എന്റെ വെള്ളം...എന്റേതു മാത്രമായ വെള്ളം...!
വേനല്‍ എത്തിയതോടെ വെള്ളത്തിനു വേണ്ടിയുള്ള പരക്കം പാച്ചില്‍ തുടങ്ങിക്കഴിഞ്ഞു. ഇനിയൊരു ലോക മഹായുദ്ധം ഉണ്ടാവുകയാണെങ്കില്‍ അത് വെള്ളത്തിനു വേണ്ടി ആയിരിക്കുമെന്നാണ് പറയപ്പെടുന്നത്. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും സമാന അവസ്ഥയിലാണുള്ളത്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്ന ഒരു വീഡിയോ വെള്ളത്തിനു വേണ്ടിയുള്ള രണ്ട് മൃഗങ്ങളുടെ ഏറ്റുമുട്ടലിന്റെ കഥ ആണ്. ഒരു കടുവയും കരടിയുമാണ് ഈ വീഡിയോയിലെ താരങ്ങള്‍. ബുധനാഴ്ച ചിത്രീകരിച്ച വീഡിയോ വളരെ പെട്ടന്നാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്.
മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ തഡോബ അന്ധേരി ടൈഗര്‍ റിസര്‍വ് ഫോറസ്റ്റില്‍ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കാട്ടില്‍ സഫാരി നടത്താന്‍ ടൂറിസ്റ്റുകള്‍ക്കു ഗൈഡായി പോയ അക്ഷയ് കുമാര്‍ എന്ന വ്യക്തിയാണ് മൃഗങ്ങളുടെ മുഖാമുഖമുള്ള ഈ പോരാട്ടം പകര്‍ത്തിയത്. വീഡിയോക്ക് ഏഴു മിനിട്ടോളം ദൈര്‍ഘ്യമുണ്ട്. ഇരുമൃഗങ്ങളും തന്റെ പരിധിയ്ക്ക് അടുത്തുള്ള വെള്ളക്കെട്ട് ഉപയോഗിക്കുന്നതിനു വേണ്ടിയാണ് ഈ തമ്മില്‍ തല്ല് നടത്തുന്നത്.
ഏഴു വയസു പ്രായമുള്ള കടുവക്കുട്ടി തന്റേതെന്ന അവകാശവാദവുമായി കയ്യടക്കി വച്ചിരുന്ന സ്ഥലമാണ് ജമുന്‍ ബോഡി എന്നറിയപ്പെടുന്ന വെള്ളക്കെട്ടും അതിന്റെ പരിസര പ്രദേശവും. ഈ സമയമാണ് കരടിയും കുഞ്ഞും വെള്ളം തേടി ഇവിടേക്കെത്തുന്നത്. കടുവ ഈ സമയം വെള്ളത്തില്‍ കിടന്നു വിശ്രമിക്കുകയായിരുന്നു. അപരിചിതര്‍ ഇവിടേക്ക് കടന്നു വന്നത് ഇഷ്ടപ്പെടാതിരുന്ന കടുവ കരടിക്കു നേരെ ചാടി വീണു. തന്റെ കുഞ്ഞിനെ രക്ഷിക്കുന്നതിനു വേണ്ടി അമ്മക്കരടി ഉടന്‍ തന്നെ കടുവയുടെ മേലേക്ക് ചാടി വീണു. ഒരു കാരണവശാലും കരടിയെ വെള്ളത്തിലേക്ക് അടുപ്പിക്കാതിരിക്കാനാണ് കടുവയുടെ ശ്രമം.
അമ്മക്കരടി ആകട്ടെ തന്റെ കുഞ്ഞിന് പരിക്കേല്‍ക്കാതെ സംരക്ഷിച്ചുകൊണ്ടാണ് കടുവക്ക് മേലുള്ള അക്രമം തുടരുന്നത്. പോരാട്ടത്തില്‍ പല ഘട്ടങ്ങളിലുംരണ്ടു കൂട്ടരും മേല്‍ക്കൈ നേടുന്നതും കാണാം. ആക്രമണം രൂക്ഷമാകുന്നതോടെ കരടി പതിയെ പിന്തിരിയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
15 മിനിട്ടോളം ഇരുവരുടെയും പോരാട്ടം നീണ്ടു നിന്നെന്നും കടുവക്കും കരടിക്കും പോരാട്ടത്തില്‍ നല്ല രീതിയില്‍ പരിക്കേറ്റെന്നും അക്ഷയ് പറയുന്നു. കുഞ്ഞിക്കരടിയെ മാറ്റി നിര്‍ത്തിയാണ് അമ്മക്കരടി പോരാട്ടം നടത്തിയതെന്നും അക്ഷയ് പറഞ്ഞു.
https://www.facebook.com/Malayalivartha