വാങ്ങി വെറും മൂന്നു മണിക്കൂറുകള്‍ക്കകം കേടായ വണ്ടിയ്ക്ക്, പുത്തന്‍ കോംപസ് പകരം നല്‍കി ജീപ്പ് പരാതിക്കാരനെ അമ്പരപ്പിച്ചു
അമേരിക്കന്‍ ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ജനപ്രിയവാഹനം ഇന്ത്യയിലെത്തിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. മികച്ച വില്‍പ്പന നേടി മുന്നേറുന്നതിനിടെ കോംപസിന്റെ ചരിത്രത്തില്‍ ഒരു കറുത്തപാടു വീണത് കഴിഞ്ഞദിവസമാണ്. വണ്ടി വാങ്ങി വെറും മൂന്നു മണിക്കൂറുകള്‍ക്കകം ഫ്രണ്ട് വീല്‍ ഒടിഞ്ഞു തൂങ്ങി എന്നതായിരുന്നു വാഹനലോകത്തെ അമ്പരപ്പിച്ച ആ വാര്‍ത്ത. അപകടത്തില്‍ വാഹന ഉടമ അദ്ഭുതകരമയാണ് രക്ഷപ്പെട്ടത്.
അടുത്തകാലത്ത് രാജ്യം കണ്ട ജനപ്രിയ വാഹനമോഡലായ ജീപ്പ് കോംപസ് വാങ്ങിയ അസാമിലെ ഗുവാഹത്തി സ്വദേശി ജയന്ത പുകാനായിരുന്നു ഈ ദുരനുഭവം. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് മറ്റൊരു സന്തോഷവാര്‍ത്തയാണ്. ജയന്തയ്ക്ക് പുതിയൊരു കോംപസ് തന്നെ പകരം നല്‍കാനാണ് ജീപ്പ് ഇന്ത്യയുടെ തീരുമാനം. ജയന്ത തന്നെയാണ് ഈ വിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. അപകടത്തിന്റെ വിവരവും നേരത്തെ ജയന്ത് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരുന്നു. ഇത് വൈറലായതോടെയാണ് കമ്പനിയുടെ പുതിയ തീരുമാനം.
കഴിഞ്ഞ ദിവസം ജയന്ത്, ഗുവഹാത്തിയിലെ മഹേഷ് മോട്ടോഴ്‌സില്‍ നിന്നും ജീപ്പ് കോംപസ് സ്വന്തമാക്കി ദുലാജാനിലേക്കു പോകുന്നതിനിടയില്‍ വാഹനത്തിന്റെ മുന്‍ പാസഞ്ചര്‍ സൈഡ് വീല്‍ ഇളകിപ്പോകുകയായിരുന്നു. ഷോറൂമില്‍ നിന്നും പുറത്തിറങ്ങി വെറും മൂന്നു മണിക്കൂറും 172 കിലോമീറ്ററും മാത്രം ഓടിച്ചപ്പോഴാണ് ഈ ദുരനുഭവം. അപകടത്തില്‍ നിന്നും ജയന്ത തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ജീപ്പിനെ പോലൊരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഇത്ര നിലവാരമില്ലായ്മ പ്രതീക്ഷിച്ചിരുന്നില്ലെന്നു പറഞ്ഞായിരുന്നു അപകദൃശ്യങ്ങള്‍ക്കൊപ്പം ജയന്തയുടെ പോസ്റ്റ്. ഇത് വൈറലായതോടെ എന്തൊക്കെ കാരണങ്ങള്‍ പറഞ്ഞാലും പുതിയ വാഹനത്തിന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും പറഞ്ഞ് ജയന്തയ്ക്ക് പിന്തുണയുമായി നിരവധിപേര്‍ എത്തിയിരുന്നു.
തുടര്‍ന്ന് വാഹനം എക്‌സ്‌ചേഞ്ചിന് തയാറാണെന്ന് പറഞ്ഞ് കമ്പനി തന്നെ ബന്ധപ്പെട്ടു എന്നാണ് ജയന്തയുടെ പുതിയ പോസ് വ്യക്തമാക്കുന്നത്. ഇത്തരത്തിലൊരു അപകടം നടക്കാന്‍ പാടില്ലാത്തതാണെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ജീപ്പ് ഇന്ത്യയും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. 14.95 ലക്ഷം രൂപയാണ് ബേസ് മോഡല്‍ കോംപാസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ടോപ് സ്‌പെക്കിന് 20.65 ലക്ഷം രൂപയും. പൂണെയിലെ രംഞ്ജന്‍്‌ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില ഇത്രയധികം കുറയാന്‍ കാരണം ഇതാണ്.
2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3750 ആര്‍ പി എമ്മില്‍ 173 ബിഎച്ച്പി പവറും 1750-2500 ആര്‍ പി എമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വ്വഹിക്കുക. 17.1 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്.
https://www.facebook.com/Malayalivartha