സ്മാര്‍ട്ട് ക്ലാസ്സില്ലെങ്കിലും കുട്ടികളെ സ്മാര്‍ട്ടാക്കാനുറച്ച് ഒറുവ ക്വാഡ്‌വോ!
ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് എല്ലാവര്‍ക്കും അറിയാം. സര്‍ക്കാര്‍ സ്‌കൂളുകളൊക്കെ ഇപ്പോള്‍ സ്മാര്‍ട്ടാകാനുള്ള ശ്രമങ്ങള്‍ നടത്തുകയുമാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത് ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ പിന്നാക്കം പോകാതിരിക്കാന്‍ സര്‍ക്കാര്‍ സകല സൗകര്യങ്ങളും ഒരുക്കുന്നുമുണ്ട്. ഈ കംപ്യൂട്ടര്‍ യുഗത്തില്‍ ഇതൊക്കെ ചെയ്യേണ്ടതു തന്നെയല്ലേ പിന്നിത്രയ്ക്കു പറയാനെന്തിരിക്കുന്നു എന്നു ചോദിക്കാന്‍ തോന്നുന്നുണ്ടാവും!
ശരിയാണ്, ഇതൊക്കെ തന്നെയാണ് ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അത്തരം ശ്രമങ്ങളൊന്നും ഉണ്ടാകുന്നില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ കമ്പ്യൂട്ടര്‍ കണ്ടാല്‍ ഇതെന്തു കുന്ത്രാണ്ടമാ എന്നു വിചാരിച്ച് പകച്ചു പോകരുതെന്ന് വിചാരിക്കുന്ന ഒരു അധ്യാപകനുണ്ടെങ്കിലോ? അങ്ങനെയുള്ള ഒരദ്ധ്യാപകനാണ് ഘാനാ എന്ന രാജ്യത്തിലെ ഒറുവ ക്വാഡ് വോ എന്ന അധ്യാപകന്‍.
ഐ.ടി അധ്യാപകനാണ് ഒറുവ. കമ്പ്യൂട്ടറിനെ കുറിച്ച് അദ്ദേഹം ക്ലാസ്സെടുക്കേണ്ടത്, കമ്പ്യൂട്ടര്‍ കണ്ടിട്ടു പോലും ഇല്ലാത്ത കുട്ടികള്‍ക്കാണ്. എന്നാല്‍ കമ്പ്യൂട്ടറിന്റേയോ ലാപ് ടോപിന്റേയോ സഹായമില്ലാതെ അവയെ കുറിച്ചൊക്കെ കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. അല്പം മിനക്കെട്ടിട്ടായാലും വേണ്ടില്ല, ഒരു കമ്പ്യൂട്ടര്‍-വേര്‍ഡ് -പ്രോസ്സസ്സിംഗ് സ്‌ക്രീന്‍ കണ്ടാല്‍ എങ്ങനെയിരിക്കും എന്നുള്ള അടിസ്ഥാന വിവരമെങ്കിലും തന്റെ കുട്ടികള്‍ക്കുണ്ടായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായി.
അതിനായി അദ്ദേഹം ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കാണുന്ന സകല വിവരങ്ങളും തന്റെ ബ്ലാക്ക് ബോര്‍ഡില്‍ വരച്ചുണ്ടാക്കി. ഒരു സൂക്ഷ്മ വിവരം പോലും വിട്ടു പോകാതെ സകലവും വരച്ച്, അതിന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു കൊടുത്തു. എല്ലാ അധ്യാപകരും തങ്ങള്‍ പഠിപ്പിക്കുന്ന വിഷയം കുട്ടികള്‍ക്ക് മനസ്സിലാകാന്‍ വേണ്ടി പലതരം മാര്‍ഗ്ഗങ്ങള്‍ അവലംബിക്കും. എന്റെ രീതി ഇങ്ങനെയാണ് എന്നു മാത്രം പറഞ്ഞ് അദ്ദേഹം വിനീതനാകുന്നു.
സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രങ്ങള്‍ അദ്ദേഹം പങ്കു വയ്ക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അധ്യാപന രീതിയെ പ്രശംസിച്ചു കൊണ്ട് അനേകര്‍ അദ്ദേഹത്തിന്റെ ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു. ഘാനായിലെ ഈ സ്‌കൂളില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പഠിപ്പിക്കുന്നത് വലിയ രസമാണ്. ഐടി മുഴുവനും ബോര്‍ഡിലുണ്ടാവും എന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹം ചിത്രം ഫേസ് ബുക്കിലിട്ടിരുന്നത്. ഇതേ തുടര്‍ന്ന് അദ്ദേത്തിന് ലാപ് ടോപ്പുകളും മറ്റ് പഠനോപകരണങ്ങളും സംഭാവന ചെയ്യാന്‍ തയ്യാറായി നിരവധി പേര്‍ മുന്നോട്ടു വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha