ഇന്നു മുതല്‍ മരണം നമ്മെ വേര്‍പിരിക്കുന്നതു വരെ എന്നു വൈദികന് ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ബിനീഷും ഹിമയും ഏറ്റുചൊല്ലിയില്ല, അപൂര്‍വതകളുമായി ഒരു വിവാഹച്ചടങ്ങ്
ക്രിസ്ത്യന്‍ വിവാഹത്തിലെ ഏറ്റവും പ്രധാന ചടങ്ങുകളില്‍ ഒന്നാണ് വൈദികന് ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞ, വധൂവരന്മാര് ഏറ്റു ചൊല്ലുന്നത്. ഇന്നു മുതല്‍ മരണം വരെ സുഖത്തിലും, ദുഖത്തിലും പരസ്പരം തുണയായിരിക്കും എന്നു തുടങ്ങുന്ന വിവാഹ പ്രതിജ്ഞ പ്രിയപ്പെട്ടവര്‍ക്കു മുന്നില്‍ ഏവരെയും സാക്ഷിയാക്കി വധൂവരന്മാര് ഏറ്റു ചൊല്ലുകയാണ് പതിവ്.
എന്നാല്‍ ഇന്നലെ സെന്റ് മേരീസ് ഫെറോന പള്ളിയില്‍ നടന്ന വിവാഹ ചടങ്ങ് ശ്രദ്ധേയമായത് വൈദികന് വിവാഹ പ്രതിജ്ഞ ചെയ്യിച്ചപ്പോള്‍ വധുവരന്മാരായ ബിനീഷും ഹിമയും കേട്ടുമില്ല ഏറ്റുപറഞ്ഞുമില്ല എന്നതിനാലാണ്. അവര്‍ മാത്രമല്ല അവരോടൊപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ടവരും അതൊന്നും കേട്ടില്ല. എന്നാല്‍ വിവാഹ ചടങ്ങുകള്‍ എല്ലാം ഏവരും കണ്കുണിര്ക്കേ കണ്ടു. മനസു നിറഞ്ഞു. ജന്മനാ ബധിരരും, മൂകരുമായ ബിനീഷിന്റെയും ഹിമയുടെയും വിവാഹമാണ് അതിരമ്പുഴ പള്ളിയില്‍ നടന്നത്.
ബിനീഷിന്റെയും ഹിമയുടെയും വിവാഹം അവര്‍ക്കു മനസിലാകുന്ന രീതിയില്‍ വേണമെന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം വിവാഹത്തിനു മുഖ്യകാര്‍മ്മികത്വം വഹിച്ച ഫാ. ബിജു മൂലക്കരയും തീരുമാനിക്കുകയായിരുന്നു. വിവാഹ കര്‍മ്മങ്ങളെല്ലാം ആംഗ്യ ഭാഷയില്‍ ദിവ്യബലിക്കൊപ്പം നടന്നത് അങ്ങനെയാണ്. അതിനാലാണ് വധൂവരന്മാരോടൊപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ടവര്‍ക്കും വിവാഹ പ്രതിജ്ഞ 'കേള്‍ക്കാന്‍' അവസരമുണ്ടാകാതിരുന്നത്.
അതിരമ്പുഴ കോണിക്കല്‍ തോമസ്-ചിന്നമ്മ ദമ്പതികളുടെ മകനാണ് ബിനീഷ്. ആലപ്പുഴ ജയിംസിന്റെയും-മേരിക്കുട്ടിയുടെയും മകളാണ് ഹിമാ റോസ്. ഇരുവര്‍ക്കും സംസാരിക്കാനും ബുദ്ധിമുട്ടുകളുണ്ട്. വിവാഹത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ച ഫാ.ബിജു വര്‍ഷങ്ങളായി ബധിരരും, മൂകരുമായ ആള്‍ക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരികയാണ്.
https://www.facebook.com/Malayalivartha