മൈലപ്രയില്‍ ചുമടെടുക്കുന്നത് ഡോ: അജയകുമാര്‍ ; കണ്ണഞ്ചിപ്പിക്കും നേട്ടം ആരുമറിയാതെ മറച്ചുവച്ചത് നാലുമാസം!
ചുമട്ടുതൊഴിലാളിക്ക് ഡോക്ടറേറ്റ്; നാലു മാസമാണ് കണ്ണഞ്ചിപ്പിക്കുന്ന ഈ നേട്ടം എല്ലാവരില്‍നിന്നും മറച്ചുവച്ചത്! മൈലപ്ര കടമണ്ണില്‍ കെ.കെ. അജയകുമാറെന്ന കഥാനായകനെ അറിയുന്നവര്‍ക്ക് ഇതിലൊന്നും തെല്ലും അതിശയമുണ്ടാകില്ല. ജീവിക്കാനായി ചുമട്ടുതൊഴിലാളിയുടെയും പാരലല്‍ കോളജ് അധ്യാപകന്റെയും വേഷമണിയുന്ന അജയകുമാര്‍ കാലടി ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നും സംസ്‌കൃതം (ന്യായം) വിഭാഗത്തിലാണ് പിഎച്ച്.ഡി. കരസ്ഥമാക്കിയത്.
പുരാതന ദാര്‍ശനികനായിരുന്ന ഉദയനാചാര്യരുടെ കിരണാവലി എന്ന ഗ്രന്ഥത്തെക്കുറിച്ചായിരുന്നു ഗവേഷണം. പ്രഫ. ഡോ. ജി. രാമമൂര്‍ത്തിയായിരുന്നു ഗൈഡ്. വിപ്ലവവും പാര്‍ട്ടി പ്രവര്‍ത്തനവും തലയ്ക്കുപിടിച്ച ജീവിത്തിനുടമയാണ് അജയകുമാര്‍. പഠനവും ജീവിതവും പാര്‍ട്ടി പ്രവര്‍ത്തനവും കൂട്ടിമുട്ടിക്കാനുള്ള ശ്രമത്തിനിടെ ചുമട്ടു തൊഴിലാളിയായി. 2003-ലാണ് പിഎച്ച്.ഡിക്ക് രജിസ്റ്റര്‍ ചെയ്തത്. 2006-07 കാലത്ത് പേപ്പര്‍ ജോലികള്‍ പൂര്‍ത്തിയാക്കി. അതിനിടെ കുട്ടിക്ക് അസുഖം ബാധിച്ചതോടെ ചികിത്സയ്ക്കായുള്ള നെട്ടോട്ടത്തിലായി.
2010-ല്‍ റീരജിസ്റ്റര്‍ ചെയ്ത് വീണ്ടും ഗവേഷണ ലോകത്തേക്ക് കടന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഡോക്ടറേറ്റ് ലഭിച്ചെങ്കിലും വിവരം ആരെയും അറിയിച്ചിരുന്നില്ല. ഇന്നലെ ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി യു) ഏരിയാ കമ്മിറ്റി സ്വീകരണം സംഘടിപ്പിച്ചപ്പോഴാണ് അജയന്റെ നേട്ടം നാട്ടുകാരറിയുന്നത്. മൈലപ്ര എസ്.എന്‍.വി. യു.പി.എസ്, സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. കാതോലിക്കേറ്റ് കോളജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു.
പിന്നീട് ജെ.ഡി.സിക്ക് പോയി. ഏതാനും വര്‍ഷം അല്ലറചില്ലറ ജോലികള്‍ നോക്കി. 93-ല്‍ ഡിഗ്രിക്ക് കാലടി സര്‍വകലാശാലയില്‍ ചേര്‍ന്നു. സര്‍വകലാശാലയുടെ ആദ്യ യൂണിയന്‍ ചെയര്‍മാനുമായി. ഡിഗ്രി കഷ്ടിച്ച് കടന്നു കൂടിയ അജയന്‍, പി.ജിക്ക് ഫസ്റ്റ്ക്ലാസ് നേടി.
സി.പി.എം. മൈലപ്ര ലോക്കല്‍ കമ്മിറ്റിയംഗം, ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ഏരിയാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കുമ്പഴയില്‍ എയിംസ് അക്കാദമി എന്ന പേരില്‍ ട്യൂഷന്‍ സെന്ററും നടത്തുന്നുണ്ട്. പ്രീഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പായിരുന്നതിനാല്‍ ട്യൂഷന്‍ സെന്ററില്‍ ഗണിതമാണ് പഠിപ്പിക്കുന്നത്. പരേതനായ കെ.എ. കുഞ്ഞുരാമന്റെയും ഇ.കെ. കല്യാണിയുടെയും മകനാണ്. ഭാര്യ രമണി മൈലപ്ര പഞ്ചായത്തില്‍ എസ്.സി പ്രമോട്ടറാണ്. മക്കള്‍: മനസ്, ചേതസ്.
https://www.facebook.com/Malayalivartha