പ്ലെക്‌സിഗ്ലാസ് കൊണ്ടു നിര്‍മ്മിച്ച ഡൈവിങ് കേജിന്റെ വാതില്‍തുറന്നു; നടുക്കടലില്‍ സ്രാവുകള്‍ക്കിടയില്‍ നിസ്സഹായനായി ഗവേഷകന്
മെക്‌സിക്കോ കടലില്‍ ഒരു അമേരിക്കന്‍ ഗവേഷകന്‍ നേരിട്ട അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ കണ്ടാല്‍ തന്നെ മനസ്സിലാവും സ്രാവുകളെക്കുറിച്ചുള്ള പഠനവും അവയെക്കുറിച്ചുള്ള ചിത്രീകരണവും എത്രമാത്രം അപകടകരമാണെന്ന്!
സ്രാവുകളെക്കുറിച്ച് പഠനം നടത്താന്‍ കൂടിനകത്തു കയറി വെള്ളത്തിലേക്കിറങ്ങിയ ഡിക്കി എന്ന ഗവേഷകന് നേരിടേണ്ടി വന്നത് ഭീതിജനകമായ ഏതാനും മണിക്കൂറുകളെയാണ്. ചില്ലുകൂടിന്റെ വാതില്‍ തകരാറിലായതോടെ അഞ്ചു കൂറ്റന്‍ സ്രാവുകളുടെ ഇടയില്‍ പെട്ട് മരണം മുന്നില്‍ കണ്ട് ഇയാള്‍ക്ക് കഴിയേണ്ടി വന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമേറിയ സ്രാവുകള്‍ കാണപ്പെടുന്ന മേഖലയായ മെക്‌സിക്കന്‍ കടലില്‍. എത്തുന്ന പെണ്‍ സ്രാവുകളെ നിരീക്ഷിക്കുകയായിരുന്നു ഗവേഷകന്റെ ലക്ഷ്യം. പൂര്‍ണമായും സുതാര്യമായ ഡൈവിങ് കേജ് പ്ലക്‌സിഗ്ലാസ് കൊണ്ടു നിര്‍മ്മിച്ചതായിരുന്നു. സമുദ്രത്തിലേക്ക് ഏതാണ്ട് 175 മീറ്റര്‍ ആഴത്തിലെത്തിയപ്പോഴാണ് മര്‍ദ്ദം കൂടിയതു കാരണം ഡൈവിങ് കേജിന്റെ വാതില്‍ കേടായത്. ലോക്ക് തകര്‍ന്നതോടെ വാതില്‍ തനിയെ തുറന്നു പോകാന്‍ തുടങ്ങി.
ഇതോടെ അഞ്ച് സ്രാവുകള്‍ക്കു നടുവില്‍ എന്തു ചെയ്യണമെന്നറിയാതെ ഗവേഷകന്‍ അകപ്പെട്ടു. സ്രാവുകള്‍ കൂടിനു നേരെ പല തവണ ആക്രമിക്കാന്‍ വന്നതിനാല്‍ വാതില്‍ വലിച്ചുപിടിച്ചു നിര്‍ത്തുകയല്ലാതെ ജീവന്‍ രക്ഷിക്കാന്‍ മറ്റു വഴികളുണ്ടായിരുന്നില്ല. സംഭവം മറ്റൊരു കൂട്ടിലുണ്ടായിരുന്നു ക്യാമറ ടീം ബോട്ടിലുള്ളവരെ അറിയിച്ചു. ഇവര്‍ ഗവേഷകന്റെ കൂട് മുകളിലേക്കെത്തിച്ചെങ്കിലും രക്ഷപ്പെടല്‍ അത്ര എളുപ്പമല്ലായിരുന്നു. കൂട്ടില്‍ നിന്നിറങ്ങി നീന്തിയാല്‍ സ്രാവുകളുടെ വായില്‍ അകപ്പെടുമെന്ന് ഉറപ്പായിരുന്നു.
കൂടിന്റെ മുകളില്‍ ദ്വാരമുണ്ടെങ്കിലും ബോട്ടടുപ്പിച്ച ശേഷം അതിലൂടെ പുറത്തു കടക്കാന്‍ ശ്രമിച്ചാലും കൂടു മറിയാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ അതും അപകടകരമാണ്. ഇതോടെയാണ് സ്രാവുകള്‍ പോകുന്നതുവരെ കൂട് കൈകൊണ്ടു വലിച്ചടച്ചു പിടിക്കുകയെന്നതു മാത്രമാണ് ജീവന്‍ രക്ഷിക്കാനുള്ള വഴിയെന്ന് ഗവേഷകന്‍ തിരിച്ചറിഞ്ഞത്. ഏതാണ്ട് മൂന്നു മണിക്കൂറോളമാണ് ഇയാള്‍ക്ക് സ്രാവുകള്‍ക്കു നടുവില്‍ ജീവനും കയ്യില്‍ പിടിച്ച് ഇരിക്കേണ്ടി വന്നത്.
ഇതിനിടെ സ്രാവുകള്‍ പല തവണ കൂടിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒടുവില്‍ മുകളിലെത്തിയപ്പോഴേക്കും ഡൈവിങ് കേജിന്റെ വാതിലിന്റെ അരികുകൊണ്ട് ഗവേഷകന്റെ കൈകളില്‍ ആഴത്തില്‍ മുറിവേറ്റു ചോരയൊലിക്കുന്നുണ്ടായിരുന്നു. കാര്യമെന്തായാലും സ്രാവുകള്‍ക്കിടയില്‍ നിന്ന് ജീവന്‍ രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് ഗവേഷകനും സംഘവും.
https://www.facebook.com/Malayalivartha