ഗതാഗതം നിയന്ത്രിക്കുന്നതിനിടെ നൃത്തം; ട്രാഫിക് പൊലീസുകാരന്റെ രസകരമായ ദൃശ്യങ്ങള്‍
വാഹനങ്ങളുടെ പരക്കം പാച്ചില്‍ വന്‍ അപകടങ്ങള്‍ക്ക് ഇടയാക്കുന്നത് ഒഴിവാക്കാന്‍ ട്രാഫിക് സിഗ്‌നല്‍ നിയന്ത്രിക്കുന്നവര്‍ അതീവശ്രദ്ധാലുക്കള്‍ തന്നെ ആവണം. അത്തരം തിരക്കുകള്‍ക്കിടയില്‍ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ വളരെ കൂളായി ട്രാഫിക് നിയന്ത്രിക്കുന്ന ഒരു പൊലീസുകാരനെ കാണാം. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒരു ട്രാഫിക് പൊലീസുദ്യോഗസ്ഥനാണ് നൃത്തചുവടുകള്‍ വെച്ചു കൊണ്ട് വണ്ടികള്‍ നിയന്ത്രിക്കുന്നത്.
രഞ്ജിത്ത് സിങെന്നാണ് ഈ ട്രാഫിക് പൊലീസുകാരന്റെ പേര്. കഴിഞ്ഞ 12 വര്‍ഷത്തോളമായി നൃത്തച്ചുവടുകള്‍ വച്ച് സിഗ്‌നല്‍ നല്‍കുന്ന ഈ മുപ്പത്തെട്ടുകാരന്‍ സാമൂഹ്യമാധ്യമങ്ങളില്‍ താരമാണ്. കഴിഞ്ഞ ദിവസം ചില ദേശീയമാധ്യമങ്ങളില്‍ ഇദ്ദേഹത്തെപ്പറ്റി വാര്‍ത്തകള്‍ വന്നതോടെ രാജ്യത്തിന്റെ എല്ലാ കോണിലേക്കും ഇദ്ദേഹത്തിന്റെ ട്രാഫിക്ക് നൃത്തം വൈറലായി.
മൈക്കല്‍ ജാക്‌സന്റെ കടുത്ത ആരാധകനാണ് താനെന്നും കഴിഞ്ഞ 12 വര്‍ഷമായി മൂണ്‍വാക്കിനെ അനുകരിച്ചാണ് ജോലി ചെയ്യുന്നതെന്നും രഞ്ജിത്ത് സിങ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ശബ്ദകോലാഹലങ്ങളും മാലിന്യങ്ങളും നിറഞ്ഞ നിരത്തിലെ യാത്ര ബോറാക്കാതെ ഡ്രൈവര്‍മാരെയും യാത്രക്കാരെയും രസിപ്പിക്കുന്നതിനാണ് താന്‍ മൂണ്‍വാക്ക് ഉപയോഗിച്ച് ജോലി ചെയ്യുന്നതെന്നാണ് സിങ് പറയുന്നത്.
ഇന്‍ഡോറിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിലും റോഡ് സുരക്ഷാബോധം വര്‍ധിപ്പിക്കുന്നതിലും രഞ്ജിത് സിങിന് നിര്‍ണായക പങ്കുണ്ട്. ഇതു ശരിവയ്ക്കുന്നതാണ് ഇന്‍ഡോറിലെ ഒരു സര്‍വകലാശാല നടത്തിയ പഠനം.
ആദ്യമൊക്കെ ട്രാഫിക് പൊലീസ് വിഭാഗം സിങിന്റെ ഡാന്‍സിനെ എതിര്‍ത്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നൃത്തച്ചുവടുകള്‍ സുഗമമായ ഗതാഗതത്തെ സഹായിക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ അധികൃതര്‍. എന്തായാലും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരമാണ് സിങ്. നിരവധി അപകടങ്ങള്‍ക്ക് സാക്ഷിയായ സിങിന് രാജ്യത്തെ യുവാക്കളോട് പറയാനുള്ളത് വണ്ടിയോടിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ്.
https://www.facebook.com/Malayalivartha