പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിയ തലയുമായി ആഴങ്ങളിലേക്ക് തൂങ്ങിക്കിടന്ന മലയാടിനെ രക്ഷപ്പെടുത്തി
സ്‌പെയിനിലെ സിയറാ ദെ ഗുവാദറാമയില്‍ മലകയറ്റത്തിനെത്തിയ സംഘം ഒരു മലയാടിനെ (Oreamnos americanus) ദയനീയാവസ്ഥയില്‍ കണ്ടെത്തി. തല മാത്രം പാറയിടുക്കിനു മുകളിലും ബാക്കി ശരീരഭാഗം ആഴത്തിലേക്കു തൂങ്ങിക്കിടക്കുന്ന നിലയിലുമായിരുന്നു ആട് കിടന്നിരുന്നത്. രണ്ട് വശത്തേക്കും വിടര്‍ന്നു നിന്നിരുന്ന കൊമ്പുകളാണ് ആടിനെ പാറയിടുക്കിന്റെ താഴ്ചയിലേക്ക് വീഴാതെ തടഞ്ഞു നിര്‍ത്തിയത്.
കരയാന്‍ പോലും കഴിയാത്ത വിധം പേടിച്ചരണ്ട നിലയിലായിരുന്നു ആട്. നല്ല ആഴമുള്ള പ്രദേശത്താണ് ആട് കുടുങ്ങിക്കിടന്നത്. രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കാല് തെറ്റിയാല്‍ വീഴുന്നത് ആഴത്തിലേക്കായിരിക്കും. എങ്കിലും രണ്ടും കല്‍പ്പിച്ച് ആടിനെ രക്ഷിക്കാനായിരുന്നു ഇവരുടെ തീരുമാനം.
അഞ്ചു പേരടങ്ങിയ സംഘം ഇതിനായി ആദ്യം ചെയ്തത് അവരുടെ ജാക്കറ്റുകള്‍ കൂട്ടിക്കെട്ടി കയര്‍ പോലയാക്കുകയായിരുന്നു. തുടര്‍ന്ന് ഒരാള്‍ അതില്‍ പിടിച്ച് പാറയിടുക്കിലേക്ക് ഊര്‍ന്നിറങ്ങി. ആടിന്റെ കൊമ്പുകളിലൊന്നില്‍ തന്നെ പിടിച്ച് ആടിനെ പതിയെ പാറകള്‍ക്കിടയില്‍ നിന്ന് ഊരിയെടുത്തു. പിന്നീട് ആടിനെ മുകളിലേക്കു കയറ്റി.
എന്നാല്‍ സുരക്ഷിതമായി മലമുകളിലെത്തിയിട്ടും വീഴ്ചയുടെ ആഘാതത്തില്‍ നിന്ന് ആട് കരകയറിയിട്ടില്ലായിരുന്നു. രക്ഷപ്പെട്ടെന്നു വിശ്വസിക്കാനാകാതെ പേടിച്ചരണ്ട് അനങ്ങാതെ തന്നെ നില്‍ക്കുന്ന ആടിനെയാണ് സംഘം പകര്‍ത്തിയ ദൃശ്യങ്ങളില്‍ കാണാനാകുക. ഏറെ നേരത്തിനു ശേഷമാണ് ആട് തലതിരിച്ചു നോക്കുക പോലും ചെയ്തത്. കുറച്ചു സമയത്തിനു ശേഷം സ്ഥലകാലബോധം വീണ്ടെടുത്ത ആട് പിന്നീട് മലമുകളിലേക്ക് ഓടിമറഞ്ഞു.
https://www.facebook.com/Malayalivartha