മഴവില്ലിന് റെക്കോര്‍ഡ് തിളക്കം
ഏറ്റവും കൂടുതല്‍ നേരം ആകാശത്ത് നിലനിന്ന മഴവില്ലിന് ഗിന്നസ് ബുക്കിന്റെ അംഗീകാരം. സാധാരണയായി ഒരു മണിക്കൂറിലധികം സമയം മഴവില്ലുകള്‍ മാനത്ത് നില്‍ക്കാറില്ല. അതു കൊണ്ടു തന്നെ അതില്‍ കൂടുതല്‍ സമയം മാനത്തു നില്‍ക്കുന്നത് റെക്കോര്‍ഡു തന്നെ.
ചൈനീസ് തായ്‌പേയ്-ല്‍ ചൈനീസ് കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ ആകാശത്തില്‍ ഇക്കഴിഞ്ഞ നവംബര്‍ 30-നാണ് ലോക റെക്കോര്‍ഡുകാരന്‍ മഴവില്ല് വെളിപ്പെട്ടത്. അവിടത്തെ സയന്‍സ് പ്രൊഫസറായ ചൗ കുന്‍ ഹുവാനാണ് ഇത് ശ്രദ്ധിച്ചത്. 8 മണിക്കൂര്‍ 58 മിനിറ്റു നേരത്തോളം ആ മഴവില്ല് മങ്ങാതെ മായാതെ നിന്നുവത്രേ.
അടുത്ത ശനിയാഴ്ച യൂണിവേഴ്‌സിറ്റിയില്‍ വച്ചു നടത്തുന്ന ഒരു ചടങ്ങില്‍ വച്ച് മഴവില്ലിന്റെ ലോക റെക്കോര്‍ഡ് വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകാര്‍ അറിയിച്ചിട്ടുണ്ടെന്ന് തെയ്‌വാന്‍ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
1994 മാര്‍ച്ച് 14-ന് യോര്‍ക്ക്ഷയര്‍, വെതര്‍ബിയില്‍ പ്രത്യക്ഷപ്പെട്ട മഴവില്ലിന്റെ റെക്കോര്‍ഡാണ് തായ്‌പേയിലെ മഴവില്ല് തകര്‍ത്തത്. യോര്‍ക്ക്ഷയറിലെ മഴവില്ല് ആറു മണിക്കൂര്‍ നേരമാണ് നിലനിന്നത്.
മഴവില്ലുകള്‍ സാധാരണയായി ഒരു മണിക്കൂറില്‍ കൂടുതല്‍ നേരം തെളിഞ്ഞു നില്‍ക്കില്ലെന്ന് അറിയാവുന്നതു കൊണ്ട് ഒരസാധാരണ കാര്യമാണ് താന്‍ കാണുന്നതെന്ന് തനിക്കു തോന്നിയതായി സയന്‍സ് പ്രൊഫസര്‍ ചൗ, ബിബിസിയോട് പറഞ്ഞു. 4 മണിക്കൂര്‍ കഴിഞ്ഞപ്പോഴും അത് അവിടെ നിലനിന്നതിനാല്‍ ഫാക്കല്‍റ്റി അംഗങ്ങളോടും വിദ്യാര്‍ത്ഥികളോടും വിവരം പറഞ്ഞിട്ട് അതിന്റെ ചിത്രങ്ങളെടുത്ത് സൂക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവത്രേ.
6 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ തായ്‌പേയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട മഴവില്ല് ലോക റെക്കോര്‍ഡ് സമയം പിന്നിട്ടു എന്ന് തനിക്കു മനസ്സിലായിരുന്നു. അതോടെ പിന്നെ ഊണു കഴിക്കാന്‍ പോലും സീറ്റിലിരിപ്പുറച്ചില്ലെന്ന് ചൗ തുടര്‍ന്ന് പറഞ്ഞു. മഴവില്ലിന്റെ ദൃശ്യങ്ങള്‍ കൃത്യമായി പകര്‍ത്തിയിട്ടുണ്ടോ എന്നൊക്കെയായിരുന്നു ഉത്കണ്ഠയത്രേ. ഒടുവില്‍ ലോക റെക്കോര്‍ഡിന്റെ സമയം കഴിഞ്ഞും മൂന്നു മണിക്കൂറോളം ( 8മണിക്കൂര്‍ 58 മിനിട്ട്) അത് യൂണിവേഴ്‌സിറ്റിയുടെ ആകാശത്ത് തന്നെ ഉണ്ടായിരുന്നതും വല്ലാതെ സന്തോഷിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
യാങ് മിങ്ഷാന്‍ മലനിരകള്‍ക്കടുത്താണ് യൂണിവേഴ്‌സിറ്റിയുടെ പ്രധാന കെട്ടിടം സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്തെ വിന്റര്‍ മൈക്രോ ക്ലൈമറ്റാണ് മഴവില്ല് ദീര്‍ഘനേരം ആകാശത്ത് തുടരാന്‍ ഇടയാക്കിയതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. വടക്കു കിഴക്കന്‍ മണ്‍സൂണ്‍ ഉണ്ടാക്കുന്ന മേഘങ്ങളും താരതമ്യേന കുറഞ്ഞ സൂര്യപ്രകാശം, കാറ്റിന്റെ വേഗത എന്നിവയാണ് റെക്കോര്‍ഡ് സമയത്തോളം മഴവില്ലിനെ ആകാശത്ത് ദൃശ്യമാക്കിയതത്രേ.
https://www.facebook.com/Malayalivartha