അപ്പച്ചന്റെ കുട്ടി 'യന്തിര'ന്‍ അതിമനോഹരമായി കപ്പ അരിയും!
ആവശ്യമാണ് കണ്ടുപിടിത്തങ്ങളുടെ മാതാവ് എന്നൊരു ചൊല്ലുണ്ട് ഇംഗ്ലീഷില്‍.അത് വളരെ ശരിയാണെന്ന് മുട്ടം സ്വദേശി അപ്പച്ചന്റെ കഥ കേള്‍ക്കുന്ന ആരും സമ്മതിച്ചുതരും. കപ്പ അരിഞ്ഞ് കയ്യും തോളും വേദനിച്ച നാളുകളിലെ ചിന്തയാണ് മുട്ടം സ്വദേശി അപ്പച്ചനെ കണ്ടുപിടിത്തക്കാരനാക്കിയത്. ചുരുങ്ങിയ ചെലവില്‍ കപ്പ അരിയാനൊരു യന്ത്രം വികസിപ്പിച്ചെടുത്തു, ഈ മലയോര കര്‍ഷകന്‍. സംഗതി ഹിറ്റായതോടെ അപ്പച്ചന്‍ രൂപകല്‍പന ചെയ്ത കപ്പ അരിയല്‍ യന്ത്രത്തിനു വന്‍ ഡിമാന്‍ഡാണ്. മനുഷ്യന്റെ അധ്വാനം കുറച്ച് കപ്പ അരിയുന്ന യന്ത്രം കാര്‍ഷികലോകത്തെ കൗതുക'യന്തിരന്‍' കൂടിയാണ്.
1995 ഡിസംബറിലാണ് തൊടുപുഴ മുട്ടം പൂവത്തോട്ടത്തില്‍ അപ്പച്ചന്‍ എന്ന വിളിപ്പേരില്‍ നാട്ടുകാര്‍ക്ക് പരിചിതനായ മാത്യു ഏബ്രഹാം (63) കപ്പ അരിയല്‍ യന്ത്രത്തിനു രൂപം നല്‍കിയത്. പരേതനായ ഏബ്രഹാംഅന്നമ്മ ദമ്പതികളുടെ നാലു മക്കളില്‍ മൂത്തവനായ അപ്പച്ചന്‍ പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. വളരെ ചെറുപ്പത്തില്‍ തന്നെ കൃഷിയിലേക്കിറങ്ങി. മുട്ടം കൊല്ലംകുന്നു മലയില്‍ അപ്പച്ചന് ഒരേക്കര്‍ സ്ഥലമുണ്ടായിരുന്നു. ഇവിടെയായിരുന്നു വീടും.
കപ്പ മാത്രമായിരുന്നു ഇവിടെ കൃഷി. കപ്പ പിഴുത് അരിഞ്ഞുണക്കി വില്‍ക്കുകയായിരുന്നു അപ്പച്ചന്റെ ജോലി. ''ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് കപ്പ പിഴുതെടുക്കുന്നതും അരിയലും വാട്ടലും പാറപ്പുറത്തു വിരിച്ചിട്ടുള്ള ഉണക്കലുമെല്ലാം.... ഒറ്റയിരിപ്പ് ഇരുന്നരിയണം. കത്തിപിടിച്ചു കൈ വേദനിക്കും. അന്നൊക്കെ 10 കിലോ കപ്പയ്ക്കു 20 രൂപ മാത്രമായിരുന്നു വില. ആയാസമേറിയ ജോലിയാണ് കപ്പ അരിയല്‍. ഇടയ്ക്കു കൈ മുറിയും. തോളുകള്‍ വേദനിക്കും. പെട്ടെന്നു തളര്‍ന്നുപോകും''– അപ്പച്ചന്‍ പറയുന്നു.
കപ്പ അരിയല്‍ ശ്രമകരമായ ജോലിയായിരുന്നു. എല്ലാ കര്‍ഷകര്‍ക്കും ഈ ബുദ്ധിമുട്ടനുഭവപ്പെട്ടപ്പോഴാണ് കപ്പ അരിയല്‍ യന്ത്രത്തെക്കുറിച്ച് ആലോചിച്ചത്. കൈകൊണ്ടു പ്രവര്‍ത്തിപ്പിച്ച് അനായാസമായി കപ്പ അരിയുന്ന യന്ത്രമായിരുന്നു മനസ്സില്‍. ഇതിനായി രാത്രിയും പകലും നീക്കിവച്ചു. കഠിനാധ്വാനം ഒഴിവാക്കി, കനം കുറച്ചു കപ്പ അരിയണം, അതും വേഗത്തില്‍, അതു മാത്രമായിരുന്നു മനസ്സില്‍. തടിയിലായിരുന്നു ആദ്യ പരീക്ഷണം.
