ഒമാനില്‍ നിന്ന് 1500 കി.മീ. നീന്തിയെത്തിയ കൂനന്‍ തിമിംഗലം ആലപ്പുഴയില്‍!
കൊച്ചി തീരക്കടലില്‍ പുതുവല്‍സരത്തലേന്നു ഒരു അപൂര്‍വാതിഥി വിരുന്നിനെത്തി. ഒമാനിലെ മസീറ ഉള്‍ക്കടലില്‍നിന്നു ഡിസംബര്‍ 12-നു യാത്ര തുടങ്ങിയ, അറേബ്യന്‍ കൂനന്‍ തിമിംഗലം. 'ലുബാന്‍' എന്നു ശാസ്ത്രജ്ഞര്‍ പേരിട്ട ഈ പെണ്‍തിമിംഗലം 1500 കിലോമീറ്റര്‍ പിന്നിട്ടാണ് ഗോവ തീരത്തും പിന്നീടു കൊച്ചി തീരത്തുമെത്തിയത്. ഇപ്പോള്‍ ആലപ്പുഴ ഭാഗത്തേക്കാണ് നീങ്ങുന്നത്.
'എന്‍വയണ്‍മെന്റ് സൊസൈറ്റി ഓഫ് ഒമാന്‍' ഉപഗ്രഹ സഹായത്തോടെ ടാഗ് ചെയ്ത 14 കൂനന്‍ തിമിംഗലങ്ങളില്‍ (Humpback Whalse) ഒന്നാണ് ലുബാന്‍. മസീറ ഉള്‍ക്കടലില്‍നിന്ന് നവംബറിലാണ് ലുബാനെ ടാഗ് ചെയ്തത്. ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് ഇവയുടെ സഞ്ചാരം നിരീക്ഷിക്കുന്നത്.
പ്രതിവര്‍ഷം ശരാശരി 25,000 കിലോമീറ്റര്‍ ദേശാടനം നടത്തുന്ന കൂനന്‍ തിമിംഗലങ്ങള്‍ ലോകത്തില്‍ ഏറ്റവുമധികം ദൂരം യാത്രചെയ്യുന്ന സസ്തനികള്‍ ആണ്. എന്നാല്‍ അറബിക്കടലില്‍ കാണപ്പെടുന്ന കൂനന്‍ തിമിംഗലങ്ങള്‍ ജനിതകമായി ഏറെ വ്യത്യാസമുള്ളവയായതിനാല്‍ ദേശാടനം നടത്തുന്നവയല്ല എന്നായിരുന്നു ശാസ്ത്രലോകത്തിന്റെ ധാരണ. ലുബാന്‍ കേരള തീരത്തെത്തിയതോടെ ഇതു തിരുത്തപ്പെടുകയാണ്.
കേരള തീരത്ത്് കോസ്റ്റ് ഗാര്‍ഡ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ സഹായത്തോടെ ഇവയുടെ സാന്നിധ്യം രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് അറേബ്യന്‍ സീ വെയില്‍ നെറ്റ്‌വര്‍ക്ക് ഇന്ത്യന്‍ പ്രതിനിധി ഡോ.ദീപാനി സുതാരിയയും കേരള സര്‍വകലാശാലാ അക്വാറ്റിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി പ്രഫ.എ.ബിജുകുമാറും സംഘവും.
അറബിക്കടലില്‍ കൂനന്‍ തിമിംഗലങ്ങള്‍ നൂറില്‍ താഴെ മാത്രമേ ഉള്ളൂ. വംശനാശ ഭീഷണി മൂലം ഐയുസിഎന്‍ റെഡ് ഡേറ്റ ബുക്കില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ളവയാണ് ഇവ. ഇന്ത്യന്‍ സമുദ്രത്തില്‍ നാലിനം കൂനന്‍ തിമിംഗലങ്ങളാണുള്ളത്. കൂനന്‍ തിമിംഗലങ്ങളുടെ ശരീരത്തിന്റെ മുകള്‍ ഭാഗം കറുപ്പോ ചാരനിറമോ ആണ്; കീഴ്ഭാഗവും വാലിന്റെ അറ്റവും വെളുപ്പ്. തലയ്ക്കു മുകളിലും വളരെ നീണ്ട ചിറകുകളുടെ (ഫ്‌ലിപ്പേഴ്‌സ്) അരികുകളിലും കാണുന്ന മുഴകളാണ് ഇവയുടെ പ്രത്യേകത. ആണ്‍ തിമിംഗലങ്ങള്‍ 13-14 മീറ്റര്‍ വരെയും പെണ്‍തിമിംഗലങ്ങള്‍ 15-16 മീറ്റര്‍ വരെയും വളരും.
https://www.facebook.com/Malayalivartha