പരിശീലകന്‍ പരിക്കേറ്റ് വീല്‍ ചെയറിലായപ്പോള്‍ തേരാളിയായത് കരടി: കിടിലന്‍ വീഡിയോ
കരടി എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ ഭയമായിരിക്കും നമുക്കൊക്കെ തോന്നുക. കൂട്ടിലടച്ച കരടിയുടെ കൂടിന്റെ അടുക്കല്‍ ചെല്ലാന്‍ പോലും മനസ്സുറപ്പ് നമ്മില്‍ പലര്‍ക്കും കാണില്ല. എന്നാല്‍ ഈ ജീവികള്‍ക്ക് അക്രമിക്കാന്‍ മാത്രമല്ല സൗമ്യഭാവങ്ങള്‍ പ്രകടിപ്പിക്കുവാനും ശേഷിയുണ്ട് എന്നുള്ളതിന് തെളിവാകുകയാണ് റഷ്യയിലെ നൈഷേഗൊരോട്‌സ്‌കി സര്‍ക്കസിലെ ജോലിക്കാരനായ ഒലെഗ് അലക്‌സാഡ്രോവ് എന്ന സര്‍ക്കസ് പരിശീലകന്റെ ഉടമസ്ഥതയിലുള്ള കരടികള്‍.
കാരണം, ഒരു അപകടത്തില്‍ പരിക്കുപറ്റിയിരിക്കുന്ന ഒലെഗിനെ വീല്‍ചെയറിലിരുത്തി അയാളുടെ കരടി തള്ളിക്കൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ട് സതബ്ദരായിരിക്കുകയാണ് സമീപവാസികള്‍. ഒലെഗ് വര്‍ഷങ്ങള്‍ക്കു മുമ്പേ വളര്‍ത്താന്‍ ആരംഭിച്ചതാണ് മൂന്നു കരടികളെ. നൈഷേഗൊരോട്‌സ്‌കി സര്‍ക്കസില്‍ ഒലെഗിനൊപ്പം മൂന്ന് കരടികളും ജോലി ചെയ്യുന്നുണ്ട്. അടുത്തിടെ നടന്നൊരു അഭ്യാസത്തിനിടെ അറുപതടിയോളം ഉയരത്തില്‍ നിന്നും വീണ് ഒലെഗിന്റെ കാല്‍ ഒടിഞ്ഞിരുന്നു.
നാലു മാസത്തെ ആശുപത്രിവാസത്തിനു ശേഷം തന്നെ തിരിച്ചറിയുമോ എന്ന ഭയത്തോടെയാണ് ഒലെഗ് കരടികളെ കാണാന്‍ പോയത്. എന്നാല്‍ അദ്ദേഹത്തെ കണ്ട മാത്രയില്‍ കരടികള്‍ ഓടിവന്ന് സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുകയാണ് ഉണ്ടായത്. ഇപ്പോള്‍ ഒലെഗിനെ വീട്ടില്‍ നിന്നും വീല്‍ചെയറിലിരുത്തി പുറത്തേക്കു കൊണ്ടു പോകുന്നത് ഈ കരടികളാണ്.
കൂട്ടത്തിലെ യാഷ എന്നു പേരുള്ള പെണ്‍കരടിയ്ക്കാണ് ഒലെഗിനോട് പ്രിയം കൂടുതല്‍. മഞ്ഞു നിറഞ്ഞ വഴിയിലൂടെ ഒലെഗിനെ വീല്‍ചെയറിലിരുത്തി യാഷ തള്ളിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ കത്തിപ്പടരുകയാണ്. യാത്രയ്‌ക്കൊപ്പം ഒലെഗിന്റെ മറ്റൊരു സുഹൃത്തും കൂടെയുണ്ട്.
https://www.facebook.com/Malayalivartha