7 അടി നീളമുള്ള ബ്ലാക് മാംബയെ കാറിന്റെ ബോണറ്റില്‍ നിന്നും പിടികൂടി
ദക്ഷിണാഫ്രിക്കന്‍ നഗരമായ ഡര്‍ബനില്‍ ഒരു കാറിന്റെ ബോണറ്റിനുള്ളില്‍ കണ്ട വിഷപ്പാമ്പിനെ പുറത്തെടുക്കുന്നതു വരെ അതിന്റെ ഡ്രൈവര്‍ കാറിനുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ വിസമ്മതിച്ച് അതിനുള്ളില്‍ തന്നെ കഴിച്ചു കൂട്ടിയത് മണിക്കൂറുകള്‍!
ഇങ്ങനെ കണ്ടെത്തുന്ന പാമ്പുകളെ നീക്കം ചെയ്യാന്‍ പരിശീലനം കൊടുത്ത് സ്റ്റാഫിനെ നിലനിര്‍ത്തിയിട്ടുള്ള ഒരു സംഘടനയാണ് യൂണിവേഴ്‌സല്‍ റെപ്‌റ്റൈല്‍സ്. യൂണിവേഴ്‌സല്‍ റെപ്പറ്റെല്‍സില്‍ നിന്നും വൈദഗ്ദ്ധ്യമുള്ള ജേസണ്‍ ആര്‍നോള്‍ഡ് സ്ഥലത്തെത്തിയപ്പോള്‍ കണ്ടത്, ഒരു കാറിനു അല്പം ദൂരെ മാറി ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും ആ കാറിന്റെ ഡ്രൈവര്‍സീറ്റില്‍ ഒരാള്‍ ഇരിക്കുന്നതുമാണ്. കാര്യമെന്താണെന്ന് തിരക്കിയപ്പോള്‍ സമീപത്തുള്ള ഒരു കെട്ടിടത്തില്‍ നിന്നും ഒരു പാമ്പ് താഴേക്ക് തൂങ്ങി കിടക്കുന്നത് കണ്ടുവെന്നും അതിനെ എറിഞ്ഞോടിക്കാന്‍ ശ്രമിക്കുന്നതിനിടെ അത് ഇഴഞ്ഞ് ആ കാറിനടിയിലേക്ക് പോകുന്നത് കണ്ടുവെന്നുമായിരുന്നു ആളുകളുടെ മറുപടി.
ബ്ലാക്ക് മാംബ അതീവ വിഷമുള്ള പാമ്പാണ്. അതിന്റെ കടിയേറ്റാല്‍ 20 മിനിട്ടിനുള്ളില്‍ തന്നെ കടിയേറ്റയാള്‍ മരണപ്പെടുകയും ചെയ്യും. പാമ്പ് തന്റെ കാറിനടിയിലേക്ക് ഇഴഞ്ഞു കയറിയെന്നറിഞ്ഞതോടെ പുറത്തേക്കിറങ്ങാന്‍ കാല്‍ നിലത്തുകുത്തിയാല്‍ കാറിനടിയിലുണ്ടെന്നു പറയുന്ന പാമ്പ് തന്നെ കൊത്തുമെന്ന് ഭയന്ന ഡ്രൈവര്‍ കാറിനു പുറത്തിറങ്ങാതെ അതിനുള്ളില്‍ തന്നെയിരിക്കയായിരുന്നു. കാറിന്റെ ജനാലകളെല്ലാം അയാള്‍ അടച്ച് സുരക്ഷിതമാക്കി. ഒരു കാരണവശാലും പാമ്പ് കാറിനുള്ളില്‍ കയറാതിരിക്കുവാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്ത് അയാള്‍ അതിനുള്ളില്‍ തന്നെ ഇരിപ്പ് തുടര്‍ന്നു.
ഒടുവില്‍ ആര്‍നോള്‍ഡ് സ്ഥലത്തെത്തിയതിനെ തുടര്‍ന്ന് അയാള്‍ െൈധര്യം സംഭരിച്ച് കാര്‍ തുറന്ന് പുറത്തേക്കിറങ്ങി ഓടി. കാറിനടിയിലേക്ക് ഇഴഞ്ഞു പോകുന്നതാണ് കണ്ടതെന്ന് പറഞ്ഞതിനാല്‍ നിലത്തു കിടന്നു കൊണ്ട് കാറിനടിയിലേക്ക് തല കടത്തി ആര്‍നോള്‍ഡ് പരിശോധിച്ചിട്ടും അതിനെ അവിടെ കണ്ടില്ല. കാറിനടിയില്‍ നിന്നും അത് പുറത്തേക്ക് ഇഴഞ്ഞു പോയിട്ടില്ല എന്ന് ആളുകള്‍ തറപ്പിച്ചു പറഞ്ഞതോടെ കാറിനുള്ളിലോ ബോണറ്റിനുള്ളിലോ പാമ്പ് കടന്നിട്ടുണ്ടാവുമെന്ന് ആര്‍നോള്‍ഡിനു തോന്നി. അതിനാല്‍ കാര്‍ ജനവാസ പ്രദേശത്തു നിന്നും അല്പം മാറ്റിയിടുവാന്‍ തീരുമാനിച്ച് ആര്‍നോള്‍ഡ് പോലീസിനെ വിവരമറിയിച്ചു. അവര്‍ എത്തി ജനത്തെ നിയന്ത്രിച്ചു. സിറ്റിയുടെ ഒരൊഴിഞ്ഞ കോണിലെത്തിച്ച കാര്‍ അഞ്ചു മിനിട്ടു പരിശോധിച്ചതേയുണ്ടായിരുന്നുള്ളൂ, ബോണറ്റിനുള്ളില്‍ പാമ്പിനെ കണ്ടെത്തി. ആളുകള്‍ കല്ലെറിയുകയും മറ്റും ചെയ്തതിനാല്‍ പാമ്പ് പുറത്തേക്ക് വരാന്‍ ഭയപ്പെട്ട് ഇരിക്കയായിരുന്നുവത്രേ.
സാധാരണയായി കാട്ടില്‍ മാത്രം കാണപ്പെടുന്ന ബ്ലാക്ക് മാംബ ഏറ്റവും വേഗത്തില്‍ ഇഴയാന്‍ ശേഷിയുള്ള പാമ്പാണ്. ഗ്രാമപ്രദേശത്തു നിന്നും പട്ടണത്തിലെത്തിയ ഏതെങ്കിലും കാറിനുള്ളില്‍പ്പെട്ടാവാം പാമ്പ് നഗരത്തിലെത്തിയതെന്നാണ് കരുതുന്നത്. പിന്നീട് അത് പുറത്തിറങ്ങിയപ്പോഴാവാം ആക്രമിക്കപ്പെട്ടത്. കാര്‍ മണിക്കൂറുകളോളം ഓടിയാലും അതിനുള്ളില്‍ തന്നെ അനങ്ങാതെ ഇരിക്കുകയും കാര്‍ നിര്‍ത്തുമ്പോള്‍ മാത്രം അവിടെ നിന്നും ഇഴഞ്ഞിറങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് പാമ്പിന്റെ രീതിയത്രേ. ഒടുവില്‍ പാമ്പിനെ പിടികൂടി കാട്ടിലേയ്ക്ക് വിട്ടു.
https://www.facebook.com/Malayalivartha