മൂര്‍ഖന്‍ പാമ്പിന്റെ മുട്ടയിടീല്‍, നാടിന് കൗതുകമായി അന്‍പതിലേറെ മുട്ടകള്‍
പാമ്പ് പിടിത്തക്കാരന്‍ സന്തോഷ് കുമാര്‍ തട്ടാമലയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മൂര്‍ഖന്റെ മുട്ടയിടീല്‍ നാടിനാകെ കൗതുകം പകരുന്നു. ഇന്നലെ അന്‍പതോളം മുട്ടകളിട്ടാണ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അപൂര്‍വകാഴ്ചയൊരുക്കിയത്.
രണ്ടുദിവസംമുന്‍പാണ് ഏഴടി നീളവും ഏഴു വയസ്സുമുള്ള മൂര്‍ഖന്‍ പാമ്പിനെ സന്തോഷ് കുമാര്‍ കായംകുളത്തെ ഒരുവീട്ടില്‍നിന്ന് പിടികൂടിയത്. തുടര്‍ന്ന് അഞ്ചല്‍ ഫോറസ്റ്റ് ഡിവിഷന് കൈമാറാന്‍ പോളിത്തീന്‍ കവറിലാക്കി കൂട്ടിക്കടയിലെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇന്നലെ രാവിലെയാണ് കവറിനുള്ളില്‍ രണ്ട് മുട്ടകള്‍ കണ്ടത്. കൂടുതല്‍ മുട്ടകള്‍ ഇടുമെന്ന് അറിയാവുന്നതുകൊണ്ട് സന്തോഷ് കുമാര്‍ പാമ്പിനെ നിരീക്ഷിച്ചുകൊണ്ടിരുന്നു. വൈകുന്നേരത്തോടെ അന്‍പതോളം മുട്ടകള്‍ ഇട്ടു. ആരോഗ്യമുള്ള പാമ്പാണെങ്കില്‍ അറുപത് മുട്ടകള്‍വരെ ഇടുമെന്ന് സന്തോഷ് കുമാര്‍ പറയുന്നു.
വിവരമറിഞ്ഞ് നാടിന്റെ നാനാഭാഗത്തുനിന്നും നൂറുകണക്കിന് ആള്‍ക്കാരാണ് മൂര്‍ഖനെയും മുട്ടകളും കാണാനെത്തിയത്. പാമ്പിനെയും മുട്ടകളും സുരക്ഷിതമായി അഞ്ചല്‍ ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha