വൃക്ഷങ്ങളും ചെടികളും പ്രകാശം പരത്തുമെങ്കിലോ...!
രാത്രിയെ പകലാക്കാന്‍ പോസ്റ്റുകളിട്ട് വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കുന്നതിന് പകരം, പാതയ്ക്കിരുവശവും മരങ്ങള്‍ നടുന്നു. രാത്രിയാകുമ്പോള്‍ വൈദ്യുതി വിളക്കുകള്‍ പോലെ ആ മരങ്ങളുടെ ഇലകള്‍ പ്രകാശിക്കുന്നു. ആ വെളിച്ചത്തില്‍ ആളുകള്‍ വഴിയിലൂടെ സഞ്ചരിക്കുന്നു!ഇങ്ങെയൊക്കെ സംഭവിക്കുന്നത് ഒന്നു ഭാവനയില്‍ കണ്ടു നോക്കൂ...
മരങ്ങളും ചെടികളും പ്രകാശം പരത്തുകയോ? അവിശ്വാസത്തോടെയാകും പലരും ഇക്കാര്യം വായിക്കുക. അതേസമയം, ജയിംസ് കാമറൂണിന്റെ ഇതിഹാസ സയന്‍സ് ഫിക്ഷന്‍ സിനിമയായ അവതാര്‍ കണ്ടിട്ടുള്ളവര്‍ പന്‍ഡോര( Pandora ) എന്ന വിദൂര ഉപഗ്രഹത്തിലെ വനങ്ങളും ചെടികളുമാകും ഓര്‍മയില്‍ വരിക. സ്വയം പ്രകാശിക്കുന്ന ചെടികളും കാടും ആ സിനിമയിലെ മായികമായ ഒരു ദൃശ്യാനുഭവമാണ്.
അമേരിക്കയില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ( MIT) കെമിക്കല്‍ എന്‍ജിനിയറിങ് ഗവേഷകര്‍ അടുത്തയിടെ പുറത്തുവിട്ട ഒരു പഠനം, മേല്‍സൂചിപ്പിച്ച സാധ്യതയിലേക്ക് ശാസ്ത്രം ചുവടുവെയ്ക്കുന്നു എന്നതിന്റെ സൂചനയാണ്.
സവിശേഷരീതിയില്‍ രൂപപ്പെടുത്തിയ നാനോകണങ്ങള്‍ കടത്തിവിട്ട്, ഒരു മഷിത്തണ്ട് ചെടിയെ ഏതാണ്ട് നാലുമണിക്കൂര്‍ നേരം പ്രകാശിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഈ വിദ്യ കൂടുതല്‍ മെച്ചപ്പെടുത്തിയാല്‍ ടേബിള്‍ലാമ്പായും ജോലിസ്ഥലത്തെ വെട്ടത്തിനുമൊക്കെ ഇത്തരം ചെടികള്‍ മതിയാകും. സ്ട്രീറ്റ് ലൈറ്റായി മാറാനും ചെടികള്‍ക്കാകും.
https://www.facebook.com/Malayalivartha