സ്വാമി രവീന്ദ്രാനന്ദ തന്റെ പൂര്‍വാശ്രമത്തിലെ ബന്ധുക്കളെ കാണാന്‍ എത്തി
കാര്‍ത്യായനി സ്‌കൂള്‍ പാചകപ്പുരയില്‍നിന്ന് വീടെത്തുംവരെ ഓടുകയായിരുന്നു. അന്വേഷിച്ചവരോട് മറുപടിപറയാന്‍ അവര്‍ക്ക് വാക്കുകള്‍ കിട്ടിയില്ല. 28 വര്‍ഷംമുന്‍പ് തന്നെ വിട്ടകന്ന മകന്‍ തന്നെക്കാണാന്‍ വീട്ടിലെത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഈ അമ്മ.
ഹരിദ്വാറിലെ സന്ന്യാസിസമൂഹമായ ജൂന അഖാഡയിലെ സ്വാമി മഹന്ദ് രവീന്ദ്രാനന്ദ സരസ്വതിയാണ് പൂര്‍വാശ്രമത്തിലെ ബന്ധുക്കളെ കാണാന്‍ ചേളാരി ചുള്ളോട്ടുപറമ്പ് തോട്ടോളി വാക്കയില്‍ വീട്ടിലെത്തിയത്. അമ്മ മകന്‍ ഉണ്ണിയെ കെട്ടിപ്പിടിച്ചു കരഞ്ഞാണ് വരവേറ്റത്. ചേച്ചിമാരായ ഭാഗ്യലക്ഷ്മിയും സാവിത്രിയും അനുജന്‍ സുരേഷ് ബാബുവും സുരേഷിന്റെ ഭാര്യ ഷിജിയും സാക്ഷികളായി. സ്‌കൂളിലെ പാചകജോലിക്കിടെയാണ് കാര്‍ത്യായനി മകനെ കാണാന്‍ ഓടിയെത്തിയത്.
പരേതനായ തോട്ടോളി അയ്യപ്പന്റെ മകനായ ശിവരാമന്‍ എന്ന ഉണ്ണി കുട്ടിക്കാലത്ത് അച്ഛനോടൊപ്പം മൈസൂരുവിലായിരുന്നു. പത്തുവയസ്സിനുമുന്‍പുതന്നെ അവിടെയുള്ള വീടുവിട്ടുപോയി. 28 വര്‍ഷംമുന്‍പ് ഇരുപതുവയസ്സുള്ളപ്പോള്‍ ചേളാരിയിലെ വീട്ടില്‍ വന്നത് സഹോദരങ്ങള്‍ക്ക് ഇപ്പോഴും ഓര്‍മയുണ്ട്.
ഇതിനുശേഷമാണ് സന്ന്യാസം സ്വീകരിച്ചത്. നിരവധി സംസ്ഥാനങ്ങളില്‍ യാത്രചെയ്തു. ഗോരക്ഷാ യാത്രയുടെ ഭാഗമായാണ് ഇപ്പോള്‍ കേരളത്തിലെത്തിയത്. തൃശ്ശൂരില്‍ തങ്ങിയ യാത്രാസംഘത്തിലെ സ്വാമി സംവിധാനന്ദയ്‌ക്കൊപ്പമാണ് അമ്മയെത്തേടി എത്തിയത്.
മകന്‍ മടങ്ങിവരുമെന്നുറപ്പുണ്ടായിരുന്ന അമ്മ റേഷന്‍കാര്‍ഡില്‍നിന്ന് പേരുമാറ്റാന്‍പോലും അനുവദിച്ചിരുന്നില്ല. മൂന്നുവര്‍ഷംമുന്‍പ് അച്ഛന്‍ അയ്യപ്പന്‍ മരിച്ചപ്പോള്‍ കന്നഡ പത്രങ്ങളില്‍ പരസ്യവും നല്‍കി.
മകനെ കാണാന്‍ മേപ്പറമ്പത്ത് ഭഗവതിക്ക് വഴിപാട് നേര്‍ന്നിരുന്നതായി കാര്‍ത്യായനി പറഞ്ഞു. പ്രാര്‍ഥന ഫലിച്ചതിന്റെ സന്തോഷത്തില്‍ മകനെ കൂട്ടി ഭഗവതിക്കുമുന്നില്‍ പ്രാര്‍ഥിച്ചു. ഇനി വല്ലപ്പോഴുമൊക്കെ വരാമെന്നുപറഞ്ഞാണ് സ്വാമി മടങ്ങിയത്.
https://www.facebook.com/Malayalivartha