അഗ്‌നിശമന പ്രവര്‍ത്തകന്‍ വളര്‍ത്തു പൂച്ചയ്ക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി രക്ഷപ്പെടുത്തി
തെക്കു പടിഞ്ഞാറന്‍ റഷ്യയിലാണ് സംഭവം. ഒരു അപാര്‍ട്‌മെന്റിനു തീ പിടിച്ചതറിഞ്ഞ് പാഞ്ഞ് എത്തിയതാണ് അഗ്‌നിശമന സേന. രക്ഷാ പ്രവര്‍ത്തനങ്ങള്‍ എതാണ്ട് പൂര്‍ത്തിയായപ്പോഴാണ് തന്റെ പ്രിയ വളര്‍ത്തു പൂച്ച അപ്പാര്‍ട്‌മെന്റില്‍ കുടുങ്ങി കിടപ്പുണ്ടെന്ന് യുവതി അറിയിച്ചത്.
ഉടനെ തന്നെ അതിനെ തീ പിടിച്ച കെട്ടിടത്തിനുള്ളില്‍ നിന്നും കണ്ടെത്തി പുറത്തുകൊണ്ടുവന്നു. എന്നാല്‍ അപ്പോള്‍ അത് ചലനമറ്റ നിലയില്‍ ആയിരുന്നു. എന്നാല്‍ എന്തുചെയ്തിട്ടായാലും തന്റെ പൂച്ചയെ ജീവനോടെ തനിക്ക് തിരിച്ചു തരണമെന്ന് പറഞ്ഞ് പൂച്ചയുടെ ഉടമ കരയാന്‍ തുടങ്ങിയിരുന്നു. അതോടെ അഗ്‌നിശമന പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.
ഒരു സേനാംഗം അതിനെ കൈയ്യിലെടുത്ത് അതിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ തുടങ്ങി. ഹൃദയ ഭാഗത്ത് കൈകള്‍ കൊണ്ട് തടവിക്കൊണ്ടേയിരുന്നു. ഇടയ്ക്കിടെ ഒരു ചെറിയ സിലിണ്ടറില്‍ നിന്നും ഓക്‌സിജനും നല്‍കി.
ഈ സമയത്തെല്ലാം അതിനെ കൈവിടരുതേ.. പറ്റുന്നതൊക്കെ ചെയ്ത് തന്റെ വളര്‍ത്തു പൂച്ചയുടെ ജീവന്‍ രക്ഷപ്പെടുത്തി തരണേ എന്ന് പറഞ്ഞു കൊണ്ട് നിലവിളിക്കുകയായിരുന്നു ഉടമ.അല്‍പനേരത്തെ പരിശ്രമത്തിനൊടുവില്‍ പൂച്ചയ്ക്ക് ജീവന്‍ വച്ചു. തുടര്‍ന്ന് അതിനെ കൈപ്പറ്റി ഉടമ ആശ്വാസനിശ്വാസമുതിര്‍ത്തു.
https://www.facebook.com/Malayalivartha