ഈ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കണമെന്നില്ല പാത്രം കഴുകി കൊടുത്താല്‍ മതി!
ഒരു മലയാള ചലച്ചിത്രത്തിലെ രസകരമായ ഒരു രംഗമാണിത്. അതിലെ ഹാസ്യ കഥാപാത്രം ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം ആസ്വദിച്ചു കഴിക്കുകയാണ്. ഇടയ്ക്കിടെ തന്റെ പോക്കറ്റ് തപ്പിനോക്കുന്നുമുണ്ട്. പോക്കറ്റില്‍ തന്റെ പേഴ്‌സ് ഉണ്ടെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. ഒടുവില്‍ കൈകഴുകി എത്തി ഭക്ഷണത്തിന്റെ ബില്‍ കൊടുക്കാനായി പഴ്‌സ് തുറന്നു നോക്കിയപ്പോഴാണ് കണ്ടത്, പഴ്‌സ് മാത്രമേ ഉള്ളൂ അതിനുള്ളില്‍ വച്ചിരുന്ന കാശ് ഇല്ല എന്നത്.
തുടര്‍ന്ന് നടക്കുന്ന രംഗമാണ് രസാവഹം. ബില്‍ തുക വാങ്ങി പോകാനെത്തിയ വെയിറ്ററോട് ആ കഥാപാത്രം ചോദിക്കുന്നതിങ്ങനെയാണ്, പാത്രം കഴുകാനുള്ള സ്ഥലം എവിടെയാ... എന്ന്! ഭക്ഷണം കഴിച്ചതിന്റെ ബില്ലടക്കാനുള്ള കാശില്ലെങ്കില്‍ ആഹാരം കഴിച്ചവനെ കൊണ്ട് അടുക്കളപ്പണി ചെയ്യിച്ച് കാശ് ഈടാക്കുന്നത് കാലങ്ങളായി ഉള്ള സമ്പ്രദായമാണ്.
ജപ്പാനിലെ ടോക്യോവിലുള്ള മിറായ്‌ഷോക്കുഡോ റസ്‌റ്റോറന്റും ഇതു തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ ഒരു വ്യത്യാസമുണ്ടെന്നു മാത്രം. കൈയ്യില്‍ കാശില്ലെന്നും പകരം പണിയെടുക്കാമെന്നും മുന്‍കൂട്ടി പറയാം ഇവിടെ എന്ന സൗകര്യമുണ്ട്. ടോക്യോയിലെ ജിന്‍ബോചോ ജില്ലയിലാണ് മിറായ് ഷോകുഡോ റസ്‌റ്റോറന്റ് ഉള്ളത്. ഇവിടെ ഇതിനിടെ 500 ഓളം പേര്‍ ഭക്ഷണം കഴിച്ചിട്ട് ജോലി ചെയ്തിട്ട് പോയിരിക്കുന്നു.
സെകായ് കോബായാഷി എന്ന ഒരു 33-കാരി മുന്‍ പ്രോഗ്രാമറുടെ തലയില്‍ ഉദിച്ച ആശയമാണ് ഇത്. 2016-ല്‍ തുടങ്ങിയ ഈ റസ്‌റ്റോറന്റിന്റെ ഉദ്ദേശ്യം സാധുക്കളായവര്‍ക്ക് വന്‍കിട ഹോട്ടലുകളിലെ ഭക്ഷണം ആസ്വദിക്കാന്‍ അവസരം ഒരുക്കുക എന്നതാണ്. ഭക്ഷണം കഴിച്ചിട്ട് കാശ് കൊടുത്തിട്ട് പോകുകയോ അല്ലെങ്കില്‍ 50 മിനിട്ട് നേരത്തേക്ക് ജോലി ചെയ്തിട്ട് പോകുകയോ ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. പകല്‍ സമയങ്ങളിലാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നതെങ്കില്‍, കസ്റ്റമറുടെ അടുക്കല്‍ ചെന്ന് ഓര്‍ഡര്‍ എടുക്കുക, അവര്‍ പോയ ശേഷം മേശമേല്‍ നിന്ന് പ്ലേറ്റുകള്‍ മാറ്റുക തുടങ്ങിയവയൊക്കെയാണ് ചെയ്യേണ്ട ജോലികള്‍. രാത്രികാലത്താണ് ഭക്ഷണത്തിന് പകരം ജോലി സൗകര്യം ഉപയോഗിക്കാനെത്തുന്നതെങ്കില്‍ പാത്രം കഴുകലാണ് പ്രധാനമായും ചെയ്യേണ്ടത്.
റസ്റ്റോറന്റ് ഉടമയായ കൊബയാഷി മാത്രമാണ് ഇവിടത്തെ സ്ഥിരം ജീവനക്കാരി. വന്നു പോകുന്നവരെ വച്ചാണ് ബാക്കി കാര്യങ്ങളെല്ലാം നടത്തുന്നത്. പ്രോഗ്രാമിംഗില്‍ നിന്ന് കുക്കിംഗിലേക്ക് എത്തിയതെങ്ങിനെ എന്നതിനും വ്യക്തമായ ഉത്തരമുണ്ട് കൊബയാഷിക്ക്. പ്രോഗ്രാമിംഗ് ഫീല്‍ഡില്‍ ആയിരുന്നപ്പോള്‍ സുഹൃത്തുക്കള്‍ക്കായി ഉച്ചഭക്ഷണം ഒരുക്കി കൊണ്ടു ചെല്ലാറുണ്ടായിരുന്നു. അതേ കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങള്‍ കേട്ടുകഴിഞ്ഞപ്പോഴാണ് സ്വന്തമായി ഒരു റസ്‌റ്റോറന്റ് തുടങ്ങിയാലെന്താ എന്ന ചിന്തയിലെത്തിയത്.
അതിനുശേഷം ഒരു പ്രമുഖ റസ്റ്റോറന്റിലും മറ്റു ചിലയിടങ്ങളില്‍ നിന്നും കൊബയാഷി തൊഴില്‍ പരിശീലനം നേടിയതിനു ശേഷമാണ് സ്വന്തമായി റസ്റ്ററന്റ് തുടങ്ങിയത്. തൊഴിലന്വേഷിച്ചു നടക്കുന്ന പലര്‍ക്കും എങ്ങനെയെങ്കിലും ഒരൂ തൊഴിലില്‍ കയറിപ്പറ്റിയാല്‍ മതിയെന്ന ചിന്തയായിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍ അത് തനിക്ക് പറ്റിയ തൊഴിലല്ല എന്ന് തിരിച്ചറിയുമ്പോള്‍ ചിലപ്പോള്‍ വൈകിപ്പോയിരിക്കും. അതിനാല്‍ വ്യക്തമായ ലക്ഷ്യത്തോടെ തൊഴില്‍ മേഖല തെരഞ്ഞെടുക്കുക. ഒരു രംഗത്ത് ശോഭിക്കാന്‍ കഴിയുന്നില്ലെങ്കില്‍ തങ്ങളുടെ മറ്റ് താത്പര്യങ്ങള്‍ ഏതു മേഖലയിലാണെന്ന് സ്വയം തിരഞ്ഞു നോക്കുക. അത് തിരിച്ചറിഞ്ഞാല്‍ മറ്റെല്ലാം വിട്ടിട്ട് ധൈര്യമായി പുതിയ രംഗത്തേക്കിറങ്ങുക അതാണ് താന്‍ ചെയ്തത് എന്നാണ് കൊബയാഷി പറയുന്നത്.
https://www.facebook.com/Malayalivartha