കാപ്പിക്കോപ്പ കൊണ്ടൊരു സെല്‍ഫി ; വൈറലാകുന്നു സെല്‍ഫിച്ചീനോ!
ലോകമെമ്പാടുമുള്ള ആളുകളെ ഈ നൂറ്റാണ്ടില്‍ ഏറ്റവുമധികം സ്വാധീനിച്ച ഒന്നാണ് സെല്‍ഫി. സെല്‍ഫി ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ മാത്രമല്ല ചായക്കപ്പിലും വിരിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ലണ്ടനിലെ ഒരു കഫേ. ഈ കാപ്പിയുടെ പേര് 'സെല്‍ഫിച്ചീനോ' എന്നാണ്. ഇവിടെയെത്തുന്ന ആളുകളുടെ മുഖചിത്രങ്ങള്‍ കാപ്പിയില്‍ നിര്‍മിക്കുമെന്നതാണ് സെല്‍ഫിച്ചീനോയുടെ പ്രത്യേകത.
ഹൗസ് ഓഫ് ഫ്രാസേഴ്‌സിന്റെ ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റ് ബ്രാഞ്ചിലാണ് ഇത്തരം കാപ്പികള്‍ ഒരുക്കുന്നത്. യൂറോപ്പില്‍ ആദ്യമായി ഇത്തരം കാപ്പികള്‍ നിര്‍മിക്കാന്‍ ആരംഭിച്ചത് ഇവിടെയാണ്. കടയില്‍ എത്തുന്ന കസ്റ്റമേഴ്‌സ് തങ്ങളുടെ മുഖത്തിന്റെ ചിത്രം പകര്‍ത്തി ഓണ്‍ലൈനായി അയച്ചു നല്‍കണം. ഒന്നുകില്‍ കാപ്പുച്ചീനോയില്‍ അല്ലെങ്കില്‍ ഹോട്ട് ചോക്ലേറ്റില്‍ ആളുകളുടെ ഇഷ്ടാനുസരണം മുഖചിത്രം നിര്‍മിച്ച് നല്‍കുകയും ചെയ്യും. 5.75 പൗണ്ടാണ് ഇതിന്റെ വില.
ചായകപ്പില്‍ മുഖം വിരിയിക്കാനുള്ള ആഗ്രഹത്താല്‍ നിരവധിയാളുകളാണ് ഇവിടെ സ്ഥിരം എത്തുന്നത്. മാത്രമല്ല സോഷ്യല്‍ മീഡിയായില്‍ ഇതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ലണ്ടന്‍ വിക്ടോറിയയിലേക്കും സുറിയിലെ ഗില്‍ഡ്‌ഫോര്‍ഡിലേക്കും ഇത് വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണെന്നാണ് ഷോപ്പിന്റെ ഉടമ എഹാം സലേം ഷൗലി പറയുന്നത്.
https://www.facebook.com/Malayalivartha