അമ്മ ഉപേക്ഷിച്ചിട്ടും കൈവിടാതെ പരിസ്ഥിതി പ്രവര്‍ത്തകര്‍,മാസം തികയാതെ പ്രസവിച്ച ആനക്കുട്ടിയെ രക്ഷപെടുത്തിയത് ഹെലികോപ്റ്ററില്‍
കെനിയയിലെ മാസായി മാറ വന്യജീവി സങ്കേതത്തിലാണ് പരിസ്ഥിതി പ്രവര്‍ത്തകരും വനപാലകരും ഒത്തുചേര്‍ന്ന് നവജാതനായ ആനക്കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. മാസം തികയാതെ പ്രസവിച്ച ആനക്കുട്ടിക്ക് മുലപ്പാല്‍ കുടിക്കാന്‍ പോലും സാധിക്കാതെ വന്നതോടെയാണ് അമ്മ കുഞ്ഞിനെ ഉപക്ഷിച്ചത്. മറ്റു ഗതാഗത സൗകര്യങ്ങള്‍ എളുപ്പമല്ലാതെ വന്നതോടെ പരിസ്ഥിതി പ്രവര്‍ത്തകരുടെ സഹായത്തോടെ വനപാലകര്‍ ആനക്കുട്ടിയെ ഹെലികോപ്റ്ററില്‍ ഇരുത്തി നാട്ടിലെത്തിച്ചു വൈദ്യസഹായം നല്‍കുകയായിരുന്നു.
അവശനായ ആനക്കുട്ടിയെ വനപാലകര്‍ ചുമന്നാണ് ഹെലികോപ്റ്ററില്‍ കയറ്റിയത്. ഹെലികോപ്റ്ററിലും വനപാലകരുടെ മടിയിലിരുന്നാണ് ആനക്കുട്ടി യാത്ര ചെയ്തത്. ഇതാദ്യമായാണ് ഹെലികോപ്റ്ററില്‍ ഒരു ആനക്കുട്ടിയെ രക്ഷപെടുത്തുന്നത്. ഭാരം കൂടുതലായിരുന്നുവെങ്കിലും സുരക്ഷിതമായി ആനക്കുട്ടിയെ ആനകള്‍ക്കു വേണ്ടിയുള്ള അനാഥാലയത്തില്‍ എത്തിക്കാന്‍ സാധിച്ചു. അടിയന്തിര ചികിത്സ നല്‍കിയ ആനക്കുട്ടിയുടെ ഇപ്പോഴത്തെ ആരോഗ്യനില തൃപ്തികരമാണ്.
അനാഥരായ ആനക്കുട്ടികള്‍ക്കു വേണ്ടിയാണ് കെനിയയിലെ വന്യജീവി വകുപ്പും പരിസ്ഥിതി സംഘടനകളും ചേര്‍ന്ന് അനാഥാലയങ്ങള്‍ ആരംഭിച്ചത്. മിക്കപ്പോഴും വേട്ടക്കാരാല്‍ കൊല്ലപ്പെട്ട അമ്മയാനയുടെ കുട്ടികളാകും ഈ അനാഥാലയത്തിലേക്കെത്തുക. അപൂര്‍വമായി അമ്മമാരാല്‍ ഉപക്ഷിക്കപ്പെട്ട കുട്ടികളും ഇതുപോലെ അനാഥാലയത്തിലേക്കെത്താറുണ്ട്.
ആഫ്രിക്കന്‍ ആനകളിലെ തന്നെ ബുഷ് എലിഫന്റ് വിഭാഗത്തില്‍ പെട്ടതാണ് ഈ കുട്ടിയാന. പന്യ എന്നാണ് കുട്ടിയാനയ്ക്കു നല്‍കിയിരിക്കുന്ന പേര്. ഡേവിഡ് ഷെല്‍ഡ്രിക് വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് നിലവില്‍ ആനക്കുട്ടിയുള്ളത്. ആനക്കുട്ടികളെ കൂടാതെ ജിറാഫ്, കാണ്ടാമൃഗം, സിംഹം, ചീറ്റ തുടങ്ങിയ ജിവികളുടെ അനാഥക്കുട്ടികളേയും ഈ അനാഥാലയത്തില്‍ സംരക്ഷിക്കാറുണ്ട്.
https://www.facebook.com/Malayalivartha