ഈ ദ്വീപില്‍ പൂച്ചകളുടെ കാര്യം കഴിഞ്ഞേയുള്ളൂ മനുഷ്യര്‍ക്ക് പ്രാധാന്യം!
അവോഷിമയില്‍ പൂച്ചകള്‍ രാജാക്കന്മാരെ പോലെയാണ്. അവര്‍ ഭാഗ്യവും നല്ല ഭാവിയും ഉണ്ടാക്കുമെന്നാണ് ഈ ദ്വീപ് നിവാസികളുടെ വിശ്വാസം. അതുകൊണ്ടു തന്നെ മെരുങ്ങാത്ത പൂച്ചകളേയും അവര്‍ നന്നായി ശുശ്രൂഷിക്കും. ഭക്ഷണം നല്‍കും. എന്നിട്ടും പൂച്ചകളുടെ ദ്വീപിലേക്ക് ഭാഗ്യവും സൗഭാഗ്യവും കടന്നുവന്നില്ലെന്നതാണ് സത്യം. കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടെ ഈ ദ്വീപിലെ ജനസംഖ്യ ആയിരത്തില്‍ നിന്നും നൂറായി ചുരുങ്ങി. 2011-ലെ സുനാമിയിലും ദ്വീപില്‍ ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായി. 1945-ല്‍ ഇവിടെ 900 പേരുണ്ടായിരുന്നതായി രേഖകളില്‍ പറയുന്നുണ്ട്. അന്നും ഇന്നും ദ്വീപിലെ താമസക്കാര്‍ എല്ലാവരും മത്സ്യത്തൊഴിലാളികളായിരുന്നു.
പൂച്ചകളുടെ ആധിക്യം മൂലമാണ് ഈ ദ്വീപില്‍ നിന്നു ഭൂരിഭാഗവും വിട്ടുപോയത്. ദ്വീപില്‍ ബാക്കിയായ മനുഷ്യരാവട്ടെ ഇന്നും പൂച്ചകളെ നന്നായി പരിപാലിക്കുന്നുണ്ട്. നിലവില്‍ ഇവിടെ ഒരു നായ പോലും ഇല്ല. പൂച്ചകളാല്‍ നിറഞ്ഞ ഈ ദ്വീപില്‍ ഒരു നായയും ഭാഗ്യപരീക്ഷണം നടത്താന്‍ എത്തിയില്ലെന്നു പറയുന്നതാകും സത്യം. ജപ്പാന്‍ മിയാഗിയിലെ ഈ കൊച്ചു ദ്വീപിലുള്ളവര്‍ക്ക് പൂച്ചകള്‍ ഭാഗ്യം കൊണ്ടുവന്നു നല്‍കുന്നില്ലെങ്കിലും ഒരു പാട് വിനോദസഞ്ചാരികള്‍ ഈ പൂച്ചകളെ തേടി ഇവിടെയെത്തുന്നുണ്ട്. ദ്വീപിലെ ജനസംഖ്യ കുറവായതിനാല്‍ സഞ്ചാരികള്‍ ഏറെയും ഇവിടം ഇഷ്ടപ്പെടുകയും ചെയ്യുന്നു.
പട്ടുനൂല്‍പ്പുഴു കൃഷിയെ ചുണ്ടെലികളില്‍ നിന്നു രക്ഷപ്പെടുത്തുന്നതിനായാണ് പൂച്ചകളെ ദ്വീപിലേക്ക് എത്തിച്ചത്. പതുക്കെ കൃഷി ദ്വീപിനെ വിട്ടു. എന്നാല്‍ പൂച്ചകള്‍ വിട്ടില്ല. പൂച്ചകളുടെ എണ്ണവും പതുക്കെ വര്‍ധിച്ചു. അതേസമയം മനുഷ്യരുടെ എണ്ണം നൂറില്‍ താഴുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം മനസിലാക്കുന്നതിനും പൂച്ചകള്‍ സഹായിക്കുമെന്നാണ് ദ്വീപിലെ മത്സ്യത്തൊഴിലാളികളുടെ വിശ്വാസം. പൂച്ചകളുടെ സ്വന്തം ദ്വീപായതിനാല്‍ തന്നെ ഒരു വളര്‍ത്തുപട്ടിക്കുപോലും ഇവിടെ സ്ഥാനമില്ല. വിനോദസഞ്ചാരികള്‍ക്കും ഇവിടെ പട്ടികളുമായി വരുന്നതിനു വിലക്കുണ്ട്. ആയിരക്കണക്കിനാളുകളാണ് ഓരോ വര്‍ഷവും ഇവിടെ വിനോദയാത്രികരായി എത്തുന്നത്. ഈ പൂച്ചക്കൂട്ടത്തെ കാണാന്‍ വേണ്ടി മാത്രമാണ് സഞ്ചാരികള്‍ ഇവിടേക്കെത്തുന്നത്.
ദ്വീപിലെ രണ്ടു വില്ലേജുകള്‍ കൂടിച്ചേരുന്ന ഭാഗത്തു പൂച്ചകള്‍ക്കായി ഒരു ക്ഷേത്രവും സ്ഥാപിച്ചിട്ടുണ്ട്. ഒരിക്കല്‍ ദ്വീപിലെ ഒരു മത്സ്യത്തൊഴിലാളി അബദ്ധത്തില്‍ ഒരു പൂച്ചയെ കൊല്ലാനിടയായി. ആ പൂച്ചയെ സംസ്‌കരിച്ച സ്ഥലത്തു പിന്നീട് ക്ഷേത്രം ഒരുക്കുകയായിരുന്നു. തീരപ്രദേശമായ ഇഹൈമില്‍ നിന്നും ദിവസത്തില്‍ രണ്ടു തവണ ഇവിടേക്കു ബോട്ട് സര്‍വ്വീസുണ്ട്. ഇതിലാണു പൂച്ച സ്‌നേഹികളായ ടൂറിസ്റ്റുകളും ദ്വീപ് വാസികള്‍ക്കാവശ്യമായ സാധനങ്ങളും എത്തുന്നത്.
https://www.facebook.com/Malayalivartha