കാഞ്ചനയാണ് വേലപ്പന്റെ വീക്ക്‌നസ്, കാഞ്ചന എവിടെയുണ്ടോ അവിടെയുണ്ടാകും വേലപ്പന്!
കര്‍ഷകത്തൊഴിലാളിയായ മുണ്ടാര്‍ കരീത്തറ കാഞ്ചന രാജുവിന് കുഞ്ഞായിരുന്നപ്പോള്‍ ലഭിച്ചതാണ് ഈ നായയെ. ഇതിനു വേലപ്പനെന്നു പേരിട്ടു വളര്‍ത്തി. ഇപ്പോള്‍ ഒന്നര വയസ്സുണ്ട് വേലപ്പന്. കാഞ്ചന എവിടെ പോയാലും വേലപ്പന്‍ ഒപ്പമുണ്ടാകും. മുറ്റത്തും പറമ്പിലും പാടത്തു കൃഷിക്കും കൊയ്ത്തിനും എന്നല്ല, വേലപ്പനെ ഒഴിവാക്കി കാഞ്ചനയ്ക്ക് എങ്ങും പോകാനാവില്ല.
പാടശേഖരത്തിനു സമീപമുള്ള കാഞ്ചനയുടെ വീട്ടില്‍ അന്യരായ ആരെയും കയറാന്‍ വേലപ്പന്‍ സമ്മതിക്കില്ല. പാമ്പ്, പെരുച്ചാഴി, ഉടുമ്പ് തുടങ്ങിയവയേയും പോലും വേലപ്പന്‍ വീട്ടില്‍ അടുപ്പിക്കില്ല. പാടശേഖരത്തില്‍ കിളികളെ ഓടിക്കാനും പെരുച്ചാഴിയെ പിടിക്കാനും വേലപ്പന്‍ രാവും പകലും സജീവം. കാഞ്ചനയാണു വേലപ്പന്റെ വീക്ക്‌നസ്. കാഞ്ചന എവിടെ പോയാലും വേലപ്പനെയും കൊണ്ടുപോകണം.
തൊഴിലുറപ്പു തൊഴിലാളി കൂടിയായ കാഞ്ചന പണിക്കു പോകുമ്പോള്‍ വേലപ്പനും ഒപ്പമിറങ്ങും. തോടുകളിലൂടെ വള്ളത്തിലാണു യാത്രയെങ്കില്‍ ആദ്യം വള്ളത്തില്‍ കയറുന്നത് വേലപ്പനായിരിക്കും. വേലപ്പനുള്ള ഉച്ചഭക്ഷണം പാത്രത്തിലാക്കി കൊണ്ടുപോകും. ഉച്ചയ്ക്ക് എല്ലാവര്‍ക്കുമൊപ്പം വേലപ്പനും ഭക്ഷണം കഴിക്കും. പാടത്തു കള പറിക്കാനാണെങ്കില്‍ വേലപ്പനും ഒപ്പമിറങ്ങി വരമ്പത്തിരിക്കും.
കഴിഞ്ഞ ദിവസം കിണറ്റുകര പാടശേഖരത്തു നടന്ന വിരിപ്പു കൃഷിയുടെ കൊയ്ത്ത് ഉത്സവത്തിനു സ്ത്രീ തൊഴിലാളികള്‍ക്കൊപ്പം മൂന്നു ദിവസവും വേലപ്പന്‍ പാടത്തിറങ്ങി. എല്ലാവരും കൊയ്യുമ്പോള്‍ വേലപ്പന്‍ പാടത്ത് ഇവര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കും. പാടത്തു ചുറ്റി നടന്ന് പാമ്പിനെയോ മറ്റ് ഇഴജന്തുക്കളേയോ കണ്ടാല്‍ കുരച്ച് ബഹളം വച്ച് ഓടിക്കും. ചേറും ചെളിയും വെള്ളവുമൊന്നും വേലപ്പനു പ്രശ്‌നമല്ല. അയല്‍വാസികള്‍ക്കും കാഞ്ചനയുടെ കൂടെ ജോലിക്കിറങ്ങുന്ന മറ്റു തൊഴിലാളികള്‍ക്കുമെല്ലാം വേലപ്പന്‍ പ്രിയപ്പെട്ടവനാണ്.
https://www.facebook.com/Malayalivartha