അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ കണ്ടെത്തല്‍ നടന്ന സ്ഥലം പക്ഷേ ഗവേഷകര്‍ പുറത്തുവിടില്ല; കാരണം?
അടുത്തിടെ ഗവേഷകര്‍ ലോകത്തിലെ ഏറ്റവും അപൂര്‍വങ്ങളില്‍ അപൂര്‍വമായൊരു കണ്ടെത്തല്‍ നടത്തി. ടാസ്മാനിയന്‍ കടലില്‍ ഒരു അദ്ഭുത മത്സ്യത്തെ കണ്ടെത്തി. എന്നാല്‍ കടലില്‍ എവിടെയാണ് ഈ ഇടമെന്ന് ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടില്ല. അതിനു കാരണവുമുണ്ട്. ലോകത്തിലെ ഏറ്റവും അപൂര്‍വമായ മത്സ്യം എന്നറിയപ്പെടുന്ന 'റെഡ് ഹാന്‍ഡ് ഫിഷി'നെയാണ് അവര്‍ കണ്ടെത്തിയത്. ലോകത്ത് ആകെ 20 മുതല്‍ 40 എണ്ണം വരെ മാത്രമേ ഇവയുള്ളൂവെന്നാണു കരുതുന്നത്. എന്നാല്‍ പുതിയ സ്ഥലത്ത് എട്ടെണ്ണത്തെ കൂടി കണ്ടെത്താനായിട്ടുണ്ട്.
സമാനമായ രീതിയില്‍ മറ്റിടങ്ങളിലും റെഡ് ഹാന്‍ഡ് ഫിഷ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു ഗവേഷകരിപ്പോള്‍. അത്രയേറെ ആശ്വാസകരമാണ് കണ്ടുപിടിത്തം. സംഗതി മത്സ്യമാണെങ്കിലും മറ്റുള്ളവയെപ്പോലെ നീന്താനാകില്ല റെഡ് ഹാന്‍ഡ് ഫിഷിന്. നീന്താന്‍ ചിറകിനു പകരം കൈയ്ക്കു സമാനമായ അവയവങ്ങളാണ് ഉള്ളത്. അവ ഉപയോഗിച്ച് ജലാശയങ്ങളുടെ അടിത്തട്ടില്‍ പിടിച്ചാണ് സഞ്ചാരം. അതുകൊണ്ടാണ് ഹാന്‍ഡ്ഫിഷ് എന്ന പേരും. 14 വിഭാഗം ഹാന്‍ഡ് ഫിഷുകളെ കണ്ടെത്തിയിട്ടുണ്ട്. അവയിലൊന്നാണ് റെഡ് ഹാന്‍ഡ്. ശാസ്ത്രനാമം– THYMICHTHYS POLITUS.
ടാസ്മാനിയന്‍ കടലിന് തെക്കുകിഴക്കു മാറി ഫ്രെഡറിക് ഹെന്റി ബേയില്‍ മാത്രമേ ഇതുവരെ ഹാന്‍ഡ് ഫിഷുകളെ കണ്ടെത്തിയിരുന്നുള്ളൂ. എന്നാല്‍ ഇവിടെ നിന്നു കിലോമീറ്ററുകള്‍ മാറിയാണു പുതിയ താവളത്തിന്റെ സ്ഥാനം. പുതിയ ആവാസസ്ഥാനത്തിനാകട്ടെ രണ്ട് ടെന്നിസ് കോര്‍ട്ടുകളുടെ വലുപ്പവുമുണ്ട്. അടുത്തിടെ ഒരു ഡൈവിങ് വിദഗ്ധനാണ് പുതിയ ഇടത്ത് റെഡ് ഹാന്‍ഡ് ഫിഷിനെ കണ്ടത്. ഇക്കാര്യം ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മറൈന്‍ ആന്‍ഡ് അന്റാര്‍ട്ടിക് സ്റ്റഡീസിലെ (ഐഎംഎഎസ്) വിദഗ്ധരെ അറിയിച്ചു. സംഗതി സത്യമാണോയെന്നറിയാന്‍ തന്നെയായിരുന്നു അവരുടെ തീരുമാനം. റീഫ് ലൈഫ് സര്‍വേ എന്ന സംഘടനയും ഐഎംഎഎസിനൊപ്പം ചേര്‍ന്നു.
അങ്ങനെ മേല്‍പ്പറഞ്ഞ സ്ഥലത്ത് മൂന്നരമണിക്കൂറോളം തുടര്‍ച്ചയായി പരിശോധന നടന്നു. ഇനി മടങ്ങാമെന്നു കരുതിയെങ്കിലും വീണ്ടുമൊന്നു ശ്രമിക്കാമെന്ന തോന്നലില്‍ നിന്നാണ് ലോകത്തിനു മുന്നിലേക്ക് ആ സന്തോഷ വാര്‍ത്തയെത്തിയത്. എട്ട് റെഡ് ഹാന്‍ഡ് ഫിഷുകളെയായിരുന്നു. എല്ലാവരും ചേര്‍ന്ന് കണ്ടെത്തിയത് 10,000 ചതുരശ്ര അടി പ്രദേശത്തു നടത്തിയ തിരച്ചിലിലാണ് ഇത്രയും എണ്ണത്തെ കണ്ടെത്തിയത്. എങ്കിലും ഗവേഷകര്‍ സന്തോഷത്തിലാണ്. കടലിലെ മറ്റു ഭാഗങ്ങളിലും ഇവയുണ്ടാകുന്ന പ്രതീക്ഷയ്ക്കാണ് ഇതോടെ ജീവന്‍ വച്ചത്.
ലോകത്തിലെ ഏറ്റവും അപൂര്‍വമത്സ്യമെന്ന റെക്കോര്‍ഡും ഒരു ഹാന്‍ഡ് ഫിഷിനാണ്. 'സീബെല്‍സ്' എന്നാണു പേര്. ഒരു ദശാബ്ദക്കാലത്തിനു മുന്‍പാണ് ഇവയിലൊന്നിനെ ഭൂമിയില്‍ അവസാനമായി ജീവനോടെ കണ്ടത്. ഇതിനോടകം വംശനാശം സംഭവിച്ചിട്ടുണ്ടാകുമെന്നാണു കരുതുന്നതെങ്കിലും ഗവേഷകര്‍ പ്രതീക്ഷയിലാണ്. റെഡ് ഹാന്‍ഡ്ഫിഷിനെ കണ്ടെത്തിയതു പോലെ എന്നെങ്കിലും ഒരുദ്ഭുതം സംഭവിച്ചാലോ...!
https://www.facebook.com/Malayalivartha