ഇരുമ്പുതകിടില്‍ തീര്‍ത്ത ഡിസ്‌കാണ് അപ്പച്ചന്‍ രൂപകല്‍പന ചെയ്ത കപ്പ അരിയല്‍ യന്ത്രത്തിന്റെ മുഖ്യഭാഗം. തുല്യ അകലത്തിനായി ഡിസ്‌കിനൊരു കൈപ്പിടിയുണ്ട്. ഡിസ്‌കിനോടു ചേര്‍ന്നു കപ്പ വച്ചുകൊടുക്കുന്ന പാത്തി. ചിരവ പോലെ ഈ യന്ത്രം സൗകര്യപ്രദമായ സ്ഥലത്തു ഘടിപ്പിച്ചശേഷം അരികിലിരുന്നു കറക്കി കപ്പ അരിയാം. കപ്പ കയ്യിലെടുത്ത് കത്തികൊണ്ട് ഒരു കഷണം അരിഞ്ഞുവീഴ്ത്തുന്ന നേരം കൊണ്ട് ഡിസ്‌ക് ഒരുവട്ടം കറങ്ങും. ഈ സമയം അരിഞ്ഞുവീഴുന്നതു മൂന്നു കഷണം! ഒരു സമയം മൂന്നുപേര്‍ അരിയുന്ന വേഗം. കറക്കല്‍ വേഗം കൂട്ടിയാല്‍ ഒരു സമയം ഒന്‍പതുപേര്‍ അരിയുന്ന പണി ലാഭം.
ഒരു യന്ത്രം നിര്‍മിക്കാന്‍ മൂന്നുദിവസം വേണം. 10 കിലോ ഇരുമ്പു തകിട്, കുറച്ചു നട്ടും ബോള്‍ട്ടും, പിന്നെ പിവിസി പൈപ്പും. ഇത്രയുമുണ്ടെങ്കില്‍ യന്ത്രം റെഡി. ഇരുമ്പു തകിട് വെട്ടി രൂപപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ളവയെല്ലാം കൈവേല തന്നെ. 2500 രൂപയോളം ചെലവു വരും. തടിയില്‍ നിര്‍മിച്ച യന്ത്രത്തിന്റെ ബ്ലെയ്ഡിനരികിലേക്കു കപ്പ വച്ചുകൊടുക്കുമ്പോള്‍ അപകടമുണ്ടാകാന്‍ ഇടയുണ്ടെന്നു തോന്നിയപ്പോള്‍ യന്ത്രം പരിഷ്‌കരിച്ചു.
കപ്പ സുരക്ഷിതമായി വച്ചുകൊടുക്കാന്‍ പിവിസി പൈപ്പ് കൊണ്ടു പാത്തി ഘടിപ്പിച്ചു. യന്ത്രഭാഗങ്ങള്‍ ഗുണമേന്മയുള്ള ഇരുമ്പുതകിടില്‍ തീര്‍ത്തു. അതോടെ യന്ത്രം കുട്ടികള്‍ക്കുപോലും ഉപയോഗിക്കാവുന്നത്ര ലളിതമായി, സുരക്ഷിതവും. ചെറിയ സഞ്ചിയിലൊതുക്കി ഈ യന്ത്രം എവിടെ വേണമെങ്കിലും കൊണ്ടുപോകാമെന്ന പ്രത്യേകതയുമുണ്ട്.
കപ്പ അരിയല്‍ യന്ത്രം പരീക്ഷിച്ചു വിജയം കണ്ടതോടെ വിപണന സാധ്യതകളും അപ്പച്ചന്‍ ഉറപ്പാക്കി. യന്ത്രത്തെക്കുറിച്ച് അറിഞ്ഞ്, പലരും സമീപിച്ചതോടെ ഇതു നിര്‍മിച്ചു വില്‍ക്കാനും തുടങ്ങി. ഇതുവരെ ആയിരത്തിലേറെ യന്ത്രങ്ങളാണ് അപ്പച്ചന്‍ വിറ്റത്. വില 4000 രൂപ.
മൂന്നു ദിവസത്തെ പണിക്കൂലിയാണ് അപ്പച്ചനുള്ള ലാഭം. ആയിരത്തിലേറെ യന്ത്രങ്ങള്‍ നിര്‍മിച്ചു വിറ്റു. പരാതി പറഞ്ഞ് ആരും മടക്കിക്കൊണ്ടുവന്നിട്ടില്ല. ഓര്‍ഡര്‍ അനുസരിച്ചു മാത്രമേ യന്ത്രം നിര്‍മിക്കാറുള്ളൂവെന്നും അപ്പച്ചന്‍ പറയുന്നു. സീസണില്‍ യന്ത്രവുമായി ആവശ്യക്കാരുടെ വീട്ടിലെത്തി ദിവസക്കൂലിക്കു കപ്പ അരിഞ്ഞു നല്‍കും. ദിവസം 32 ചെമ്പ് കപ്പയെങ്കിലും അരിയും. അതായത് 3200 കിലോ. കൂലി 1000 രൂപ. മനുഷ്യപ്രയത്‌നമാണെങ്കില്‍ പത്തുപേരുടെ പണിയാണിത്. യന്ത്രനിര്‍മാണ ജോലികളില്‍ ഭാര്യ ത്രേസ്യയും ഏക മകള്‍ സോഫിയയും അപ്പച്ചനെ സഹായിക്കും.
https://www.facebook.com/Malayalivartha