ഇരുപത്തിയൊന്നു വര്‍ഷം, തകര്‍ക്കാന്‍ പറ്റാത്ത പരസ്പരവിശ്വാസവുമായി കൊജെകും മുഹമ്മദും!
യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ മുതലയുടെ അടുക്കല്‍ നില്‍ക്കുക എന്നു പറഞ്ഞാല്‍ എന്തു തോന്നുമെന്ന് ആരോടെങ്കിലും ചോദിച്ചാല്‍ നല്ല സുഖമായിരിക്കുമെന്ന ആക്ഷേപഹാസ്യത്തിലുള്ള മറുപടിയാവും കിട്ടുക. എന്നാല്‍ ഇത്തരം യാതൊരു ചിന്തയുമില്ലാതെ, കഴിഞ്ഞ ഇരുപത്തിയൊന്നു വര്‍ഷങ്ങളായി സ്വന്തം മകനെ പോലെ ഒരു മുതലയെ പരിചരിക്കുകയാണ് ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ സ്വദേശിയായ നാല്‍പ്പത്തിയൊന്നുകാരനായ മുഹമ്മദ് ഇവാന്‍.
1997-ല്‍ പങ്കണ്ടാരന്‍ ബീച്ചില്‍ നിന്നും മത്സ്യബന്ധനത്തൊഴിലാളികളുടെ പക്കല്‍ നിന്നും 25,000 ഇന്തോനേഷ്യന്‍ രൂപ നല്‍കിയാണ് മുഹമ്മദ് ഈ മുതലയെ വാങ്ങിയത്. തന്റെ വീട്ടില്‍ വളര്‍ത്താന്‍ തീരുമാനിച്ച ഈ മുതലയ്ക്ക് കൊജെക് എന്ന പേരും മുഹമ്മദ് സമ്മാനിച്ചു.വര്‍ഷങ്ങള്‍ ഇരുപത് കൊഴിഞ്ഞു വീണു. ഇപ്പോള്‍ ഇരുന്നൂറ് കിലോഗ്രാം ഭാരമുള്ള ഭീമാകാരനായ ഒരു മുതലയായി മാറിയിരിക്കുകയാണ് കൊജെക.്
എന്നെയോ കുടുംബാംഗങ്ങളയോ ഒരിക്കല്‍പോലും ഒന്ന് ആക്രമിക്കാന്‍ കൊജെക് മുതിര്‍ന്നിട്ടില്ലെന്നാണ് മുഹമ്മദ് പറയുന്നത്. മാത്രമല്ല ഇന്തോനേഷ്യയിലെ ഒരു താരവുമാണ് കൊജെക് ഇപ്പോള്‍. കാരണം ഇവിടെ എത്തുന്ന വിനോദസഞ്ചാരികളില്‍ ഭൂരിഭാഗമാളുകളും മനുഷ്യനോട് തീര്‍ത്തും ഇണങ്ങിയ കൊജെകിനെ കാണുവാനായി എത്തുന്നുമുണ്ട്. കൊജെക്കിനെ കുറിച്ച് സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയ, അമേരിക്ക യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നെല്ലാം വിനോദസഞ്ചാരികള്‍ ഇവിടേക്ക് പ്രവഹിക്കുകയാണ്.
വീടിനോട് ചേര്‍ന്ന് നിര്മിച്ചിരിക്കുന്ന ചെറിയൊരു വെള്ളക്കെട്ടിലാണ് കൊജെക്കിന്റെ താമസം. കൊജെക് എന്നെ അവന്റെ അച്ഛനായാണ് കാണുന്നതെന്നാണ് മുഹമ്മദ് അവകാശപ്പെടുന്നത്. ആഴ്ച്ചയിലൊരിക്കല്‍ കൊജെക് കിടക്കുന്ന സ്ഥലം വൃത്തിയാക്കുമെന്ന് പറയുന്ന മുഹമ്മദ് ശരീരവും പല്ലും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുമെന്നും പറഞ്ഞു.
1.5 മുതല്‍ അഞ്ച് കിലോ വരെ ഗോള്‍ഡ് ഫിഷാണ് കൊജെക്കിന്റെ ആഹാരം. ഇതിനായി ഒരാഴ്ച്ച 50,000 ഇന്തോനേഷ്യന്‍ രൂപ ചിലവാകും. ഇവിടെ എത്തിയ ചിലര്‍ 75,000 ഡോളറിന് കൊജെക്കിനെ വാങ്ങിക്കാന്‍ താത്പര്യപ്പെട്ടുവെങ്കിലും കൊജെക്കിനെ വില്‍ക്കാന്‍ മുഹമ്മദ് തയാറായില്ല. കൊജെക് തങ്ങളുടെ കുടുംബത്തിലെ ഒരു അംഗമാണെന്നാണ് മുഹമ്മദ് പറയുന്നത്.
https://www.facebook.com/Malayalivartha