വേനല്‍ക്കാലത്ത് ഒറിഗണിലെ ഈ തടാകം അപ്രത്യക്ഷമാകും...!
ലോസ്റ്റ് ലേക്‌സ് ( നഷ്ടമാകുന്ന തടാകങ്ങള്‍) എന്ന പേരില്‍ യുഎസിലെ ഒറിഗണ്‍ പ്രവശ്യയില്‍ 19 തടാകങ്ങളുണ്ട്. എന്നാല്‍ ഒറിഗണിലെ സാന്‍ഡ് പര്‍വ്വത നിരയ്ക്കു സമീപം വില്യംറ്റെ ദേശീയ വന്യജീവി പാര്‍ക്കിലെ തടാകമാണ്്് ഈ പേര് അന്വര്‍ത്ഥമാക്കുന്നത്. എല്ലാ വര്‍ഷവും വസന്തകാലത്തും മഞ്ഞുകാലത്തും മഴക്കാലത്തും നിറഞ്ഞു കാണപ്പെടുന്ന ഈ തടാകം വേനല്‍ക്കാലത്ത് അപ്രത്യക്ഷമാകും. മറ്റു തടാകങ്ങളിലെപോലെ ഉറവയില്ലാതെ വറ്റിവരണ്ടു പോവുകയല്ല ഈ തടാകം. മറിച്ച് തടാകത്തിനു മധ്യത്തിലുള്ള ഒരു കുഴിയിലേക്ക് തടാകത്തിലെ വെള്ളം ഒഴുകി അപ്രത്യക്ഷമാവുകയാണ് ചെയ്യുന്നത്.
മൂവായിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്നാണ് ഈ തടാകം രൂപപ്പെട്ടത്. അഗ്‌നിപര്‍വ്വത സ്‌ഫോടനത്ത തുടര്‍ന്ന് ഈ പ്രദേശത്തു കൂടിയൊഴുകിയിരുന്ന പല അരുവികളും കെട്ടി നിര്‍ത്തപ്പെട്ട നിലയിലായി. ഇതോടെ പ്രദേശം തടാകമായി മാറുകയായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് ലാവ ഒഴുകി രൂപപ്പെട്ട അഗാധമായ ഗര്‍ത്തത്തിലേക്കാണ് ഇപ്പോള്‍ വേനല്‍ക്കാലത്ത് ഉറവകള്‍ ഒഴുകി വീണ് തടാകം അപ്രത്യക്ഷമാകുന്നത്.
വസന്തകാലം ഉള്‍പ്പെടെയുള്ള മറ്റു സമയങ്ങളില്‍ നീരൊഴുക്കു ശക്തിയാര്‍ജ്ജിക്കുന്നതിനാല്‍ ഈ ഗര്‍ത്തം നിറയും. ഇതു വഴി തടാകത്തിന്റെ മറ്റു പ്രദേശങ്ങളിലും വെള്ളമെത്തും. എന്നാല്‍ വേനല്‍ക്കാലത്ത് ഈ ഗര്‍ത്തത്തിന്റെ ആഴത്തിലേക്കു മാത്രമായി തടാകത്തിലെ വെള്ളം ചുരുങ്ങും. പുറത്തുനിന്നു നോക്കിയാല്‍ തടാകം അപ്രത്യക്ഷമായതു പോലെ തോന്നും. ആദ്യമായി കാണുന്നവര്‍ക്ക് വരണ്ടു കിടക്കുന്ന ചതുപ്പു നിലമായി മാത്രമെ തോന്നൂ. അതുകൊണ്ടാണ് ഈ തടാകത്തിന് അപ്രത്യക്ഷമാകുന്ന തടാകമെന്ന പേര് ലഭിച്ചതും.
ഈ ഗര്‍ത്തത്തിലേക്കു വീഴുന്ന വെള്ളം എത്തുന്നത് ലാവ ഒഴുകിയിരുന്ന ഒരു തുരങ്കത്തിലേക്കാണ്. ഇതു വഴിയാണ് ഗര്‍ത്തത്തില്‍ നിന്നു വെള്ളം അപ്രത്യക്ഷമാകുന്നതും. ഗര്‍ത്തത്തില്‍ ഏതാണ്ട് ഒന്‍പതടി താഴ്ചയിലാണ് ഈ ലാവ നിര്‍മ്മിത തുരങ്കമുള്ളത്. കഷ്ടിച്ച് ഒരടി മാത്രമാണ് ഈ തുരങ്കത്തിന്റെ വീതി.
മഴക്കാലത്ത് വലിയ തോതില്‍ വെള്ളമെത്തുമ്പോള്‍ ഇതു മുഴുവന്‍ ഒഴുക്കിക്കളയുന്നതിനുള്ള ശേഷി ഈ തുരങ്കത്തിനില്ല. അതിനാലാണ് ഗര്‍ത്തം നിറഞ്ഞ് പ്രദേശത്ത് തടാകം രൂപപ്പെടുന്നത്. മഞ്ഞുകാലത്ത് ഈ പ്രദേശമാകെ മഞ്ഞു മൂടി കിടക്കും. വസന്തകാലത്ത് മഞ്ഞുരുകി വീണ്ടും വെള്ളം നിറയും. വേനല്‍ക്കാലമെത്തുന്നതോടെ വീണ്ടും വെള്ളം മുഴുവന്‍ തുരങ്കത്തിലൂടെയൊഴുകി തടാകം അപ്രത്യക്ഷമാവുകയും ചെയ്യും.
https://www.facebook.com/Malayalivartha