പ്രാവു പറത്തല്‍ മല്‍സരത്തിന്റെ ആവേശം തലയ്ക്കു പിടിച്ച കൊച്ചി!
ജൂണിലാണ് പാവു പറത്തല്‍ മല്‍സരങ്ങളുടെ സീസണ്‍ ആരംഭിക്കുന്നത്. വര്‍ഷങ്ങോളം നീളുന്ന പരിശീലനം നല്‍കിയാണ് മല്‍സരാര്‍ഥികള്‍ പറവകളെ രംഗത്തിറക്കുന്നത്. നൂറുകണക്കിനു പ്രാവുകളാണ് മാസങ്ങള്‍ നീളുന്ന മല്‍സരത്തില്‍ പങ്കെടുക്കുന്നത്. കൊച്ചിയില്‍ ഒട്ടേറെ സംഘടനകള്‍ പ്രാവു പറത്തല്‍ മല്‍സരം സംഘടിപ്പിക്കുന്നുണ്ട്.
ആകാശത്ത് പത്ത്-പതിനാറ് മണിക്കൂര്‍ വട്ടമിട്ടു പറക്കുന്ന പ്രാവുകള്‍. ഇവയെ നിരീക്ഷിക്കാന്‍ ആകാശത്തേക്കു കണ്ണു നട്ട് അംപയറും നൂറുകണക്കിനാളുകളും. മല്‍സര പ്രാവുകള്‍ താഴേക്ക് ഇറങ്ങും വരെ എത്ര രാത്രിയായാലും ജനം കാത്തുനില്‍ക്കും. അത്രയ്ക്കുണ്ട് കൊച്ചിയില്‍ പ്രാവു പറത്തല്‍ മല്‍സരത്തിന്റെ ആവേശം. ഓപ്പണ്‍ ടൂര്‍ണമെന്റെന്നും കമ്മിറ്റി ടൂര്‍ണമെന്റെന്നും തരം തിരിച്ച് ടൂര്‍ണമെന്റുകളുണ്ട്. കമ്മിറ്റി ടൂര്‍ണമെന്റുകളെ അപേക്ഷിച്ച് സമ്മാനത്തുക കൂടുതലുള്ളത് ഓപ്പണ്‍ ടൂര്‍ണമെന്റുകളിലാണ്. പശ്ചിമകൊച്ചിയിലെ കൊച്ചിന്‍ ചാലഞ്ചേഴ്‌സ് പീജിയണ്‍ ഫ്‌ലയിങ് അസോസിയേഷന്‍ നടത്തിയ മല്‍സരത്തില്‍ 180 ടീമുകളാണ് പങ്കെടുത്തത് ഒന്നാം സമ്മാനം നേടിയ ടീമിനു ലഭിച്ചതാകട്ടെ മൂന്നു പവന്‍ സ്വര്‍ണവും.
മല്‍സരം നടക്കുന്നത് മല്‍സരിക്കുന്നവരുടെ വീടിനു മുകളിലാണ്. മല്‍സരാര്‍ഥികളുടെ വീട്ടിലേക്ക് അംപയര്‍മാര്‍ എത്തുന്ന രീതിയാണുള്ളത്. ടെറസിനു മുകളില്‍നിന്നു പുലര്‍ച്ചെ 5.45-ന് പ്രാവിനെ പറത്തിവിടുന്നതോടെ മല്‍സരം ആരംഭിക്കും. ആറു മണിക്ക് അംപയര്‍ക്ക് ആകാശത്ത് പൊട്ടു പോലെ പറക്കുന്ന പ്രാവിനെ കാണിച്ചു കൊടുക്കുന്നതോടെ സമയം അടയാളപ്പെടുത്തി തുടങ്ങും. പിന്നീടു വീടിന്റെ ടെറസില്‍നിന്ന് അംപയര്‍ അടക്കം എല്ലാവരും താഴേക്ക് ഇറങ്ങും.
രാത്രി ഏഴു വരെ 25 മിനിറ്റ് ഇടവിട്ടു പ്രാവിനെ കാണിച്ചുകൊടുക്കണമെന്നാണ് ഓപ്പണ്‍ ടൂര്‍ണമെന്റിലെ നിബന്ധന. കമ്മിറ്റി ടൂര്‍ണമെന്റുകളില്‍ ഇടവേള 15 മിനിറ്റ്. രാത്രി ഏഴിനു ശേഷം 20 മിനിറ്റ് കഴിഞ്ഞു പ്രാവിനെ കാണുന്നില്ലെങ്കില്‍ ടൈം പിടിക്കും (ടൂര്‍ണമെന്റിലെ പ്രയോഗം). ടൈം പിടിച്ചു കഴിഞ്ഞാല്‍ ഒരു മണിക്കൂറിനകം പ്രാവിനെ കാണിച്ചുകൊടുക്കാനായില്ലെങ്കില്‍ ടൂര്‍ണമെന്റിനു പുറത്താകും. ഓരോ മണിക്കൂര്‍ ഇടവിട്ടു പ്രാവിനെ കാണിച്ചു കൊടുക്കണമെന്ന നിബന്ധനയോടെ നടത്തുന്ന ടൂര്‍ണമെന്റുകളുമുണ്ട്.
പകല്‍സമയത്ത് മഴക്കാറു വരുമ്പോള്‍ മഴമേഘത്തിനിടയിലേക്ക് പ്രാവുകള്‍ കയറുന്നത് ഉടമ അംപയറെ കാണിച്ചുകൊടുത്താല്‍ മൂന്നു മണിക്കൂര്‍ അധിക സമയം അനുവദിച്ചു കിട്ടും. രാത്രി പറവയെ കാണുന്നതിന് ടെറസിനു മുകളില്‍ ഫോക്കസ് ലാംപ് പ്രകാശിപ്പിക്കും. ചിലര്‍ പ്രാവിനു മനസ്സിലാകുന്ന വിധത്തില്‍ സിഗ്‌നല്‍ ലൈറ്റ് പ്രകാശിപ്പിക്കും. സിഗ്‌നല്‍ ലൈറ്റ് കാണുന്ന പ്രാവു വീടിനു മുകളില്‍ വന്നു വട്ടമിട്ടു പറക്കുമെന്നു പരിശീലകര്‍ പറയുന്നു. രാവിലെ ഒന്‍പതു മുതല്‍ രാത്രി 9.31 വരെ പറന്ന പ്രാവാണ് ഇക്കുറി ഫോര്‍ട്ട്‌കൊച്ചിയിലെ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടി ട്രോഫിയും മൂന്നു പവനും നേടിയത്.
വന്‍ വില കൊടുത്താണ് പലരും മല്‍സരപ്രാവുകളെ വാങ്ങുന്നത്. നാഗര്‍കോവില്‍, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് പ്രാവുകളെ വാങ്ങുന്നത്. 5000 രൂപ മുതല്‍ 50,000 രൂപ വരെ കൊടുത്ത് ഒരു ജോടി പ്രാവുകളെ വാങ്ങുന്നവരുണ്ട്. മല്‍സര സീസണില്‍ ബദാം പരിപ്പ്, കടലപ്പരിപ്പ് എന്നിവയും ശരീര പുഷ്ടിക്ക് റാഗിപ്പുല്ലും നല്‍കും. മഴക്കാലത്ത് ബദാം കൊടുക്കാറില്ല. ടൂര്‍ണമെന്റ് ഇല്ലാത്ത സമയത്തു ബാജ്‌റ, ഗോതമ്പ്, കടല എന്നിവ കൊടുക്കും. ഒരു മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ തുടര്‍ച്ചയായി പറക്കാന്‍ പരിശീലിപ്പിച്ച ശേഷമാണ് പ്രാവുകളെ മല്‍സരത്തിനിറക്കുന്നത്. ഓരോ വര്‍ഷവും മല്‍സരത്തിനു ശേഷം ചിറകുകള്‍ വെട്ടി, പോഷകാഹാരം നല്‍കി പറവകളെ കാത്തുപരിപാലിച്ച ശേഷമാണ് വീണ്ടും അടുത്ത സീസണില്‍ അങ്കത്തിനിറക്കുന്നത്.
ഇക്കുറി ചാലഞ്ചേഴ്‌സ് നടത്തിയ മല്‍സരത്തില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനത്ത് എത്തിയത് കോഴിവസന്ത പോലുള്ള രോഗം ബാധിച്ചു വൈകല്യം സംഭവിച്ച പ്രാവാണ്. തുടര്‍ച്ചയായി 15 മണിക്കൂറും 31 മിനിറ്റുമാണ് ഈ പ്രാവു പറന്നത്. നിലവിലെ റെക്കോര്‍ഡ് തകര്‍ക്കാനായില്ലെങ്കിലും രോഗം സുഖമായ പ്രാവ് ഇത്ര സമയം പറന്നുവെന്നത് മികച്ച നേട്ടമാണെന്ന് ഉടമ പാണ്ടിക്കുടി സ്വദേശി വി. ശശിധരന്‍ പറയുന്നു. അസുഖം ബാധിച്ചു വീട്ടിലുണ്ടായിരുന്ന പ്രാവുകള്‍ ചത്തു പോയപ്പോള്‍ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് ശശിധരന്‍ പറയുന്നു. രോഗം ബാധിച്ചെങ്കിലും ചികില്‍സയിലൂടെ രക്ഷപ്പെട്ട പ്രാവിനെയാണ് പരിശീലിപ്പിച്ച് മല്‍സരത്തിനിറക്കിയത്. അറുപതോളം പ്രാവുകള്‍ ശശിധരന്റെ വീട്ടിലുണ്ട്.
https://www.facebook.com/Malayalivartha