സ്രാവിന്റെ വായില്‍ പെടാതെ ഗവേഷകയെ കൂനന്‍ തിമിംഗലം രക്ഷിച്ചു!
സമുദ്ര ഗവേഷകയെ സ്രാവിന്റെ പിടിയില്‍ നിന്ന് രക്ഷിച്ച കൂനന്‍ തിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു. കുക്ക് ഐലന്‍ഡില്‍ മ്യുറി ബീച്ചില്‍ പസഫിക് സമുദ്രാന്തര്‍ ഭാഗത്ത് ഗവേഷണം നടത്തുകയായിരുന്ന 63-കാരി നാന്‍ ഹോസറെയാണ് സ്രാവിന്റെ പിടിയില്‍ നിന്ന് തിമിംഗലം അത്ഭുതകരമായി രക്ഷപെടുത്തിയത്. തിമിംഗല ഗവേഷക സംഘത്തിലെ ജന്തുശാസ്ത്രജ്ഞയാണ് നാന്‍ ഹോസര്‍. സമുദ്രാന്തര്‍ ഭാഗത്ത് ഗവേഷണം നടത്തുകയായിരുന്നു നാന്‍ ഹോസറും സംഘവും. അപ്പോഴാണ് ഹോസറെ ലക്ഷ്യമാക്കി ടൈഗര്‍ ഷാര്‍ക്കിന്റെ വരവ്.കടലിന്നടില്‍ ഗവേഷണത്തിലേര്‍പ്പെട്ടിരുന്ന നാന്‍ ഹോസര്‍ ഇതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ സമുദ്രോപരിതലത്തില്‍ ബോട്ടിലുണ്ടായിരുന്ന സംഘം ഡ്രോണ്‍ ഉപയോഗിച്ച് ഈ രംഗങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പെട്ടെന്നായിരുന്നു ഹോസറിനരികിലേക്ക് കൂറ്റന്‍ കൂനന്‍ തിമിംഗലത്തിന്റെ മാസ് എന്‍ട്രി.
ഹോസറെ രക്ഷിക്കാനെത്തിയത് 50000 പൗണ്ട് അതായത് ഏകദേശം 22632 കിലോയോളം വരുന്ന കൂറ്റന്‍ തിമിംഗലമാണ്. സ്രാവിന്റെ പിടിയില്‍ നിന്നു രക്ഷിക്കാനായി തിമിംഗലം തലയുപയോഗിച്ചും വായുപയോഗിച്ചും ഹോസറെ തട്ടിമാറ്റി. ഒരവസരത്തില്‍ സുരക്ഷിതമായി തിമിംഗലത്തിന്റെ ചിറകിനടിയില്‍ ഒളിപ്പിക്കുകയും ചെയ്തു. ഏകദേശം 10 മിനിട്ടോളം തിമിംഗലം ഹോസറെ സ്രാവിന്റെ പിടിയില്‍ അകപ്പെടാതെ കാത്തു. പിന്നീട് തലകൊണ്ടുയത്തി നാന്‍ ഹോസറെ ജലോപരിതലത്തിലെത്തിക്കാനും തിമിംഗലം ശ്രമിച്ചു.
15 അടിയോളം നീളമുള്ള വമ്പന്‍ ടൈഗര്‍ ഷാര്‍ക്കാണ് നാന്‍ ഹോസറെ ആക്രമിക്കാനെത്തിയത്.ഇതിനിടയില്‍ അവിടേക്കെത്തിയ മറ്റൊരു തിമിംഗലം സ്രാവിനെ വാലുപയോഗിച്ച് അടിച്ച് അവിടെനിന്നു തുരത്തുകയും ചെയ്തു. സ്രാവിന്റെ പിടില്‍ നിന്നും രക്ഷപെട്ടെത്തിയ ഹോസര്‍ തിരികെ ബോട്ടിലേക്കു കയറിയപ്പോഴും ഒരിക്കല്‍ക്കൂടി ഹോസര്‍ സുരക്ഷിതയാണോയെന്നറിയാന്‍ തിമിംഗലം ജലോപരിതലത്തിലെത്തി ബോട്ടിലേക്ക് നോക്കിയിരുന്നു. അപകടത്തില്‍ പെടുന്ന മറ്റു സഹജീവികളെ രക്ഷിക്കാനുള്ള തിമിംഗലങ്ങളുടെ സ്വഭാവവിശേഷമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് നാന്‍ ഹോസര്‍ വിശദീകരിച്ചു.ഇതിനു മുന്‍പും പലതവണ ഹോസര്‍ കടലില്‍ ഗവേഷണത്തിനിറങ്ങിയിട്ടുണ്ടെങ്കിലും ഇത്രയടുത്ത് ആദ്യമായാണ് ഒരു തിമിംഗലത്തെ കാണുന്നത്.
