ഫ്ലൈറ്റില്‍ ഒറ്റക്കൊരു രാജകീയ യാത്ര; അസുലഭാവസരം ലഭിച്ചത് റെഡിറ്റില്‍ ഷാഡിബേബി എന്ന യൂസര്‍നെയിമുള്ള യുവതിക്ക്!
വേറെ യാത്രക്കാരൊന്നുമില്ലാതെ ഒരു ഫ്ലൈറ്റില്‍ തനിയെ യാത്ര ചെയ്യണമെങ്കില്‍ ഒന്നുകില്‍ സ്വന്തമായി വിമാനം ഉണ്ടായിരിക്കണം അല്ലെങ്കില്‍ വല്ല മന്ത്രിയോ മന്ത്രിപുത്രനോ-മന്ത്രിപുത്രിയോ ആയിരിക്കണം. അല്ലാതെ സാധാരണക്കാരനെ സംബന്ധിച്ച് ഒരു വിമാനത്തില്‍ ഒറ്റയ്ക്കൊരു യാത്ര എന്നത് എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം എന്നുവേണമെങ്കില്‍ പറയാം. അത്തരമൊരു അസുലഭാവസരമാണ് റെഡിറ്റ് ഉപയോക്താവായ ഷാഡിബേബിക്കു ലഭിച്ചത്.
ന്യൂയോര്‍ക്കില്‍ നിന്ന് വാഷിങ്ടണിലേക്ക് പറന്ന വിമാനത്തിലെ ഏകയാത്രക്കാരി യുവതിയായിരുന്നു. ബുക്ക് ചെയ്ത ഫ്ലൈറ്റ്, യാത്രക്ക് എട്ടുമണിക്കൂര്‍ മുമ്പായി കാന്‍സല്‍ ആയതാണ് സംഭവത്തിന് കാരണം. ഫ്ലൈറ്റ് റദ്ദാക്കിയ വാര്‍ത്ത അറിഞ്ഞ് ആശങ്കയിലായ ഒരു ഏജന്റ് ഉടനെ യുവതിക്കും മറ്റുചില യാത്രക്കാര്‍ക്കുമായി യുവതി ഇപ്പോള്‍ യാത്ര ചെയ്ത ഫ്ലൈറ്റ് ഏര്‍പ്പാടാക്കി. എന്നാല്‍ ഇതറിയാതെ മറ്റൊരു ഏജന്റ് ഇതിന് മുമ്പുള്ള മറ്റൊരു ഫ്ലൈറ്റ് യാത്രക്കാര്‍ക്കായി സജ്ജമാക്കി. ഇതുസംബന്ധിച്ച് അനൗണ്‍സ്മെന്റും നടത്തി. എന്നാല്‍ ആദ്യത്തെ അറിയിപ്പ് ലഭിച്ച ഉടന്‍ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയ യുവതി രണ്ടാമതുണ്ടായ സംഭവികാസങ്ങള്‍ അറിഞ്ഞില്ല. മാത്രല്ല എയര്‍ലൈന്‍സ് അധികൃതരേയോ ഏജന്റുമാരേയോ യുവതി പിന്നീട് ബന്ധപ്പെടുകയും ചെയ്തില്ല.
ആദ്യം ഏര്‍പ്പാടാക്കിയ ഫ്ളൈറ്റ് പുറപ്പെടുന്നതിന് മുമ്പായി ലോഞ്ചില്‍ എത്തിയതോടെയാണ് യുവതിക്ക് എന്തോ പന്തികേടുള്ളതായി തോന്നിയത്. പിന്നീട് ഫ്ലൈറ്റില്‍ കയറിയതോടെയാണ് താന്‍ മാത്രമാണ് ആകെയുള്ള യാത്രക്കാരിയെന്ന് ഇവര്‍ തിരിച്ചറിഞ്ഞത്. പിന്നെ സമയം പാഴാക്കിയില്ല. സെല്‍ഫിയെടുത്ത് തനിക്ക് ലഭിച്ച അസുലഭ അവസരം ആഘോഷമാക്കി.
ഒരു യാത്രക്കാരി മാത്രമേ ഉള്ളൂ എന്ന് കരുതി ഫ്ലൈറ്റ് അറ്റന്‍ഡന്‍സ് ഫൈ്ളൈറ്റ് യാത്രയുടെ ചിട്ടവട്ടങ്ങളില്‍ നിന്ന് കടുകിട വ്യതിചലിക്കാന്‍ സമ്മതിച്ചില്ല. യാത്രക്ക് മുന്നോടിയായുള്ള സുരക്ഷയെ സംബന്ധിച്ചുള്ള ഡെമോണ്സ്ട്രേഷന് ഉള്‍പ്പെടെ എല്ലാം പതിവുപ്രകാരം നടത്തി തന്നെയാണ് യാത്ര ആരംഭിച്ചത്. യുവതി റെഡ്ഡിറ്റില്‍ പങ്കുവെച്ച ചിത്രം ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് നേടിയത്. ഫ്ലൈറ്റ് യാത്രകളെ കുറിച്ചുള്ള തങ്ങളുടെ അനുഭവങ്ങളും കമന്റായി പലരും രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha