സുഹൃത്തിന്റെ ഓര്‍മയ്ക്കായി നൂറടി ഉയരത്തില്‍ നിന്നും വെള്ളച്ചാട്ടത്തിലേക്ക് ചാടി ഒരു യുവാവ്!
അകാലത്തില്‍ ചരമമടഞ്ഞ പ്രിയ സുഹൃത്തിന്റെ സ്മരണയ്ക്കായി അമേരിക്കയിലെ ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നായ ഗ്രാന്‍ഡ് കാന്യണിലെ ഹവാസുപായ് വെള്ളച്ചാട്ടത്തിന്റെ മുകളില്‍ നിന്നും ഒരാള്‍ താഴേക്കു ചാടുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഏകദേശം നൂറ് അടി മുകളില്‍ നിന്നുമാണ് അദ്ദേഹം താഴേക്കു ചാടിയത്.
നാളുകള്‍ക്കു മുമ്പേ ഇതേ സ്ഥലത്തു നിന്നും താഴേക്കു ചാടുന്നതിനിടെയുണ്ടായ അപകടത്തില്‍ ഇദ്ദേഹത്തിന്റെ സുഹൃത്ത് മരണപ്പെട്ടിരുന്നു. തന്റെ സുഹൃത്തിന്റെ ആഗ്രഹം പൂര്‍ത്തിയാക്കാനും അദ്ദേഹത്തിന്റെ ഓര്മയ്ക്കുമായാണ് ഇതേ സ്ഥലത്തു നിന്നും ചാടണമെന്ന ആഗ്രഹം ഇയാളില്‍ ഉരുത്തിരിഞ്ഞത്.
താഴേക്കു ചാടുന്നതിനു മുമ്പ് തന്നെ നോക്കി നില്‍ക്കുന്നവരെ നോക്കി അദ്ദേഹം കൈ വീശികാണിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് താഴേക്കു ചാടിയ അദ്ദേഹം അന്തരീക്ഷത്തില്‍ മലക്കം മറിഞ്ഞ് വെള്ളത്തിലേക്ക് കൂപ്പു കുത്തുകയായിരുന്നു.
ഈ ലോകത്തു നിന്നും വിടവാങ്ങിയ തന്റെ സുഹൃത്ത് ബാക്കിവച്ച ആഗ്രഹം പൂര്‍ത്തിയാക്കിയതിന്റെ നിര്‍വൃതിയിലാണ് അദ്ദേഹം സ്ഥലത്തു നിന്നും പോയത്.
https://www.facebook.com/Malayalivartha