അറുപത് വര്‍ഷക്കാലം ഇഴപിരിയാത്ത സൗഹൃദം; വേരുകള്‍ തിരഞ്ഞുകൊണ്ടിരുന്ന അക്കാലത്തൊന്നും ഇരുവരും അറിഞ്ഞില്ല അവരേക്കുറിച്ചുള്ള സത്യം!
വിട്ടുപിരിയാന്‍ കഴിയാത്ത ഹൃദയബന്ധങ്ങള്‍ ഉണ്ടാകുന്നത് അപൂര്‍വമായിരിക്കും. അത് ചിലപ്പോള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ആയിരിക്കാം, സഹോദരങ്ങള്‍ തമ്മിലും ആയിരിക്കാം. അത്തരത്തില്‍ ഒരു ബന്ധത്തിന്റെ ആഴമാണ് ഇവിടെ കാണാന്‍ കഴിയുക. 60 വര്‍ഷത്തെ സൗഹൃദത്തിനു ശേഷമാണ് ഹവായ് സ്വദേശികളായ അലന് റോബിന്‍സണും വാള്‍ട്ടര്‍ മക്ഫര്ലെയിനും തങ്ങള്‍ സഹോദരങ്ങളാണെന്ന് തിരിച്ചറിഞ്ഞത്. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പിരിഞ്ഞ ഇവര്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഡി.എന്‍.എ പരിശോധനയിലാണ് സഹോദരന്മാരാണെന്ന് തിരിച്ചറിഞ്ഞത്. 74 കാരനായ മക്ഫര്‍ലെയിന്‍ ജനിച്ച് 15 മാസങ്ങള്‍ക്കു ശേഷമാണ് റോബിന്‍സന്റെ ജനനം.
ഹവായില്‍ വളരെ സ്വാഭാവികമായി ദത്ത് നല്കുന്നരീതി ഉണ്ടായിരുന്നു.യാതൊരു ഔപചാരികതകളും സമ്മതപത്രത്തില്‍ ഒപ്പിടലുകളോ ഒന്നുമില്ലാതെ അന്ന് അവിടെ കുഞ്ഞുങ്ങളെ ദത്തുകൊടുക്കാനാവുമായിരുന്നു. ഇപ്രകാരം ജനിച്ചയുടനെ മക്ഫര്ലെയിനിനെയും റോബിന്സണിനെയും ദത്തു കൊടുക്കുകയായിരുന്നു.
ശേഷം സിക്സ്ത് ഗ്രേഡില്‍ ഒരേ ക്ലാസ്സില്‍ നിന്ന് ഇരുവരുടെയും സൗഹൃദം ആരംഭിക്കുകയും ചെയ്തു. കല്ല്യാണത്തിനു ശേഷവും ഇവര്‍ സൗഹൃദം കൈവിട്ടില്ല. കുട്ടികളെ ഒരു സ്കൂളില്‍ ചേര്‍ത്തു. ഇരു കുടുംബങ്ങളും ഒന്നിച്ച് യാത്ര പോകുന്നതും ഇവര്‍ക്കിടയില്‍ പതിവായിരുന്നു, അപ്പോഴൊന്നും ഇത്തരമൊരു ബന്ധത്തെ കുറിച്ച് ഇവര്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.
കുടുംബാംഗങ്ങളെ കണ്ടുപിടിക്കാന്‍ ആന്‍സെസ്ട്രി.കോമില് രജിസ്റ്റര്‍ ചെയ്തപ്പോളാണ് അമ്മ വഴി തങ്ങളുടെ ഡി.എന്‍.എ ചേരുന്നതായി കണ്ടെത്തിയതും അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം സഹോദരങ്ങളാണെന്ന് ഇവര്‍ തിരിച്ചറിയുന്നതും.
https://www.facebook.com/Malayalivartha