ബുദ്ധദേവ് സഹോദരങ്ങള്‍ക്ക് എട്ടാം വയസ്സാണ് 'നല്ല സമയം'!
എട്ടാം വയസ്സില്‍ ചേട്ടന്‍ നേടിയ പുരസ്‌കാരം അതേ പ്രായമെത്തിയപ്പോള്‍ അനിയന്‍ നേടിയാലോ? പുരസ്‌ക്കാരം എന്നു പറയുമ്പോള്‍ അത്ര നിസ്സാര പുരസ്‌ക്കാരമൊന്നുമല്ല, വിശിഷ്ട നേട്ടങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ ദേശീയ പുരസ്‌ക്കാരമാണ് എട്ടാം വയസ്സിലെത്തിയപ്പോള്‍ ഈ സഹോദരന്മാര്‍ സ്വന്തമാക്കിയത്.
ഹരിയാനയിലെ ഗുഡ്ഗാവിലുള്ള ജയശീല്‍ ബുദ്ധദേവ് ഇന്ത്യന്‍ ശാസ്ത്രീയ സംഗീത രംഗത്തെ പ്രകടനത്തിനാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്നു പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്. മൂന്നു വര്‍ഷം മുന്‍പ് ജയശീലിന്റെ മൂത്ത സഹോദരന്‍ തക്ഷീല്‍ ബുദ്ധദേവും ഓള്‍ റൗണ്ടു മികവിന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ഈ പുരസ്‌ക്കാരം സ്വന്തമാക്കിയിരുന്നു.
പരിസ്ഥിതി സംരക്ഷണത്തിലെ യുവ പോരാളി എന്ന നിലയില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ജയശീല്‍ ഇടം പിടിച്ചിട്ടുണ്ട്. ഈ കൊച്ചു മിടുക്കന്റെ പ്രവര്‍ത്തനങ്ങള്‍ ഐക്യരാഷ്ട സംഘടനയുടെ യുഎന്‍ഇപിയും അംഗീകരിച്ചിട്ടുണ്ട്. അലഹബാദിലെ പ്രയാഗ് സംഗീത സമിതിയില്‍ നിന്ന് ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തില്‍ ഡിപ്ലോമ നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ജയശീലാണ്. സ്വച്ഛഭാരത് ദൗത്യത്തിലെ ലിറ്റില്‍ ക്ലീന്‍ അപ് അംബാസഡറാണ്.
ജ്യേഷ്ഠന്‍ തക്ഷീലാകട്ടെ ആകാശവാണിയുടെ ഇരുന്നൂറിലധികം പരിപാടികളില്‍ പങ്കെടുത്തിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. സാമൂഹിക സേവന, പരിസ്ഥിതി സംരക്ഷണ യജ്ഞങ്ങളില്‍ സജീവമാണ് ഇരുവരും. ചെറുപ്രായത്തില്‍ തന്നെ മക്കളെ പ്രകൃതിയോട് ഇണങ്ങി ജീവിക്കാനാണ് പരിശീലിപ്പിച്ചിരിക്കുന്നതെന്ന് അമ്മ ഭവിഷ്യ ബുദ്ധദേവ് പറയുന്നു. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ അത് പാചകമോ, പൂന്തോട്ടപരിപാലനമോ എന്തുമാകട്ടെ, അതു ചെയ്യാന്‍ അവരെ പരമാവധി പ്രോത്സാഹിപ്പിച്ചിരുന്നു. പുരുഷന്മാര്‍ക്ക് പുറം ജോലി, സ്ത്രീകള്‍ക്ക് അടുക്കളപ്പണി എന്നിങ്ങനെയുള്ള ലിംഗപരമായ വേര്‍തിരിവുകളെ ഇല്ലാതാക്കാനും ഇവരുടെ മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നു.
https://www.facebook.com/Malayalivartha