മിസ് ഇറാഖ് പറയുന്നു; സെല്‍ഫി ചതിച്ചാശാനേ..!
ലോകമെമ്പാടുമുള്ള സമൂഹമാധ്യമ ആരാധകര്‍ക്ക് സെല്‍ഫിയെന്നാല്‍ ഹരമാണ്. എന്നാല്‍, ഒരു സെല്‍ഫിയെടുത്തതിന്റെ പേരില്‍ ജീവിതത്തിലെ എല്ലാ ഹരങ്ങളും അവസാനിപ്പിക്കേണ്ട ഗതികേടിലാണ് ഇവിടൊരാള്!
ഒരു 'അന്താരാഷ്ട്ര സെല്‍ഫി'യുടെ പേരില്‍ പൊല്ലാപ്പിലായിരിക്കുന്നത് മിസ് ഇറാഖായി സൗന്ദര്യകിരീടമണിഞ്ഞ സാറ ഇഡന്‍ ആണ്. കഴിഞ്ഞ മാസം നടന്ന മിസ് യൂണിവേഴ്സ് പേജന്റ് മത്സരത്തിനിടെ മിസ് ഇസ്രയേല്‍ അഡര് ഗണ്ടേല്സ്മാനുമായി ചേര്‍ന്നൊരു സെല്‍ഫിയെടുത്തതാണ് സാറ ചെയ്ത കുറ്റം.
വര്‍ഷങ്ങളായി ഇസ്രയേലുമായി ശത്രുതയുള്ള ഇറാക്കിലെ 'രാജ്യസ്നേഹി'കളെയെല്ലാം ഈ ചിത്രം വല്ലാണ്ടങ്ങ് പ്രകോപിപ്പിച്ചു. ചിത്രം മാറ്റിയില്ലെങ്കില്‍ സാറയുടെ തല വെട്ടുമെന്നായി ഭീഷണി. താനും അഡറും തമ്മിലുള്ള സൗഹൃദത്തിന്റെ പേരില്‍ ഒരു ചിത്രമെടുത്തതാണെന്നും ചിത്രം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുകയാണെന്ന് സാറ കെഞ്ചിയിട്ടും കൊലവിളി അവസാനിച്ചില്ല.
ഇപ്പോഴിതാ ഭീഷണി അസഹനീയമായതോടെ സാറയുടെ കുടുംബം ഇറാക്കില്‍ നിന്നു പലായനം ചെയ്തിരിക്കുകയാണ്. വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിക്കുന്ന സാറയെ നേരിട്ടുകിട്ടാതെ വന്നതോടെയാണ് ഇറാക്കിലുള്ള കുടുംബാംഗങ്ങള്‍ക്കു നേരേ പ്രതിഷേധക്കാര്‍ തിരിഞ്ഞത്. പ്രശ്നങ്ങള്‍ ശാന്തമാകുന്ന മുറയ്ക്ക് തിരിച്ചെത്താനാണ് സാറയുടെ കുടുംബാംഗങ്ങളുടെ പദ്ധതി.
https://www.facebook.com/Malayalivartha