വയസ്സ് എന്നത് വെറും ഒരു സംഖ്യ മാത്രം! തൊണ്ണൂറ്റിയൊമ്പതാം വയസ്സിലും റെക്കോഡിലേക്ക് നീന്തിക്കയറിയ ഈ അപ്പൂപ്പനെ പരിചയപ്പെടൂ
60 കഴിഞ്ഞവരോട് കൈയ്യും കാലും അടക്കിവെച്ച് മൂലക്കിരുന്നോളാന്‍ പറയുന്നതാണ് നമ്മില്‍ ചിലരുടെ രീതി. ജരാനരകള്‍ കണ്ടുതുടങ്ങിയാല്‍ ഇനി മരണത്തെ സ്വീകരിക്കാന്‍ മനസ്സൊരുക്കാനുള്ള സമയമായി എന്നു കരുതുന്നവരാണ് അധികവും. എന്നാല്‍, തൊണ്ണൂറ്റിയൊമ്പതാം വയസ്സിലും ഇടര്‍ച്ചയോ തളര്‍ച്ചയോ ഇല്ലാതെ റെക്കോഡിലേക്ക് നീന്തിക്കയറിയ ആസ്‌ട്രേലിയയിലെ ഈ മുത്തശ്ശനെ പരിചയപ്പെടൂ. വയോധികരെക്കുറിച്ചുള്ള നമ്മുടെ ധാരണ തന്നെ മാറിക്കിട്ടും. 50 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ആരും കുറിക്കാത്ത റെക്കോഡാണ് ജോര്‍ജ് കൊറോണസ് എന്ന ആസ്‌ട്രേലിയന്‍ നീന്തല്‍ താരം സ്വന്തമാക്കിയത്. 56.12 സെക്കന്‍ഡ് കൊണ്ടാണ് അദ്ദേഹം ഇത്രയും നീന്തിയെത്തിയത്. വരുന്ന ഏപ്രിലില്‍ നൂറു വയസ്സ് തികയാനിരിക്കെയാണിത്.
തന്നെസംബന്ധിച്ചിടത്തോളം ഇത് ശ്രേഷ്ഠമായ ഒന്നാണെന്നും ഏറ്റവും അവസാനത്തിലെ ആ ചുവര്‍ തൊടാന്‍ നിശ്ചയിച്ചുറപ്പിച്ചതാണെന്നും അദ്ദേഹം പ്രതികരിച്ചു. ആര്‍പ്പുവിളിച്ച പ്രോത്സാഹിപ്പിക്കുന്ന ആരാധകരും ഒപ്പമുണ്ടായപ്പോള്‍ താന്‍ ലക്ഷ്യം കീഴടക്കാന്‍ തന്നെ തീരുമാനിച്ചെന്നും ബ്രിസ്‌ബെയ്‌നില്‍ നിന്നുള്ള ഈ അപ്പൂപ്പന്‍ പറയുന്നു. ഒരു ചരിത്രനിമിഷത്തിന് സാക്ഷ്യംവഹിച്ചെന്നായിരുന്നു നീന്തല്‍ സംഘടിപ്പിച്ച ആസ്‌ട്രേലിയന്‍ ഡോള്‍ഫിന്‍ സ്വിം ടീമിന്റെ പ്രതികരണം.
ചെറുപ്പത്തില്‍ ഒന്നാന്തരം നീന്തല്‍ക്കാരനായിരുന്ന കോറോണ്‍സ് വീണ്ടും നീന്തലിലേക്ക് തിരിച്ചുവന്നത് അദ്ദേഹത്തിന്റെ എണ്‍പതുകളിലാണ്. വ്യായാമമെന്ന നിലയിലായിരുന്നു ഇത്. 'ഞാന്‍ ഒരുനിലക്കും ചെറുപ്പക്കാരനല്ല. എന്നാല്‍ എനിക്ക് എല്ലാം ചെയ്യാന്‍ കഴിയും എന്ന ആത്മവിശ്വാസത്തോടെയാണ് കാര്യങ്ങളെ കാണാറുള്ളത്' ഇതാണ് ജോര്‍ജ് കൊറോണിന്റെ വിജയത്തിനു പിന്നിലെ രഹസ്യം.
https://www.facebook.com/Malayalivartha