പ്രപഞ്ചരഹസ്യം വെളിപ്പെടുത്തി തരും ഈ കല്ല്
ഈജിപ്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കണ്ടെത്തിയ വിചിത്ര വസ്തുവിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്. 1996-ലാണ് ഈജിപ്ഷ്യന്‍ ജിയോളജിസ്റ്റായ അലി ബറാക്കാത്ത് പലതരം വര്‍ണങ്ങള്‍ നിറഞ്ഞ ഒരു കല്ല് സഹാറ മരുഭൂമിയില്‍ നിന്ന് കണ്ടെത്തിയത്. 2.8 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയില്‍ പതിച്ച ഒരു ഉല്‍ക്കയില്‍ നിന്നുള്ള ഭാഗങ്ങളാണ് ഇതെന്നാണ് കരുതുന്നത്. എന്നാല്‍ പിന്നീട് വിവിധ രാജ്യങ്ങളിലൂടെ കൈമറിഞ്ഞ ഈ അപൂര്‍വ്വ വസ്തു 2013 മുതല്‍ ജോഹന്നാസ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയുടെ കയ്യിലാണ്.
2013 മുതല്‍ ഹൈപേഷ്യക്കല്ല് എന്നാണ് ഇത് അറിയപ്പെടുന്നത്.എഡി നാലാം നൂറ്റാണ്ടില്‍ അലക്‌സാണ്ട്രിയയില്‍ ജീവിച്ചിരുന്ന ഗണിത വാനശാസ്ത്ര വിദഗ്ധയായിരുന്നു ഹൈപേഷ്യ. ഇവരുടെ പേരാണ് ഈ അപൂര്‍വ്വ വസ്തുവിന് ഇട്ടിരിക്കുന്നത്. എന്നാല്‍ രണ്ടു ദശാബ്ദക്കാലത്തിലേറെ പഠനം നടത്തിയിട്ടും ആ ധാതുക്കള്‍ നിറഞ്ഞ കല്ലിന്റെ വരവ് എവിടെ നിന്നാണെന്ന് ശാസ്ത്രലോകത്തിന് പൂര്‍ണ്ണമായും ഇപ്പോഴും പിടികിട്ടിയിട്ടില്ല.
ഈ കല്ലിന്റെ ഉല്‍പ്പത്തി സംബന്ധിച്ച് സര്‍വ്വകലാശാല അന്താരാഷ്ട്ര ജിയോകെമിക്കല്‍ സൊസൈറ്റിയുടെയും മീറ്റിയോറിറ്റിക്കല്‍ സൊസൈറ്റിയുടെയും സംയുക്ത ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലെ മൂന്ന് പ്രധാന പോയന്റുകള്‍ ഇതാണ്.
1. സൗരയൂഥം ഉടലെടുക്കുന്നതിന് മുമ്പേ ഉണ്ടായിരുന്ന ഉല്‍ക്കയുടെ ഭാഗമാണ് ഹൈപേഷ്യ കല്ല്. പിന്നീട് ഭൂമിയുടെ രൂപീകരണത്തിനു ശേഷം അതിലേക്ക് പതിച്ചതാകണം.
2. സൗരയൂഥം രൂപീകരിക്കപ്പെട്ടെന്ന് കരുതുന്ന കോസ്മിക് ഡസ്റ്റ് ക്ലൗഡില്‍ നിന്നു തന്നെയാകണം ഹൈപേഷ്യയും രൂപീകരിക്കപ്പെട്ടത്.
3. ഭൂമിയിലേക്ക് പതിക്കുമ്പോള്‍ മീറ്ററുകള്‍ വ്യാസമുള്ള കല്ലായിരുന്നിരിക്കണം ഇത്. വീഴ്ചയുടെ ആഘാതത്തില്‍ സെന്റിമീറ്ററുകള്‍ മാത്രം വലുപ്പത്തിലുള്ള കഷണങ്ങളായി ചിതറി. പെബ്ള്‍സ് എന്നാണ് ഗവേഷകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
ചുരുക്കി പറഞ്ഞാല്‍ സൗരയൂഥം എങ്ങനെയാണു രൂപീകരിക്കപ്പെട്ടത് എന്നതിനുള്‍പ്പെടെയുള്ള ഉത്തരമാണ് ഹൈപേഷ്യക്കല്ല് നല്‍കുക എന്നാണ്.
https://www.facebook.com/Malayalivartha