ഈ അപൂര്‍വ്വ സൗഹൃദത്തിനു പിന്നില്‍ ജീവന്‍ രക്ഷിച്ചതിന്റെ കടപ്പാട്!
ജനിച്ചിട്ട് നാലാഴ്ച മാത്രം പ്രായമുള്ള ഒരു അണ്ണാന്‍കുഞ്ഞിനെ ആക്രമിച്ച് അവശനാക്കി മരണത്തിന്റ പടിവാതില്‍ക്കല്‍ ഉപേക്ഷിച്ചിട്ട് ഒരു മൂങ്ങ പോകുമ്പോള്‍ അവന്‍ തീര്‍ത്തും നിസഹായനായിരുന്നു. എന്നാല്‍ അപകടത്തില്‍പെട്ടിരിക്കുന്നവരുടെ മുമ്പില്‍ ദൈവം പല വിധത്തിലും എത്തുമെന്ന വാക്കിനെ സത്യമാക്കുന്ന വിധമാണ് പിന്നീട് നടന്ന ഓരോ സംഭവവും.
അമേരിക്കയിലെ സൗത്ത് കരോലിനയിലെ ഗ്രീന്‍ വില്ലെ കൗണ്ടിയില്‍ 2009 ഒക്ടോബറില്‍ ആണ് സംഭവം നടന്നത്. മൂങ്ങയുടെ ആക്രമണത്തില്‍ ശരീരമാസകലം പരിക്കേറ്റ് മരണത്തെ മുന്നില്‍ കണ്ട അണ്ണാന്‍കുഞ്ഞിനെ ആദ്യം കണ്ടെത്തിയത് വനംവകുപ്പിലെ രക്ഷാപ്രവര്‍ത്തകരാണ്. അവര്‍ അണ്ണാന്‍കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകളില്‍ മരുന്നു വച്ചുകെട്ടി. തുടര്‍ന്ന് മൃഗസംരക്ഷകയായ ബ്രാന്‍ഡ്‌ലിയുടെ പക്കല്‍ അണ്ണാനെ ഏല്‍പ്പിക്കുകയായിരുന്നു. സന്തോഷപൂര്‍വ്വം അണ്ണാന്‍കുഞ്ഞിന്റെ പരിചരണം സ്വീകരിച്ച അവര്‍ അതിന് ബെല്ല എന്ന പേര് നല്‍കി. മുറിവുകള്‍ ഭേദമായെങ്കിലും വസന്തകാലം വരുന്നതു വരെ ബെല്ലയെ കൂടെക്കൂട്ടി. ഇത്തരത്തില്‍ പരിക്കേറ്റ് കിടന്നിടത്തു നിന്നും രക്ഷപെടുത്തിയ വേറെ മൂന്ന് അണ്ണാന്മാര്‍ ബ്രാന്‍ഡ്‌ലിക്കൊപ്പമുണ്ടായിരുന്നു. ലാറി, മോ, കേര്‍ലി എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍.
ബെല്ലയെ പരിചരിക്കാന്‍ ആരംഭിച്ചപ്പോള്‍ തനിക്ക് പ്രത്യേകതകളൊന്നും തോന്നിയിരുന്നില്ലെന്നാണ് ബ്രാന്‍ഡ്‌ലി പറയുന്നത്. കാരണം ഇത്തരത്തില്‍ ധാരാളം അണ്ണാന്മാരെ പരിചരിച്ചിരുന്നത് കൊണ്ട് ബെല്ലയ്ക്കും അത്രമാത്രം പരിഗണനയേ നല്‍കിയിരുന്നുള്ളു. മാത്രമല്ല ആരോഗ്യം വീണ്ടെടുത്തു കഴിയുമ്പോള്‍ കാട്ടില്‍ തുറന്നുവിടുന്ന അണ്ണാന്മാര്‍ പിന്നെ ഇവരെ തേടി തിരിച്ചെത്തിയിട്ടുമില്ല. 2010 ഏപ്രിലിലാണ് ഈ നാല് അണ്ണാന്‍കുഞ്ഞുങ്ങളെയും ബ്രാന്‍ഡ്‌ലി കൂട്ടില്‍ നിന്നും തുറന്നു വിടുന്നത്. കുറച്ചു കാലം നാല് അണ്ണാന്മാരും തിരികെ വീട്ടിലേക്കു വരുമായിരുന്നുവെങ്കിലും അവര്‍ കുറച്ചു നാളുകള്‍ക്കു ശേഷം അത് അവസാനിപ്പിച്ചു. എന്നാല്‍ അങ്ങനെ പോകാന്‍ ബെല്ല മാത്രം ഒരുക്കമല്ലായിരുന്നു.
ബ്രാന്‍ഡ്‌ലിയെ തേടി എന്നുമെത്തുന്ന ബെല്ല വീട്ടിലെ ഡൈനിംഗ് ടേബിളിലും ജനാലയിലും ബ്രാന്‍ഡ്‌ലിയുടെയും ഭര്‍ത്താവ് ജോണിന്റെയും മടിയിലും തോളിലും കയറിയിരുന്ന് സമയം ചിലവഴിക്കും. മാത്രമല്ല ജോണ്‍ വീട്ടിലേക്ക് വരുമ്പോള്‍ ബെല്ലയ്ക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് വരുന്നത്. എല്ലാ ദിവസവും ജോണിനെ കാത്ത് ബെല്ല വാതില്‍ക്കല്‍ നില്‍ക്കാറുണ്ടെന്നും ബ്രാന്‍ഡ്‌ലി പറയുന്നു. കഴിഞ്ഞ എട്ടുവര്‍ഷങ്ങളായി ബെല്ല തങ്ങളുടെ ഒരു കുടുംബാംഗമാണെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ ഏട്ടു വര്‍ഷങ്ങളായി തുടരുന്ന മനുഷ്യനും അണ്ണാനും തമ്മിലുള്ള ഈ അപൂര്‍വ്വ സൗഹൃദത്തിന്റെ കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറുകയാണ്.
https://www.facebook.com/Malayalivartha