വന്‍കുടലിന്റെ പിന്‍ഭാഗത്തു നിന്നും 100 മീന്‍മുള്ളുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു
മീന്‍ കഴിക്കാന്‍ അതീവ തത്പ്പരനായ ഒരു ചൈനക്കാരന് വല്ലാത്ത പൊല്ലാപ്പിലൂടെ കടന്നു പോകേണ്ടി വന്നു. ഇഷ്ടഭക്ഷണമായ മീന്‍ കണ്ടപ്പോള്‍ മുന്‍പിന്‍ നോക്കാതെ വാരിവലിച്ചു തിന്നു. മുള്ളുപോലും പുറത്തു കളഞ്ഞില്ല ഈ 60-കാരന്‍. അയാള്‍ വിചാരിച്ചത് മുള്ളൊക്കെ ദഹിച്ച് പിറ്റേന്ന് പുറത്തു പൊയ്‌ക്കൊള്ളും എന്നായിരുന്നു.
പക്ഷെ വിചാരിച്ചത് പോലെ നടന്നില്ല. പിറ്റേന്ന് ടോയ്‌ലറ്റില്‍ പോയപ്പോള്‍ മലം പോകുമ്പോഴെല്ലാം അതികഠിനമായ വേദന അനുഭവപ്പെട്ടു തുടങ്ങി. അല്പ നേരമൊക്കെ സഹിച്ചു നോക്കി. പിന്നീട് ഇത് സ്വന്തം കൈയ്ക്ക് ഒതുങ്ങില്ലെന്ന് മനസ്സിലായതോടെ ഡോക്ടര്‍മാരുടെ സഹായം തേടുകയായിരുന്നു.
ഉടന്‍ തന്നെ സിടി സ്‌കാനെടുത്തു നോക്കി. നൂറു കണക്കിന് മീന്‍മുള്ളുകള്‍ റെക്ടത്തി(ഗുദദ്വാരം)നടുത്ത് കൂട്ടം കൂട്ടമായി കിടക്കുന്നതാണ് കണ്ടത്. ഒടുവില്‍ രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ സൂചി പോലുള്ള നൂറോളം മുള്ളുകളാണ് മലദ്വാരത്തില്‍ നിന്നും പുറത്തെടുത്തത്.
സിയാച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ വെസ്റ്റ് ചൈന ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് ഈ 'സെഞ്ചുറി' ആദ്യ അനുഭവമായിരുന്നു. ഇതിനു മുമ്പ് അവര്‍ 10 മുള്ളുകള്‍ വരെ നീക്കം ചെയ്യേണ്ടതായി വന്നിട്ടുണ്ടെന്ന് ഒരു ഡോക്ടര്‍ പറഞ്ഞു.
ഇപ്പോഴും മുഴുവന്‍ മുള്ളുകളും നീക്കം ചെയ്തു കഴിഞ്ഞിട്ടില്ല. നൂറോളം മുള്ളൂകള്‍ മാറ്റിയതിനുശേഷം വീട്ടില്‍ പോകാനാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. സ്വാഭാവികമായി വിസര്‍ജ്യത്തിലൂടെ അവ ഇനിയെങ്കിലും പുറത്തു പോകുമോ എന്ന് പരീക്ഷിക്കാനാണ് ഇത്. വളരെ സങ്കീര്‍ണ്ണമായ പ്രക്രിയയാണ് ശരീരത്തിന്റെ ഈ ഭാഗത്തു നിന്നും മുള്ളുകള്‍ നീക്കം ചെയ്യുക എന്നത് എന്ന് ഡോക്ടര്‍ ഹുവാങ് പറഞ്ഞു. അല്പം പിഴവു വന്നാല്‍ തന്നെ ധാരാളം രക്തം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
https://www.facebook.com/Malayalivartha