ഈ മാമരം ജീവിത പങ്കാളിയെ നല്‍കും!
മരം ഒരു വരം എന്ന പഴമൊഴി ശരിക്കും ജര്‍മനിയില്‍ ഉള്ളവര്‍ക്കാണ് ഫലിച്ചത്. ഇയുറ്റിലുള്ള 500 വര്‍ഷം പഴക്കമുള്ള ഒരു വൃക്ഷം സത്യത്തില്‍ ജീവിതപങ്കാളിയെ തേടുന്നവര്‍ക്കാണ് വരമാകുന്നത്. ഈ ഓക്മരം പ്രണയത്തിന്റെ മരമായതിനു പിന്നില്‍ ഒരു കഥയുണ്ട്. 1891-ല്‍ നടന്ന ആ സംഭവമാണ് ഈ മരത്തിന്റെ ചരിത്രം മാറ്റിയെഴുതിയതെന്നു പറയാം. ആ കഥ ഇങ്ങനെയാണ്.
മിന്ന എന്ന പെണ്‍കുട്ടി ചോക്ലേറ്റ് നിര്‍മാണത്തൊഴിലാളിയായിരുന്ന വിഹെല്‍മുമായി അടുപ്പത്തിലായി. എന്നാല്‍ മിന്നയുടെ പിതാവ് ഈ ബന്ധത്തെ എതിര്‍ത്തു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ക്കുള്ള എല്ലാ സഹാചര്യങ്ങളും ഇല്ലാതാക്കി. എന്നാല്‍ മിന്നയുടെയും വിഹെല്‍മിന്റെയും അടുപ്പം അവിടെത്തീര്‍ന്നില്ല. കത്തുകളിലൂടെ അവര്‍ ആശയ വിനിമയം തുടര്‍ന്നു. ഇന്നിപ്പോള്‍ താരമായിമാറിയിരിക്കുന്ന അതേ ഓക് മരത്തിന്റെ പൊത്തിലായിരുന്നു അവര്‍ തങ്ങളുടെ കത്തുകള്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി മിന്നയുടെ പിതാവ് മരപ്പൊത്തില്‍ നിന്ന് കത്തുകള്‍ കണ്ടെത്തി. പക്ഷേ, വലിയ പ്രശ്‌നമുണ്ടാകുമെന്നു കരുതിയവരെയെല്ലാം ഞെട്ടിച്ചകൊണ്ട്് അദ്ദേഹം മിന്നയുടെയും വിഹെല്‍ ്മിന്റെയും വിവാഹത്തിനു സമ്മതം മൂളി. തങ്ങളുടെ സ്‌നേഹത്തിനു കാവല്‍ നിന്ന ഓക് മരച്ചുവട്ടില്വച്ചായിരുന്നത്രേ ഇരുവരും വിവാഹിതരായത്.
എന്തായാലും അന്നുമുതല്‍ ഓക് മരം, സ്‌നേഹിക്കുന്നവരുടെ ഇഷ്ടമരമായി മാറുകയായിരുന്നു. ജീവിത പങ്കാളിയെക്കുറിച്ചു മനസിലുള്ള സങ്കല്പ്പങ്ങളും ഇഷ്ടങ്ങളും വിവരിച്ച് ആളുകള്‍ കത്തെഴുതി ഇയുറ്റിനിലെ ഈ ഓക് വൃക്ഷത്തിന്റെ മരപ്പൊത്തിലിടുന്നതു പിന്നീടങ്ങോട്ടു പതിവായി. മരം കാണാന്‍ വരുന്നവര്‍ മരപ്പൊത്തില്‌നിന്നു തനിക്കു ചേരുന്നതെന്നു തോന്നുന്ന ആളുടെ കത്തെടുത്ത് മടങ്ങും. മറുപടിക്കത്തെഴുതാനായി...
നൂറ്റാണ്ടുകളായി ഈ പതിവു തുടരുന്നു. ഓക് മരവും അതിന്റെ മരപ്പൊത്തുമൊക്കെ കീര്‍ത്തി നേടിയതോടെ കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ജര്‍മന്‍ പോസ്റ്റല്‍ വകുപ്പ് മരത്തിനു പോസ്റ്റല്‍ കോഡ് സഹിതമുള്ള മേല്‍വിലാസം നല്‍കി. അതു മാത്രമല്ല, ഓക് വൃക്ഷത്തിനു വരുന്ന കത്തുകള്‍ ശേഖരിച്ചു മരപ്പൊത്തിലിടാന്‍ മാത്രമായി ഒരു പോസ്റ്റ്മാനെയും നിയമിച്ചു.
ഇഷ്ടപങ്കാളിയെ കണ്ടെത്താന്‍ ഒട്ടേറെ ഡേറ്റിംഗ് ആപ്പുകളും സൈറ്റുകളുമുള്ള ഇക്കാലത്തും മരമുത്തശിക്കു വരുന്ന കത്തുകള്‍ക്ക് ഒട്ടും കുറവില്ലത്രേ. മരപ്പൊത്തില്‍ നിന്നു ലഭിച്ച കത്തിലൂടെ പരിചയപ്പെട്ട് ഒരുമിച്ചു ജീവിതം തുടങ്ങിയവര്‍ നന്ദിയറിയിച്ചു മരം കാണാന്‍ വീണ്ടുമെത്തുന്നതും പതിവാണ്. ചിലര്‍ വര്‍ഷങ്ങള്‍ക്കു ശേഷം കുട്ടികളുമായാണ് എത്താറുള്ളത്. എന്നിട്ട് തങ്ങളെ ഒന്നിപ്പിച്ച ആ മരപ്പൊത്ത് ആവേശപൂര്‍വ്വം അവര്‍ മക്കള്‍ക്കു കാട്ടിക്കൊടുക്കാറുമുണ്ട്.
https://www.facebook.com/Malayalivartha