ഗ്ലാസ് തകര്‍ക്കാന്‍ ഒരു സൂചി മതി ഈ ഷാവോലിന്‍ സന്യാസിയ്ക്ക്!സ്ലോമോഷന്‍ വീഡിയോ ശ്രദ്ധിയ്ക്കൂ
ഒരു സ്ഫടികച്ചില്ലിനുള്ളിലേയ്ക്ക് ഒരു സൂചി എറിഞ്ഞ് തറപ്പിക്കാനാകുമോ? ദ സ്ലോ മോ ഗൈസ് എന്ന യു ട്യൂബ് ചാനലുകാരുടെ ഏറ്റവും പുതിയ വീഡിയായില്‍ അത്തരം അനാദൃശ്യമായ കഴിവുകളുള്ള ഷാവോലിന്‍ സന്യാസിമാരെയാണ് കാണിച്ചിട്ടുള്ളത്.
72 ഷാവോലിന്‍ ഗുഢതന്ത്രങ്ങളുള്ളതില്‍ ഒന്നാണിതെന്നും ഇവയില്‍ വൈദഗ്ദ്ധ്യം നേടാന്‍ പത്തു വര്‍ഷത്തോളം നീളുന്ന പരിശീലനം വേണ്ടി വരുമെന്നും അവര്‍ വെളിപ്പെടുത്തി.
ദ സ്ലോ മോ ഗൈസ്, ഈ മികവുള്ള മൂന്ന് ഷാവോലിന്‍ സന്യാസിമാരെ ക്ഷണിച്ചു വരുത്തി ക്യാമറയ്ക്കു മുന്നില്‍ വച്ച് ചെയ്ത് റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.
സന്യാസിമാരില്‍ ഒരാള്‍ ഒരു സ്ഫടിക ചില്ലിനു പിന്നിലായി ഒരു വീര്‍പ്പിച്ച ബലൂണ്‍ പിടിച്ചു കൊണ്ടു നില്‍ക്കുന്നതായാണ് ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്. ഷാവോലിന്‍ സന്യാസി ഊര്‍ജ്ജം മുഴുവന്‍ കൈകളിലേയ്ക്ക് കേന്ദ്രീകൃതമാക്കിയതിനു ശേഷം ശക്തിയോടെ ആ സൂചി കണ്ണാടിച്ചില്ലിനു നേരെ എറിഞ്ഞു. ആ സ്ഫടികച്ചില്ലിലൂടെ തുളച്ചു കയറിയ സൂചി അതിനു പിന്നില്‍ പിടിച്ചിരുന്ന ബലൂണിലേയ്ക്ക് തറച്ചു കയറിയതോടെ ബലൂണ്‍ പൊട്ടുകയും ചെയ്യുന്നു. വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നുണ്ട് അല്ലേ?
ഒരു സെക്കന്റില്‍ ആയിരം ഫ്രെയിമുകള്‍ എന്ന കണക്കില്‍ സ്ലോമോഷനില്‍ പ്രസ്തുത ദൃശ്യങ്ങള്‍ സാവധാനത്തിലാക്കി കാണിക്കുന്നുണ്ട് വീഡിയോ ദൃശ്യത്തില്‍. അതി ശക്തിയോടെ സൂചി എറിഞ്ഞപ്പോള്‍ അത് സ്ഫടിക പാളിയില്‍ ചെന്നുകൊള്ളുന്നതിന്റെ ഫലമായി കുപ്പിച്ചീളുകള്‍ ചിതറിത്തെറിക്കുന്നുണ്ടെന്നും ആ ചില്ലു കഷണങ്ങള്‍ ഏറ്റാണ് ബലൂണ്‍ പൊട്ടുന്നതെന്നും സ്ലോമോഷന്‍ ദൃശ്യങ്ങള്‍ കാണുമ്പോള്‍ മനസിലാകും. യഥാര്‍ത്ഥത്തില്‍ ചില്ലു പാളിയില്‍ തട്ടി സൂചി തിരികെ തെറിച്ചു പോകുകയാണ് ചെയ്യുന്നത്.
സൂചി ഏറ്റല്ല ബലൂണ്‍ പൊട്ടുന്നതെങ്കിലും ആ സ്ഫടിക പാളി ചീളുകളായി പൊട്ടിത്തെറിക്കാന്‍ ഇടയാകും വിധത്തില്‍ സൂചി എറിയാന്‍ കഴിയുന്നത് തന്നെ ഒരു നിസ്സാര കാര്യമാണോ?
പിന്നീട് സ്ലോമോ ടീമിലെ ഒരംഗം ഇതു പോലെ ചെയ്തു നോക്കിയെങ്കിലും ബലൂണ്‍ പൊട്ടിക്കാന്‍ കഴിഞ്ഞില്ല. സ്ഫടിക പാളിയില്‍ ഒരു ചെറിയ പോറല്‍ വരുത്താനേ കഴിഞ്ഞുള്ളൂ!
https://www.facebook.com/Malayalivartha