തിമിംഗലം അടുത്തെത്തിയപ്പോള്‍ ഉള്ളില്‍ നേരിയ ഭയമുണ്ടായിരുന്നെങ്കിലും അവര്‍ അതു പുറത്തു പ്രകടിപ്പിച്ചില്ല. മൃഗങ്ങളെ ഇഷ്ടമായതുകൊണ്ടു തന്നെ സംയമനം പാലിച്ച് തിമിംഗലത്തിനരികില്‍ തന്നെ നിന്നു. തിമിംഗലം തലകൊണ്ടു തട്ടിയപ്പോഴും എന്തിനെന്നറിയില്ലെങ്കിലും ഹോസര്‍ ഭയന്നു പിന്മാറിയില്ല. ഇതിനിടയില്‍ പലവട്ടം ഹോസര്‍ തിമിംഗലത്തെ സ്‌നേഹപൂര്‍വ്വം സ്പര്‍ശിക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ ഡ്രോണ്‍ ഉപയോഗിച്ച് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഗവേഷക സംഘം നാന്‍ ഹോസറുടെ അവസ്ഥ കണ്ട് ഞെട്ടിയിരുന്നു. അവര്‍ തന്റെ മരണം പകര്‍ത്താല്‍ തയ്യാറായിരുന്നില്ലെന്നാണ് ആ നിമിഷങ്ങളെക്കുറിച്ച് നാന്‍ ഹോസറുടെ വിശദീകരണം.
ഡോള്‍ഫിനുകള്‍ക്ക് അപകടത്തില്‍ പെടുന്നവരെ രക്ഷിക്കുന്ന സ്വഭാവമുണ്ട്. അതിനെക്കുറിച്ച് ഒട്ടനവധി കഥകളും ഹോസര്‍ മുന്‍പ് കേട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ കൂനന്‍ തിമിംഗലങ്ങള്‍ക്ക് ഇങ്ങനെയൊരു സ്വഭാവസവിശേഷതയുണ്ടെന്ന് തിരിച്ചറിഞ്ഞത് ഇതാദ്യമായാണ്. സ്രാവ് അരികിലുണ്ടെന്നറിയാതെ ഹോസര്‍ തിമിംഗലത്തിന്റ സംരക്ഷണ വലയത്തില്‍ നിന്നത് ഏകദേശം 10 മിനിട്ടോളമാണ്.
തിമിംഗലത്തിനോടു നന്ദി പറഞ്ഞാണ് ഹോസര്‍ ബോട്ടിലേക്കു തിരിച്ചെത്തിയത്. താന്‍ നേരിട്ട അവസ്ഥ സഹപ്രവര്‍ത്തകര്‍ വിശദീകരിച്ചപ്പോള്‍ മാത്രമാണ് ഇത്ര ഭീകരമായിരുന്നുവെന്ന് ഹോസര്‍ മനസ്സിലാക്കിയത്. എന്തായാലും സ്രാവിന്റെ പിടിയില്‍ നിന്ന് നാന്‍ ഹോസറെ രക്ഷിച്ച കൂനന്‍ തിമിംഗലമാണ് ഇപ്പോള്‍ മാധ്യമങ്ങളിലെ താരം.
https://www.facebook.com/Malayalivartha