്യമാക്കുകയായിരുന്നു. തായ്‌ലന്‍ഡ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സോയി ഡോഗ് എന്ന തെരുവുനായ സംരക്ഷണ സംഘടനയുടെ സ്ഥാപകനാണ് അദ്ദേഹം. മാത്രമല്ല പ്രശസ്തനായ പാരാലിമ്പ്യന്‍ ഓസ്‌ക്കര്‍ പിസ്‌റ്റോറിയോസ് കാലില്‍ ഘടിപ്പിച്ചിരിക്കുന്നതിന് സമാനമായ കൃത്രിമക്കാല്‍ കോലയ്ക്ക് ജോണ്‍ ഡല്ലേയ നല്‍കുകയും ചെയ്തു. ജോണിന്റെ സംരക്ഷണയിലുള്ള അംഗവൈകല്യം ബാധിച്ച മറ്റ് നായ്ക്കള്‍ക്കും കൃത്രിമകാല്‍ നല്കിയിട്ടുണ്ടെങ്കിലും ചിലവേറിയ ഈ കൃത്രിമ കാല്‍ നല്‍കിയിരിക്കുന്നത് കോലയ്ക്ക് മാത്രമാണ്.
കോലയുടെ കൃത്രിമ കാല്‍ നിര്‍മിച്ചത് ഓര്‍ത്തോപീഡിസ്റ്റായ ബെന്‍ഡ് സോഡെര്‍ബെര്‍ഗ് എന്നയാളാണ്. അംഗ വൈകല്യമുള്ള മൃഗങ്ങള്‍ക്ക് ഇത്തരത്തിലുള്ള കൃത്രിമ കാലുകള്‍ വളരെയധികം ഉപകാരപ്രദമാണെന്നാണ് ജോണ്‍ പറയുന്നത്. എന്തായാലും ചുറുചുറുക്കാര്‍ന്ന തന്റെ പഴയ ജീവിതത്തിലേക്ക് മടങ്ങി വരവിനുള്ള തയാറെടുപ്പിലാണ് കോലയിപ്പോള്‍.
https://www.facebook.com/Malayalivartha