പ്രതിജ്ഞ ഒപ്പുവച്ചാല്‍ മാത്രം സന്ദര്‍ശന അനുമതി ലഭിക്കുന്ന ലോകത്തിലെ ഏക ദ്വീപ്..!
കടലില്‍ കണ്ണീര്‍ തുള്ളിപോലെ ഘനീഭവിച്ചുകിടക്കുന്ന ഏകാന്തതയായിരുന്നു പണ്ട് ദ്വീപുകള്‍. പാലങ്ങളില്ലാത്ത അവസ്ഥയാണ് ദ്വീപെന്ന് ലന്തന്‍ബത്തേരിയിലെ ലുത്തിനിയകളില്‍ എന്‍.എസ് മാധവന്‍ മനുഷ്യന്റെ ഏകാന്തതയെ കാവ്യവല്‍ക്കരിക്കുന്നുമുണ്ട്. എന്നാല്‍ ഇന്ന് ദ്വീപുകള്‍ ഏകാന്തതയുടെ തുരുത്തുകളല്ല. അവ ഇപ്പോള്‍ സഞ്ചാരികളുടെ ആളോഹരി ആനന്ദത്തിന്റെ കേന്ദ്രമാണ്. പസഫിക് സമുദ്രത്തിലെ പലാവു ദ്വീപും ഇതില്‍ നിന്നും ഒട്ടും ഭിന്നമല്ല.
പലാവുവിന്റെ ആനന്ദവും സൗന്ദര്യവും ആസ്വദിക്കണമെങ്കില്‍ ഒരു പ്രതിജ്ഞയില്‍ ഒപ്പിട്ടാല്‍ മാത്രമേ സാധ്യമാവു. ഈ ദ്വീപിന്റെ സൗന്ദര്യത്തെ ഒട്ടും കളങ്കപ്പെടുത്തില്ലെന്ന പ്രതിജ്ഞ. ദ്വീപിന്റെ പാരിസ്ഥിതികാവസ്ഥയ്ക്കു കോട്ടംതട്ടുന്ന യാതൊരു നടപടിക്കും മുതിരില്ലെന്ന സത്യവാങ് മൂലം പാസ്‌പോര്‍ട്ടിനൊപ്പം സന്ദര്‍ശകര്‍ നല്‍കണം. എങ്കില്‍ മാത്രമേ പലാവുവിലേക്ക് കാലുകുത്താന്‍ കഴിയു.
പ്രതിജ്ഞ ഒപ്പുവച്ചാല്‍ മാത്രം സന്ദര്‍ശിക്കാവുന്ന ലോകത്തിലെ ഏക ദ്വീപാണ് പലാവു. സന്ദര്‍ശകരുടെ ശ്രദ്ധാരാഹിത്യവും നിരുത്തരവാദപരമായ പെരുമാറ്റവും, പാരിസ്ഥിതികമായി ദ്വീപിനുണ്ടാക്കിയ ആഘാതമാണ് ഈ തീരുമാനത്തിനു പിന്നില്‍. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നതോ മലിനീകരണമുണ്ടാക്കുന്നതോ ആയ എന്തെങ്കിലും ചെയ്താല്‍ സന്ദര്‍ശകര്‍ക്ക് വലിയ തുക പിഴ ഒടുക്കേണ്ടി വരും. ഉദാഹരണമായി ഒരു സ്രാവിനെ ഉപദ്രവിച്ചാല്‍ 10 ലക്ഷം ഡോളര്‍ പിഴ ചുമത്തും. പലാവുവിലെ മറൈന്‍ സാംക്ച്വറി ലോക പ്രശസ്തമാണ്.
പലാവു ലെഗസി പ്രോജക്ട് എന്ന സന്നദ്ധ സംഘടനയാണ് ഈ പ്രതിജ്ഞാ കാമ്പയിനു പിന്നില്‍. സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് ഈ നിബന്ധന മുന്നോട്ടു കൊണ്ടുപോകുന്നു. പ്രതിജ്ഞ ലംഘിച്ചാല്‍ ശിക്ഷ ഉറപ്പാണ്. വെറും ഇരുപതിനായിരത്തിനടുത്ത് മാത്രമാണ് ഈ ദ്വീപിലെ ജനസംഖ്യ.
https://www.facebook.com/Malayalivartha