ദിവസവും നൂറിലധികം പുസ്തകങ്ങള്‍ വായിക്കുന്ന നാലു വയസുകാരന്‍: വീഡിയോയ്ക്കായി രണ്ടരമണിക്കൂറിനുള്ളില്‍ വായിച്ചു തീര്‍ത്തത് നൂറു പുസ്തകങ്ങള്‍
വായനശീലം ഇപ്പോള്‍ പലര്‍ക്കും ഇല്ല. ഏകാഗ്രത വര്‍ദ്ധിക്കാനും അറിവ് കൂടുന്നതിനും സമ്മര്‍ദ്ദം കുറയ്ക്കാനുമൊക്കെ വായനശീലം ഉപകരിക്കും. പുസ്തക വായന ആയുസ്സ് വര്‍ധിപ്പിക്കും എന്ന് കണ്ടെത്തലുകളും അടുത്തിടെ ഉണ്ടായിട്ടുണ്ട്. ഒരു ദിവസം നൂറ് പുസ്തകങ്ങള്‍ വായിക്കുന്ന ഒരു കുട്ടിയെ കുറിച്ച് അറിഞ്ഞാല്‍ ആരും ഞെട്ടും. ചിക്കാഗോക്കാരനായ കലേബ് എന്ന നാലുവയസുകാരനാണ് ദിവസവും നൂറുകണക്കിന് പുസ്തകങ്ങള്‍ വായിക്കുന്നത്.
ദിവസവും നൂറ് പുസ്തകങ്ങളെങ്കിലും വായിക്കാറുണ്ടെന്ന് കലേബ് പറഞ്ഞപ്പോള്‍ പിതാവ് സൈലസിന് പോലും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കുട്ടിക്കളിയായിട്ടാണ് സൈലസ് ഇതിനെ തള്ളി കളഞ്ഞത്. കലേബിന്റെ പുസ്തകങ്ങളോടുള്ള ഇഷ്ടം മനസിലാക്കി കഴിഞ്ഞപ്പോള്‍ മകന് പൂര്‍ണ പിന്തുണയും ഈ പിതാവ് നല്‍കി. മകന്റെ ഈ കഴിവിനെ പുറംലോകത്തെത്തിക്കാന്‍ പിതാവ് സൈലസ് മകന്‍ പുസ്തകങ്ങള്‍ വായിക്കുന്ന വീഡിയോ ദൃശ്യങ്ങളും ഫേസ്ബുക്കില്‍ പങ്കുവച്ചു. എന്റെ പേര് സലേബ് ഗ്രീന്‍. ഞാന്‍ നൂറ് പുസ്തകങ്ങള്‍ വായിക്കാന്‍ പോകുന്നു എന്ന മുഖവുരയോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
വീഡിയോ വൈറലായതോടെ കലേബിന് സമ്മാനങ്ങളുമായി നിരവധിപേര്‍ രംഗത്തെത്തി. ചിലര്‍ പുസ്തകങ്ങളും പുസ്തകം വാങ്ങിക്കാനുള്ള പണവുമായിരുന്നു സമ്മാനമായി നല്‍കിയത്. ഇങ്ങനെ ലഭിക്കുന്ന പുസ്തകങ്ങളും പണവും കലേബിനെ പോലെ വായന ഇഷ്ടപ്പെടുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിക്കുമെന്ന് സൈലസ് വ്യക്തമാക്കി. ദിവസവും നൂറുപുസ്തകങ്ങള്‍ വായിച്ചിരുന്ന കലേബ് വീഡിയോയ്ക്ക് വേണ്ടി രണ്ടര മണിക്കൂറില്‍ നൂറ് പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തു.
https://www.facebook.com/Malayalivartha