'ഞാന്‍ നിന്റെ അമ്മയാണ്.. രണ്ടാനമ്മയല്ല.. ' സോഷ്യല്‍ മീഡിയയുടെ കണ്ണുനനയിച്ച് വധുവിന്റെ പ്രസംഗം
ജന്മം നല്‍കിയ അമ്മ ഇഹലോകവാസമടഞ്ഞപ്പോള്‍ ഗേജ് എന്ന ബാലന് ഒരു അമ്മയുടെ സ്‌നേഹവും വാത്സല്യവും നല്‍കാന്‍ ദൈവം തെരഞ്ഞെടുത്തത് എമിലി ലിഹാന്‍ എന്ന യുവതിയെയായിരുന്നു. ന്യൂയോര്‍ക്കിലാണ് സംഭവം. അമ്മയെ നഷ്ടമായ കുഞ്ഞാണവനെന്ന് അറിഞ്ഞപ്പോള്‍ മുതലാണ് എമിലിയ്ക്ക് നാലുവയസുകാരനായ ഗേജിനോട് പ്രത്യേക വാത്സല്യം തോന്നി തുടങ്ങിയത്. എന്നും ഗേജിന് ഒരു സംരക്ഷകയായിരിക്കണമെന്നുറപ്പിച്ച എമിലി തന്റെ മനസിലെ ആഗ്രഹം നേരെ ചെന്നു തുറന്നു പറഞ്ഞത് ഗേജിന്റെ പിതാവ് ജോഷ്വാ ന്യൂവില്ലെയോടായിരുന്നു. നാവിക സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. എയര്‍ഫോഴ്‌സിലെ സീനിയര്‍ എയര്‍വുമണ്‍ തസ്തികയിലാണ് എമിലി ലീഹാന്‍ ജോലി ചെയ്യുന്നത്.
എമിലി മനസിലെ ആഗ്രഹം തുറന്നു പറഞ്ഞെങ്കിലും സ്വന്തം മകനായി ഗേജിനെ കാണാന്‍ എമിലിക്ക് സാധിക്കുമോ എന്ന സംശയമായിരുന്നു ജോഷ്വായ്ക്ക്. അതുകൊണ്ട് തന്നെ ഒരു ഉത്തരം നല്‍കുവാനും അദ്ദേഹം തയാറായില്ല. പക്ഷെ ഗേജിനോടുള്ള സ്‌നേഹം അവസാനിപ്പിക്കാന് എമിലി തയാറായില്ല. തന്റെ ജോലിയ്ക്കിടയിലും ഗേജിനെ സ്‌നേഹിക്കാനും പരിചരിക്കാനും എമിലി സമയം കണ്ടെത്തി. അമ്മയില്ലാത്തതിന്റെ വിഷമം അറിയിക്കാതെ ഗേജിനെ എമിലി പരിചരിച്ചു. അവരുടെ സ്‌നേഹത്തിലെ സത്യസന്ധത മനസിലാക്കിയ ജോഷ്വാ പിന്നീട് എമിലിയെ തന്റെ ജീവിത സഖിയാക്കാന്‍ തീരുമാനിച്ചു.
തുടര്‍ന്ന് നടന്ന വിവാഹ ചടങ്ങിനിടെ മകനെ ചേര്‍ത്തു നിര്‍ത്തി എമിലി പറഞ്ഞു. 'നിന്നെ പ്രസവിച്ചില്ലെങ്കിലും ഞാനാണ് നിന്റെ അമ്മ. പൂര്‍വ്വജന്മബന്ധം പോലെ നിന്നെ ഞാന്‍ നേരത്തെ തന്നെ മകനായി സ്വീകരിച്ചു കഴിഞ്ഞു. എന്റെ ഈ ജീവിതം നീ തന്ന സമ്മാനമാണ്. നീ സുരക്ഷിതനായിരിക്കുക. നിന്നെ ഏറ്റവും നല്ല വ്യക്തിയാക്കി മാറ്റുകയെന്നതാണ് എന്റെ ലക്ഷ്യം. നീ വളര്‍ന്ന് വലിയ ആണ്‍കുട്ടിയായി മാറുമ്പോള്‍ മനസിലാകും ഈ അമ്മ മകനെ എത്രത്തോളം സ്‌നേഹിച്ചിരുന്നുവെന്ന്'.
എമിലിയുടെ വാക്കുകള്‍ കേട്ട ഗേജ് ഒരു പൊട്ടിക്കരച്ചിലോടെയാണ് അത് സ്വീകരിച്ചത്. തുടര്‍ന്ന് നിറഞ്ഞ സദസിനു മുമ്പില്‍ നിന്ന് തന്റെ അമ്മയെ കെട്ടിപ്പിടിച്ചു. ഇതിനു മറുപടിയായി എമിലി പറഞ്ഞു ആണ്‍കുട്ടികള്‍ കരയരുത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങല്‍ സോഷ്യല്‍മീഡിയായില്‍ വൈറലാകുകയാണ്. ഗേജിനോടുള്ള എമിലിയുടെ സ്‌നേഹത്തെ കരഘോഷങ്ങളോടെ സ്വീകരിക്കുകയാണ് ഏവരും.
https://www.facebook.com/Malayalivartha